അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ അത്‌ലറ്റിക്സ് ചാമ്പ്യന്മാരായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം


അന്തർ സർവകലാശാല പുരുഷ അത്‌ലറ്റിക്സ്: കാലിക്കറ്റ് ജേതാക്കൾ

ചെന്നൈ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷവിഭാഗം അത്‌ലറ്റിക്സിൽ ചാമ്പ്യൻപട്ടം ചൂടി കാലിക്കറ്റ് യൂനിവേഴ്സിറ്റി. ചെന്നൈ ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് യൂനിവേഴ്സിറ്റിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 53 പോയന്റുകൾ സ്വന്തമാക്കിയാണ് ടീം ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. മംഗളൂർ വാഴ്സിറ്റി 48 പോയന്റുമായി രണ്ടാമതും ഒരു പോയന്റ് കുറഞ്ഞ് മദ്രാസ് മൂന്നാമതും എത്തി. 42 പോയന്റുള്ള എം.ജി നാലാം സ്ഥാനക്കാരായി.

ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും 5 വെങ്കലവും നേടിയാണ് കാലിക്കറ്റ് കിരീടത്തിലേക്ക് വിജയക്കുതിപ്പ് നടത്തിയത്. ട്രിപ്പിൾ ജംപിൽ ക്രൈസ്റ്റ് കോളജ് വിദ്യാർഥി സെബാസ്റ്റ്യൻ വി.എസ് സ്വർണം ചൂടിയപ്പോൾ തൃശൂർ സെന്റ് തോമസ് കോളജിലെ അനസ്. എൻ വെങ്കലം നേടി. 4x100 മീറ്റർ റിലേയിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്വർണം നേടി. സെന്റ് തോമസ് കോളജിലെ വിദ്യാർഥികളായ അജിത്ത് ജോൺ, ജീവൻ കുമാർ എന്നിവരും ക്രൈസ്റ്റ് കോളജ് വിദ്യാർഥിയായ മുഹമ്മദ് ഹിഷാം, ശ്രീകൃഷ്ണ കോളജ് വിദ്യാർഥി മുഹമ്മദ്‌ സജീൻ എന്നിവരും ചേർന്നാണ് ഒന്നാമതെത്തിയത്. 4x400 മീറ്റർ മിക്സഡ് റിലേയിൽ കാലിക്കറ്റ് വെള്ളി നേടി.

സെന്റ് തോമസ് കോളജ് തൃശൂരിലെ ഷൈജാൻ എൻ.പി മുഹമ്മദ് റിസ്വാൻ, ക്രൈസ്റ്റ് കോളജിലെ അനശ്വര. കെ, വിമല കോളജിലെ ശിൽപ ഇടികുള, ചിറ്റൂർ കോളജിലെ ശരത് എസ് എന്നിവരാണ് വെള്ളി നേടിയത്. 1500 മീറ്ററിൽ തൃശൂർ സെന്റ് തോമസ് കോളജിലെ ആദർശ് ഗോപി വെള്ളി നേടിയിരുന്നു. ഡിസ്കസ് ത്രോയിൽ സെന്റ് തോമസ് വിദ്യാർഥി അലക്സ്. പി തങ്കച്ചൻ, ജാവലിൻ ത്രോയിൽ സെന്റ്. തോമസിലെ തന്നെ അനൂപ് വത്സൻ, 20 കിലോമീറ്റർ നടത്തത്തിൽ സെന്റ്. തോമസ് വിദ്യാർഥി പ്രവീൺ കെ.പി, പോൾ വാൾട്ടിൽ ക്രൈസ്റ്റ് കോളജിലെ അലൻ ബിജു, 200 മീറ്ററിൽ സെന്റ് തോമസിലെ അജിത് ജോൺ എന്നിവർ വെങ്കലം നേടി. ക്രൈസ്റ്റ് കോളജ് വിദ്യാർഥി സെബാസ്റ്റ്യൻ വി.എസ് ആണ് ചാമ്പ്യൻഷിപ്പിലെ മികച്ച അത്‍ലറ്റ്.

Tags:    
News Summary - Inter-Varsity Men's Athletics: Calicut Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.