ഗ്ലെൻ ഫിലിപ്സിന്‍റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ

ഗ്ലെൻ ഫിലിപ്സിന്‍റെ ഫിഫ്റ്റി പാഴായി; റൺമല താണ്ടാനാകാതെ കിവീസ്, ഇന്ത്യക്ക് 48 റൺസ് വിജയം

നാഗ്പുർ: ന്യൂസിലൻഡിനെതിരെയുള്ള ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്‍റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 239 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്‍റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സാണ് (78) സന്ദർശകരുടെ ടോപ് സ്കോറർ. മാർക് ചാപ്മാൻ (39), ഡാരിൽ മിച്ചൽ (28) ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (20*) എന്നിവർ പൊരുതി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വീതം വിക്കറ്റുകൾ നേടി. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് കിവീസ് തുടങ്ങിയത്. കോൺവേ സംപൂജ്യനായി മടങ്ങിയപ്പോൾ, രചിൻ രവീന്ദ്രക്ക് ഒറ്റ റൺ മാത്രമാണ് നേടാനായത്. ടിം റോബിൻസൻ 21 റൺസുമായി പുറത്തായി. തുടക്കത്തിൽ ക്ഷമയോടെ കളിച്ച ഗ്ലെൻ ഫിലിപ്സ് ഒരുഘട്ടത്തിൽ സ്കോറിങ് ടോപ് ഗിയറിലാക്കിയതോടെ കിവീസിന് നേരിയ ജയപ്രതീക്ഷയുയർന്നു. 40 പന്തിൽ 78 റൺസ് നേടിയ താരത്തെ അക്സർ പട്ടേൽ ശിവം ദുബെയുടെ കൈകളിലെത്തിക്കുകയായിരുന്നു. മധ്യനിരയിലെ താരങ്ങളും രക്ഷാപ്രവർത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ റൺമല താണ്ടാനായില്ല. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണതും സന്ദർശകർക്ക് തിരിച്ചടിയായി.

വമ്പൻ സ്കോറടിച്ച് ടീം ഇന്ത്യ 

കിവീസിനു മുന്നിൽ 239 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമാണ് ആതിഥേയർ ഉയർത്തിയത്. അർധ സെഞ്ച്വറി നേടിയ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 35 പന്തിൽ എട്ട് സിക്സും അഞ്ച് ഫോറും സഹിതം 84 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32), ഹാർദിക് പാണ്ഡ്യ (25), റിങ്കു സിങ് (44) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 238 റൺസ് നേടിയത്. ന്യൂസിലൻഡിനായി ജേക്കബ് ഡഫിയും കൈൽ ജാമിസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർ സഞ്ജു സാംസണെയും (10) ഇഷാൻ കിഷനെയും (8) തുടക്കത്തിലേ പുറത്താക്കി ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ ഒരറ്റത്ത് അഭിഷേക് നിലയുറപ്പിച്ച് കളിച്ചതോടെ സ്കോറുയർന്നു. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 99 റൺസിന്‍റെ നിർണായക പാർട്നർഷിപ് പടുത്തുയർത്തി. 11-ാം ഓവറിൽ സാന്‍റനർക്ക് വിക്കറ്റ് സമ്മാനിച്ച് സൂര്യ മടങ്ങുമ്പോൾ സ്കോർ 126. 22 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 32 റൺസ് നേടിയാണ് ഇന്ത്യൻ നായകൻ പുറത്തായത്.

സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന അഭിഷേക് 12-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. അൽപം ക്ഷമിച്ചിരുന്നെങ്കിൽ മൂന്നക്കം തികക്കാമായിരുന്ന അവസരം പാഴാക്കി താരം മടങ്ങുമ്പോൾ സ്കോർ 149. 22 പന്തിൽ അർധ ശതകം പിന്നിട്ട അഭിഷേക്, അതിവേഗ ഫിഫ്റ്റിയിൽ റെക്കോഡ് കുറിച്ചു. 25 അല്ലെങ്കിൽ അതിൽ താഴെ പന്തുകളിൽ എട്ടാം തവണയാണ് അന്താരാഷ്ട്ര ടി20യിൽ അഭിഷേക് അർധ സെഞ്ച്വറി നേടുന്നത്. ഹാർദിക് പാണ്ഡ്യ 25 റൺസ് നേടിയപ്പോൾ ശിവം ദുബെ (9), അക്സർ പട്ടേൽ (5) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ റിങ്കു സിങ് (20 പന്തിൽ 44) തകർത്തടിച്ചതോടെ സ്കോർ 230 കടന്നു.

ഫെബ്രുവരിയിലെ ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലാണ് അഞ്ച് മത്സര പരമ്പര. കിവികൾക്കെതിരെ ഏകദിന പരമ്പര നഷ്ടമായ ക്ഷീണം കൂടി ചേരുമ്പോൾ സൂര്യകുമാർ യാദവിനും സംഘത്തിനും അഭിമാനപ്പോരാട്ടമാണിത്. ജനുവരി 23ന് റായ്പുരിലും 25ന് ഗുവാഹതിയിലും 28ന് വിശാഖപട്ടണത്തും 31ന് തിരുവനന്തപുരം കാര്യവട്ടത്തുമാണ് ബാക്കി മത്സരങ്ങൾ.

Tags:    
News Summary - India vs New Zealand | 1st T20I | Abhishek Sharma | Rinku Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.