ആലപ്പുഴ: ആലപ്പുഴ വൈ.എം.സി.എ പി.ഒ. ഫിലിപ്പ് മെമ്മോറിയൽ ബാസ്കറ്റ്ബോൾ ഇൻഡോർ കോംപ്ലക്സിൽ നടന്ന മൂന്നാമത് ജോൺസ് അംബ്രല്ല - കരിക്കമ്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസ് (ഗേൾസ്), കുന്നംകുളം ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് (ബോയ്സ്) എന്നിവർ കിരീടം ചൂടി. മൂന്ന് ദിവസം നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ മികച്ച സ്കൂൾ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന് സമാപനമായത്.
വനിതാ വിഭാഗം ഫൈനലിൽ കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിനെ 47–44 എന്ന സ്കോറിനാണ് പ്രൊവിഡൻസ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 13 പോയിന്റുകൾക്ക് പിന്നിലായിരുന്ന പ്രൊവിഡൻസ്, അവസാന ക്വാർട്ടറിലെ തകർപ്പൻ പ്രകടനത്തോടെയാണ് കളി അനുകൂലമാക്കിയത്.
ആദ്യ പകുതിയിൽ മൗണ്ട് കാർമൽ 23-17 നും മൂന്നാം ക്വാർട്ടറിൽ 38-29 നും മുന്നിലായിരുന്നു. എന്നാൽ നാലാം ക്വാർട്ടറിൽ 18-6 എന്ന സ്കോറിന് ആധിപത്യം പുലർത്തിയ പ്രൊവിഡൻസ് വിജയം പിടിച്ചെടുത്തു. പ്രൊവിഡൻസിനായി ക്യാപ്റ്റൻ ശ്രീയ, തീർത്ഥ എന്നിവർ 9 പോയിന്റ് വീതവും ശിവേന്ദു 8 പോയിന്റും നേടി. മൗണ്ട് കാർമലിനായി ക്യാപ്റ്റൻ അദീന ജോൺസൺ 22 പോയിന്റും 15 റീബൗണ്ടുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഷെർലിൻ 8 പോയിന്റ് നേടി.
ആൺകുട്ടികളുടെ ഫൈനലിൽ കോട്ടയം ഗിരിദീപം ബെഥനി എച്ച്.എസ്.എസിനെ 75–50 എന്ന സ്കോറിന് തകർത്ത് കുന്നംകുളം ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. ആദ്യ ക്വാർട്ടർ മുതൽ തന്നെ കുന്നംകുളം മത്സരത്തിൽ ആധിപത്യം പുലർത്തി (20-10).
ഹാഫ് ടൈമിൽ കുന്നംകുളം 39-30 ന് മുന്നിലായിരുന്നു. അവസാന ക്വാർട്ടറിൽ ഗിരിദീപത്തെ വെറും 4 പോയിന്റിൽ തളച്ചിട്ട കുന്നംകുളം 18 പോയിന്റുകൾ നേടി 25 പോയിന്റിന്റെ വമ്പൻ വിജയം ഉറപ്പിച്ചു. കുന്നംകുളം ക്യാപ്റ്റൻ മുഹമ്മദ് ഹാറൂൺ 39 പോയിന്റും 16 റീബൗണ്ടുകളുമായി തകർപ്പൻ ഡബിൾ-ഡബിൾ പ്രകടനം പുറത്തെടുത്തു. ആദിൻ 18 പോയിന്റ് നേടി. ഗിരിദീപത്തിനായി അൽബിൻ 15 പോയിന്റും അഭിനവ് 13 പോയിന്റും നേടി.
വൈ.എം.സി.എ ആലപ്പുഴ പ്രസിഡന്റിന്റെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ജോൺസ് അംബ്രല്ല മാനേജിംഗ് ഡയറക്ടർ ഡോ. എബ്രഹാം തയ്യിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ (KBA) പ്രസിഡന്റ് ശ്രീ. ജേക്കബ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് മൈക്കൽ മത്തായി, ജനറൽ സെക്രട്ടറി എബ്രഹാം കുരുവിള, സ്പോർട്സ് കമ്മിറ്റി ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു എബ്രഹാം എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
വിജയികളായ പ്രൊവിഡൻസ് എച്ച്.എസ്.എസ് പെൺകുട്ടികളുടെ ടീം ജോസഫ് അലക്സ് ആൻഡ് അച്ചാമ്മ അലക്സ്, തേവർകാട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സ്വന്തമാക്കി. മൗണ്ട് കാർമൽ എച്ച്.എസ്.എസ് ഗ്രീനർ എന്റർപ്രൈസസ് ട്രോഫിയും, ഗിരിദീപം ബെഥനി എച്ച്.എസ്.എസ് ആൽഫ ജീനിയസ് എവർ റോളിംഗ് ട്രോഫിയും ഏറ്റുവാങ്ങി.
ഫൈനൽസ്
ഗേൾസ്: പ്രൊവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോട്: 47 (ശ്രീയ 9, തീർത്ഥ 9) - മൗണ്ട് കാർമൽ എച്ച്.എസ്.എസ് കോട്ടയം: 44 (അദീന ജോൺസൺ 22)
ബോയ്സ്: ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് കുന്നംകുളം: 75 (മുഹമ്മദ് ഹാറൂൺ 39, ആദിൻ 18) - ഗിരിദീപം ബെഥനി കോട്ടയം: 50 (അൽബിൻ 15, അഭിനവ് 13)
സെമി ഫൈനൽസ്
ഗേൾസ് വിഭാഗം: മൗണ്ട് കാർമൽ എച്ച്.എസ്.എസ് കോട്ടയം: 73 (ആമി ജോൺസൺ 28, ഡെന്നിയ ഡിമൽ 18, അന്ന 12) - ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്.എസ്.എസ് കൊരട്ടി: 64 (അന്ന 17, സൂര്യ ഗായത്രി 16, ലക്ഷ്മി 12)
ബോയ്സ് വിഭാഗം: ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് കുന്നംകുളം: 63 (മുഹമ്മദ് ഹാറൂൺ 22, ആദിൻ 19, അരുൺ 10) - സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്: 44 (തന്മയ് 11, മുഹമ്മദ് സിനാൻ 10)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.