തിരുവനന്തപുരം: ഗ്ലാസ്‌ഗോ 2026 കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒളിമ്പ്യൻ എം. ശ്രീശങ്കറിനെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ശ്രീശങ്കറിന്റെ നേട്ടത്തിലൂടെ കേരളത്തിന്റെ കായിക ചരിത്രത്തിൽ മറ്റൊരു സുവർണ അധ്യായമാണ് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫോൺ സംഭാഷണത്തിനിടെ, കേരളത്തിന്റെ കായിക മേഖലയ്ക്ക് കൂടുതൽ ശക്തിപകരണമെന്ന് ശ്രീശങ്കർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ കായികമേഖലയുടെ വളർച്ചയ്ക്കും പുരോഗതിക്കും വികസനത്തിനും സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയും പ്രാധാന്യവും നൽകുമെന്ന് അദ്ദേഹം ശ്രീശങ്കറിന് ഉറപ്പുനൽകി.
പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലിൽ 8.09 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ജമൈക്കയുടെ താജയ് ഗെയ്‌ലിനാണ് ഈ ഇനത്തിൽ സ്വർണം. സ്കോട്ട്ലൻഡിന്റെ സ്റ്റീഫൻ മക്കെൻസി 8.08 മീറ്റർ ദൂരത്തോടെ വെങ്കല മെഡൽ നേടി.
തുടർച്ചയായ രണ്ടാം കോമൺവെൽത്ത് ഗെയിംസിലാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടുന്നത്. 2022ലെ ബർമിങ്ങാം ഗെയിംസിന് പിന്നാലെ 2026-ലും വെള്ളി നേടിയതോടെ, കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പിൽ 'ബാക്ക് ടു ബാക്ക്' (രണ്ട് മെഡലുകൾ) മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര റെക്കോർഡും ഈ പാലക്കാട്ടുകാരൻ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.