കണ്ണൂര്‍: കാൽപന്ത് കളിക്കു പിന്നാലെ കണ്ണൂരിന്റെ മണ്ണിൽ ഓടിയ ബാലൻ പിന്നീട് ഹോക്കിയിലേക്ക് വഴിമാറുകയായിരുന്നു. അവിടെയും ഗോള്‍വല കാത്ത് രാജ്യത്തിനുവേണ്ടി ഒളിമ്പിക്സ് മെഡല്‍ നേടിയപ്പോഴാണ് മാനുവല്‍ ഫ്രെഡറിക്കിനെ പലരും തിരിച്ചറിഞ്ഞത്. ഹോക്കിയിൽ ഗോള്‍മുഖത്തെ കടുവ എന്ന പേരിലാണ് മാനുവല്‍ ഫ്രെഡറിക് അറിയപ്പെട്ടത്.
1947 ഒക്ടോബര്‍ 20ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് ജനനം. കോമണ്‍ വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. കണ്ണൂരിലെ ബി.ഇ.എം.പി യു.പി സ്കൂളിൽ ഫുട്ബാള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്. 15ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന അദ്ദേഹത്തെ മികച്ച ഹോക്കി താരമാക്കിത്തീര്ത്തത് സര്‍വിസസ് ക്യാമ്പില്‍ ലഭിച്ച പരിശീലനമാണ്. 17ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു. 1971ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായി. തൊട്ടടുത്ത വര്‍ഷം മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യയെ വെങ്കല മെഡല്‍ ജേതാക്കളാക്കുന്നതില്‍ മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവ് നിര്‍ണായക പങ്കുവഹിച്ചു.
അന്നത്തെ മിന്നും പ്രകടനം ആസ്വദിച്ച ധ്യാൻചന്ദ് നേരിട്ടിറങ്ങിവന്ന് മാനുവല്‍ ഫ്രെഡറിക്കിനെ പ്രണമിച്ച് അഭിനന്ദിക്കുകയായിരുന്നു. 1977ൽ ലാഹോറിൽ നടന്ന ഇന്ത്-പാക് പരമ്പര മത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച മാനുവലിന് പാകിസ്താൻ ഉപഹാരം നൽകിയതും ചരിത്രം. കളിയിൽ പാകിസ്താന്റെ മധ്യനിര മുന്നേറ്റ താരം ഹനീഫ് ഖാൻ വെടിയുണ്ട പോലെ ഗോൾ പോസ്റ്റിലേക്ക് തൊടുത്തുവിട്ട പന്ത് സ്റ്റിക്ക് ഉയർത്താൻപോലും സമയമെടുക്കാതെ മാനുവല്‍ തന്റെ നെറ്റിത്തടം കൊണ്ട് തടഞ്ഞത് ശ്വാസമടക്കി പിടിച്ചാണ് ആയിരക്കണക്കായ പാകിസ്താൻ കാണികൾ വീക്ഷിച്ചത്.
പരമ്പര ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നെങ്കിലും മാനുവൽ ഫ്രെഡറിക്കിന്റെ ധീരോദാത്തമായ പ്രകടനത്തിനാണ് അന്ന് ഉപഹാരം നൽകിയത്. അന്ന് അദ്ദേഹത്തിന്റെ നെറ്റിയിലുണ്ടായ മുഴ ജീവിതാന്ത്യംവരെ നില നിൽക്കുകയും ചെയ്തു. എങ്കിലും രാജ്യത്തിനുവേണ്ടി ഒളിമ്പിക്സ് മെഡല്‍ നേടിയ മാനുവലിന് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചതുമില്ല. അന്ന് വെങ്കലം നേടിയ ടീമിലെ എട്ടുപേര്‍ക്ക് രാജ്യം അര്‍ജുന അവാര്‍ഡും രണ്ടുപേര്‍ക്ക് പത്മഭൂഷണും നല്കിയപ്പോള് മാനുവലിനെ തേടി ബഹുമതികള്‍ എത്തിയില്ല. ഒടുവിലാണ് ധ്യാന്‍ചന്ദ് പുരസ്കാരം ലഭിച്ചത്.
16 ദേശീയ ചാമ്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. ബര്‍ണശ്ശേരിയിലെ വാടക വീട്ടിലായിരുന്നു ഒളിമ്പ്യന്‍ ദീര്‍ഘകാലം താമസിച്ചത്. പിന്നീട് സർക്കാർ അനുവദിച്ച അഞ്ചു സെന്റിൽ 2019ലാണ് വീടുപണി പൂര്‍ത്തിയാക്കിയത്. അസുഖബാധിതനായതിനെത്തുടര്‍ന്ന് മാനുവല്‍ ബംഗളൂരുവിൽ മകള്‍ക്കൊപ്പമായിരുന്നു താമസം. ഇന്ത്യയുടെ ഗോൾവല കാത്ത ഫ്രെഡറിക്കിന്റെ വിയോഗ ദുഃഖം പേറുകയാണ് കായിക കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.