ആലപ്പുഴ സായ് കേന്ദ്രത്തിൽ നടന്ന ദേശീയ ഇൻഡോർ റോവിങ് ചാമ്പ്യൻഷിപ്പിലെ പാരാവിഭാഗം മത്സരത്തിൽനിന്ന്
ആലപ്പുഴ: സായ് കേന്ദ്രത്തിൽ ആരംഭിച്ച ദേശീയ റോവിങ് ഇൻഡോർ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഹരിയാന മുന്നിൽ. 10 ഇനം പൂർത്തിയായപ്പോൾ ഹരിയാന നാല് സ്വർണം നേടി. രണ്ട് സർണവും ഒരു വെള്ളിയും ഉൾപ്പെടെ പശ്ചിമബംഗാളാണ് രണ്ടാമത്. ഒന്നുവീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ ഏഴ് മെഡലുകളുമായി പോയന്റ് പട്ടികയിൽ മൂന്നാമതാണ് കേരളം. രാജസ്ഥാൻ, ആർമി, ആൻഡമാൻ ടീമുകളാണ് നാല് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ.
ഞായറാഴ്ച പാരാവിഭാഗം മത്സരങ്ങളാണ് നടന്നത്. പാരാ റോവിങ് മൂന്ന് പുരുഷവിഭാഗത്തിൽ ആർമിയുടെ കെ. നാരായണയും വനിത വിഭാഗത്തിൽ രാജസ്ഥാന്റെ അനിതയും വിജയികളായി. ജൂനിയർ വിമൻ 2000 മീ. വ്യക്തിഗത വിഭാഗത്തിൽ കേരളത്തിനായി ആലപ്പുഴ സായി താരം കെ. ഗൗരിനന്ദ സ്വർണം നേടി. വിമൻ 2000 മീ. വ്യക്തിഗത വിഭാഗത്തിൽ ആലപ്പുഴ സായി താരം സാനിയ ജെ. കൃഷ്ണൻ കേരളത്തിനായി വെള്ളിയും നേടി. ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ വനിതകളിൽ സ്വർണം നേടിയ അമൃത മിഞ്ജും ആലപ്പുഴ സായിയിലെ താരമാണ്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. റോവിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബാലാജി മരദപ്പ അധ്യക്ഷത വഹിച്ചു. സായ് ആലപ്പുഴ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ പി.എഫ്. പ്രേംജിത് ലാൽ, കേരള റോവിങ് അസോസിയേഷൻ സെക്രട്ടറി ജി. ശ്രീകുമാരക്കുറുപ്പ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ. റിയാസ്, ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.