കളിച്ചുതളർന്നു; ഇനിയെങ്കിലും ജോലി?

തിരുവനന്തപുരം: ഇന്ത്യൻ താരം, ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി കളിച്ച ആദ്യ മലയാളി, കേരള ഹാൻഡ്ബാൾ ടീം മുൻ ക്യാപ്റ്റൻ, 35ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ നായകൻ ഇങ്ങനെ നിരവധി വിശേഷണങ്ങൾ എസ്. ശിവപ്രസാദിനുണ്ട്. പക്ഷേ വിശേഷങ്ങൾക്കപ്പുറം ജീവിതത്തിൽ ഒന്നുമല്ലാതായിക്കൊണ്ടിരിക്കുന്ന കായികതാരങ്ങളിലൊരാളാണ് ഇന്ന് ഈ നരുവാമൂട് സ്വദേശി. 10ാം വയസ്സിൽ ബാളുമായി കോർട്ടിൽ ഇറങ്ങിയ ശിവപ്രസാദ് ഈ 32ാം വയസ്സിലും കളത്തിലുണ്ട്്, ഒരു സർക്കാർ ജോലിയെന്ന സ്വപ്നവുമായി.

കഴിഞ്ഞ 22 വർഷമായി ഹാൻഡ് ബാളാണ് ശിവപ്രസാദിന്‍റെ ശ്വാസം. സബ് ജൂനിയർ, ജൂനിയർ നാഷനൽ, സ്കൂൾ നാഷനൽ, സീനിയർ നാഷനൽ തുടങ്ങിയ കളിജീവിതം 35ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ നായക സ്ഥാനത്തേക്കാണ് ശിവപ്രസാദിനെ കൊണ്ടെത്തിച്ചത്. ദേശീയ മീറ്റുകളിൽ കേരളത്തിലായി ഉജ്ജ്വല പ്രകടനം പുറത്തെടുത്തതോടെ 2019ൽ ഉസ്ബക്കിസ്ഥാനിൽ നടന്ന ഇൻഡിപ്പെഡൻറ് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചു. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി നടത്തിയ മിന്നുംപ്രകടനം ആവർത്തിച്ചതോടെ ഈ വലംകൈയൻ ലഫ്റ്റ് ബാക്കിനെ കഴിഞ്ഞ ജനുവരിയിൽ സൗദിയിൽ നടന്ന ഇരുപതാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിലേക്കും ഇന്ത്യൻ ടീം വിളിച്ചു.

ഇതോടെ ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ മലയാളിെയന്ന ഖ്യാതിയും ഈ 32കാരന്‍റെ പേരിലായി. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് 50ഓളം ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മികച്ച പ്രകടനം നടത്തിയിട്ടും സംസ്ഥാനവും മാറി മാറി വന്ന സർക്കാറുകളും യാതൊരു പരിഗണനയും തനിക്ക് നൽകിയില്ലെന്ന പരിഭവം ഈ ദേശീയതാരത്തിനുണ്ട്. 2009ൽ വരെ ഹാൻഡ്ബാളിൽ മികച്ച നേട്ടം കൊയ്തവരെ സ്പോർട്സ് ക്വോട്ടയിലൂടെ സർക്കാർ സർവിസിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 2010 മെഡൽ നേടുന്ന ടീം അംഗങ്ങൾക്ക് മാത്രമായി ജോലി ഒതുക്കിയതോടെ ശിവപ്രസാദിന് മുന്നിൽ വാതിലുകൾ അടഞ്ഞു. ടൂർണമന്‍റെുകളിൽ മികച്ച വ്യക്തിഗത പ്രകടനം നടത്തിയിട്ടും ടീം പരാജയപ്പെടുന്നതോടെ ഒറ്റക്ക് നേടിയ നേട്ടങ്ങളെല്ലാം സർക്കാറിനും സ്പോർട്സ് കൗൺസിലിനും ഒന്നുമല്ലാതായി മാറി. ഫുട്ബാൾ താരം സി.കെ. വിനീതിെന ഐ.എസ്.എല്ലിൽ നടത്തിയ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ പൊതുഭരണവകുപ്പിൽ നിയമിച്ച ഇടത് സർക്കാർ ശിവപ്രസാദിന്‍റെ നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.