സൂര്യകുമാർ യാദവ്
മുംബൈ: ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലെ അമ്പരപ്പും മാനസിക വിഷമങ്ങളും തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്. തന്റെ നേതൃത്വത്തിൽ ഒരു പരമ്പര പോലും തോൽക്കാതെ ലോകകപ്പും ഏഷ്യാ കപ്പും നേടിയിട്ടും എന്തുകൊണ്ടാണ് ടീമിൽ നിന്ന് മാറ്റിയതെന്ന് തുടക്കത്തിൽ മനസ്സിലായില്ലെന്നും, 'ഇത് എങ്ങനെ സംഭവിക്കും' എന്ന് ചിന്തിച്ച് ഒന്നര മാസത്തോളം വീട്ടിലിരിക്കേണ്ടി വന്നെന്നും സൂര്യകുമാർ യാദവ് വെളിപ്പെടുത്തി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.
തന്റെ ബാറ്റിംഗ് ഫോമിലെ മങ്ങലായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ടീം പ്രഖ്യാപനത്തിന് രണ്ടുമൂന്ന് ദിവസം മുൻപ് തന്നെ കാര്യങ്ങൾ സെലക്ടർമാർ വിളിച്ച് അറിയിച്ചിരുന്നുവെന്നും 'ടീമിന് ഇനി മുന്നോട്ട് പോകേണ്ടതുണ്ട്' എന്നാണ് അവർ വ്യക്തമാക്കിയതെന്നും സൂര്യകുമാർ പറഞ്ഞു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശ്രേയസ് അയ്യരെ പുതിയ നായകനായി പ്രഖ്യാപിച്ചതിനെ പൂർണമായി ബഹുമാനിക്കുന്നുവെന്നും അയ്യർ മികച്ച കളിക്കാരനും ക്യാപ്റ്റനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളോട് തർക്കിക്കാനോ അതൃപ്തി പ്രകടിപ്പിക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും, ഭാവിയിലേക്കുള്ള തീരുമാനമായതിനാലാണ് ശാന്തനായി പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സമയത്തും വീണ്ടും രാജ്യത്തിനായി കളിക്കാൻ താൻ പൂർണ സജ്ജനാണെന്നും വിളി വരുമ്പോൾ കളിക്കളത്തിൽ തിരിച്ചെത്തുമെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ടീം പ്രഖ്യാപനത്തിൽ തന്റെ പേര് കാണാത്തപ്പോൾ താൻ പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ പറഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തനായിരിക്കുക എന്നത് തന്റെ കരിയറിലുടനീളം പിന്തുടരുന്ന ശൈലിയാണ്. 2026-ലെ ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഒളിമ്പിക്സും അടുത്ത ലോകകപ്പും മുന്നിൽക്കണ്ട് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ കഴിയുമെന്നായിരുന്നു താൻ കരുതിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ വ്യക്തിഗത ചിന്തകളും സെലക്ടർമാരുടെ പദ്ധതികളും വ്യത്യസ്തമായിരിക്കാമെന്നും ടീമിന്റെ ഭാവിയെക്കരുതി അവർ എടുത്ത തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്ത് തന്റെ ബാറ്റിംഗ് ഫോമിൽ ഇടിവുണ്ടായതും ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതുമാണ് മാറ്റത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, കഠിനാധ്വാനം തുടർന്ന് വീണ്ടും ദേശീയ ടീമിലേക്ക് ശക്തമായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.