ഏഷ്യൻ ഗെയിംസും ഡയമണ്ട് ലീഗും നഷ്ടമാകും; പരിക്കേറ്റ നീരജ് ചോപ്ര ഈ സീസണിൽ ഇനി മത്സരിക്കില്ല

പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ അഭിമാന താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ നീരജ് ചോപ്ര ഈ വർഷത്തെ ബാക്കി മത്സരങ്ങളിൽ നിന്ന് പിന്മാറി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസും ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലും താരത്തിന് നഷ്ടമാകും. പരിശീലനത്തിനിടെ കണങ്കാലിന് ലിഗമെൻ്റ് ടിയർ സംഭവിച്ചുവെന്നും ഡോക്ടർമാരുടെയും ടീമിന്റെയും ഉപദേശപ്രകാരമാണ് പിന്മാറ്റമെന്നും നീരജ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

"കഠിനാധ്വാനത്തിന് ശേഷം, ലൊസാനിൽ ഈ സീസണിലെ മികച്ച പ്രകടനത്തോടെ ഞാൻ എന്റെ പഴയ താളം കണ്ടെത്തിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അതിനുശേഷം പരിശീലനത്തിനിടെ എന്റെ കണങ്കാലിന് ലിഗമെൻ്റ് ടിയർ സംഭവിച്ചു. ഡോക്ടറുമായും ടീമുമായും നടത്തിയ ചർച്ചകൾക്ക് ശേഷം ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു," ചോപ്ര വ്യക്തമാക്കി.

"താളം കണ്ടെത്തിയതിന് പിന്നാലെയുണ്ടായ ഈ പരിക്ക് നിരാശാജനകമാണ്. എന്നാൽ തിരിച്ചടികൾ യാത്രയുടെ ഭാഗമാണല്ലോ. നന്നായി സുഖം പ്രാപിക്കുന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതിലുമാണ് ഇപ്പോൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി," നീരജ് കൂട്ടിച്ചേർത്തു.

പരിക്കുകൾ കാരണം സീസണിന്റെ തുടക്കത്തിൽ ബുദ്ധിമുട്ടിയ ചോപ്ര ജൂണിൽ നടന്ന ദോഹ ഡയമണ്ട് ലീഗിലൂടെയാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. ദോഹയിൽ 85.69 മീറ്റർ ദൂരമെറിഞ്ഞ് അദ്ദേഹം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. തുടർന്ന് ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 85.83 മീറ്റർ ദൂരമെറിഞ്ഞ് വെള്ളി മെഡൽ നേടി. 89.75 മീറ്റർ കണ്ടെത്തിയ ശ്രീലങ്കയുടെ റുമേഷ് പതിരഗെയ്ക്കായിരുന്നു സ്വർണം.

പിന്നീട് ലൊസാനിൽ നടന്ന ഡയമണ്ട് ലീഗിലും നീരജ് രണ്ടാമതെത്തിയിരുന്നു. ഈ സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനമായ 88.05 മീറ്ററാണ് താരം അവിടെ കുറിച്ചത്. അവിടെയും 88.19 മീറ്ററുമായി ശ്രീലങ്കൻ താരം റുമേഷ് പതിരഗെ ഒന്നാമതെത്തി. വെറും രണ്ട് ഡയമണ്ട് ലീഗ് മത്സരങ്ങളിൽ നിന്ന് 12 യോഗ്യതാ പോയിന്റുകൾ നേടിയ ചോപ്ര സെപ്റ്റംബർ 5-ന് ബ്രസൽസിൽ നടക്കേണ്ട ഫൈനലിന് യോഗ്യത നേടിയിരുന്നു. നീരജിന്റെ അസാന്നിധ്യത്തിൽ റുമേഷ് പതിരഗെ തന്നെയാകും ഡയമണ്ട് ലീഗ് ഫൈനലിലും വരാനിരിക്കുന്ന പ്രധാന മത്സരങ്ങളിലും ഫേവറിറ്റ്.

Tags:    
News Summary - Neeraj Chopra Out for Season After Ligament Tear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.