ഓർമകളുടെ ട്രാക്കിൽ ലിഡിയ ഡി വേഗ റാണി

കോഴിക്കോട്: പേരിൽതന്നെ മലയാളത്തിന്‍റെ 'വേഗ'മുണ്ടായിരുന്ന അത്ലറ്റായിരുന്നു ബുധനാഴ്ച രാത്രി അന്തരിച്ച ലിഡിയ ഡി വേഗ. ട്രാക്കിൽ സ്പ്രിന്‍റ്റാണി പി.ടി. ഉഷയുടെ കടുത്ത എതിരാളിയായിരുന്ന ഈ ഫിലിപ്പീൻസുകാരിയെ അത്ലറ്റിക്സ് പ്രേമികൾ വെറുത്തിരുന്നില്ല. പി.ടി. ഉഷയും ട്രാക്കിന് പുറത്ത് ലിഡിയയുമായി അടുത്ത സൗഹൃദം പുലർത്തി. തന്നെ അത്ലറ്റിക്സിലേക്ക് വഴിതിരിച്ചുവിട്ട അമ്മാവന്‍റെ മകൾക്ക് ലിഡിയ എന്നാണ് പേര് നൽകിയത്.

1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ പി.ടി. ഉഷയെ തോൽപിച്ച് 18കാരിയായ ലിഡിയ 100 മീറ്ററിൽ സ്വർണം നേടിയത് മുതലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത്. ഡൽഹി ഏഷ്യൻ ഗെയിംസിന് ശേഷം സ്വർണനേട്ടക്കാരിയായ ലിഡിയയും വെള്ളി നേടിയ ഉഷയും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. അന്ന് 200 മീറ്ററിൽ പേശിവലിവ് കാരണം ലിഡിയ പിന്മാറുകയായിരുന്നു. ജപ്പാന്‍റെ ഹിരോമി ഇസോസാക്കിക്കായിരുന്നു സ്വർണം. പിന്നീട് ആ ദശകം മുഴുവനും ഏഷ്യൻ തലത്തിൽ ഉഷയും ലിഡിയയും പരസ്പരം പോരാടി.

ഉഷക്ക് മുമ്പേ ഏഷ്യൻതലത്തിൽ ശ്രദ്ധേയ താരമായി ലിഡിയ ഉയർന്നുവന്നിരുന്നു. 1985ലെ ജകാർത്ത ഏഷ്യൻ അത്ലറ്റിക്സിൽ 100 മീറ്ററിലടക്കം ഉഷ ലിഡിയയെ തോൽപിച്ചിരുന്നു. അന്ന് ഉഷയെ കൂടുതൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള ശ്രമം ലിഡിയയുടെ പിതാവ് നടത്തിയിരുന്നു. എന്നാൽ, കോച്ച് ഒ.എം. നമ്പ്യാർ ഈ നീക്കങ്ങൾ വകവെച്ചിരുന്നില്ല.

1986ലെ സോൾ ഏഷ്യൻ ഗെയിംസിലായിരുന്നു ലിഡിയയും ഉഷയും തമ്മിലുള്ള അടുത്ത പോരാട്ടം. നാല് സ്വർണം നേടിയ ഉഷ സോളിൽ 100 മീറ്ററിൽ ലിഡിയക്ക് മുന്നിൽ കീഴടങ്ങി. 1987ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്ററിൽ ലിഡിയ സ്വർണം നേടിയിരുന്നു.

ലിഡിയയുടെ നിര്യാണത്തിൽ ഏറെ ദുഃഖമുണ്ടെന്ന് ഉഷ ട്വിറ്ററിൽ കുറിച്ചു. കടുത്ത എതിരാളിയും അടുത്ത സുഹൃത്തുമായിരുന്നു ലിഡിയ. ജീവിതത്തിൽ ചാമ്പ്യനായിരുന്നു ലിഡിയയെന്നും ഉഷ കൂട്ടിച്ചേർത്തു.

Tags:    
News Summary - Lydia de Vega is queen on the track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.