മത്സര ശേഷം ഇന്ത്യൻ പതാകയുമായി വിജയാഹ്ലാദം നടത്തുന്ന യഷിത

ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; വനിതകളുടെ 61 കിലോ വിഭാഗം ഗുസ്തിയിൽ യഷിതക്ക് സ്വർണം

മനാമ: ബഹ്‌റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം. വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി 61 കിലോ വിഭാഗത്തിൽ യഷിതയാണ് സ്വർണം നേടിയത്. ഫൈനലിൽ കസാഖിസ്താന്റെ സയ്ദാർ മുഖാതിനെ 5-5 എന്ന സ്കോറിന് ക്രൈറ്റീരിയയുടെ അടിസ്ഥാനത്തിൽ പരാജയപ്പെടുത്തിയാണ് യാഷിത ഇന്ത്യയുടെ നാലാം സ്വർണം സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ഒരൽപ്പം പതറിയെങ്കിലും കൂടുതൽ കരുത്തോടെ യഷിത മത്സരത്തിലേക്ക് തിരിച്ചുവന്നു. ഭാരോദ്വഹനത്തിൽ പ്രിതീസ്‌മിത ഭോയി നേടിയ സ്വർണത്തിന് ശേഷം ഗെയിംസിൽ ഒരു വ്യക്തിഗത ഇനത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണമാണിത്. പുരുഷ-വനിതാ കബഡി ടീമുകളാണ് മറ്റ് രണ്ട് സ്വർണമെഡലുകൾ നേടിയത്. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ സിൻഡ്രേല ദാസ്-സാദക് ആര്യ സഖ്യം ഇന്ത്യക്കായി വെങ്കലം നേടി.

ചൈനയുടെ ടാങ് യിരൺ, ഹു യി എന്നിവരുമായുള്ള സെമിഫൈനലിൽ ആദ്യ രണ്ട് ഗെയിമുകൾ വിജയിച്ച് ഇന്ത്യൻ സഖ്യം പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, അടുത്ത മൂന്ന് ഗെയിമുകളും നേടി ചൈനീസ് സഖ്യം ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ബോക്സിങ് ആൺകുട്ടികളുടെ 66 കിലോ വിഭാഗം സെമിഫൈനലിൽ കസാഖിസ്താന്റെ ഡാനിയാൽ ഷാൽക്കർബായിയോട് 5-0ന് തോറ്റതിനെ തുടർന്ന് അനന്ത് ദേശ്മുഖ് വെങ്കലം നേടി. ആറ് ഇന്ത്യൻ ബോക്സർമാർ നിലവിൽ ഫൈനലിലെത്തിയിട്ടുണ്ട്.

നാളെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് ഫൈനൽ മത്സരം. വനിത വിഭാഗത്തിൽ ഖുഷി ചന്ദ് (46kg), ചന്ദ്രിക പൂജാരി (54kg), ഹർനൂർ കൗർ (66kg), അൻഷിക (+80kg), അഹാന ശർമ്മ (50kg) എന്നിവർ വ്യാഴാഴ്ച സ്വർണത്തിനായി മത്സരിക്കും. പുരുഷ വിഭാഗത്തിൽ ലഞ്ചെൻബ സിങ് മൊയിബുങ്ഖോങ്ബാം (50kg) മാത്രമാണ് ഫൈനലിലെത്തിയത്.

ചൊവ്വാഴ്ച ലഭിച്ച മൂന്ന് മെഡലുകളോടെ നാല് സ്വർണം, 10 വെള്ളി, 13 വെങ്കലം ഉൾപ്പെടെ ഏഷ്യൻ യൂത്ത് ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27 ആയി.

തിങ്കളാഴ്ച ഇന്ത്യക്ക് മെഡലുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ 4:21.86 സെക്കൻഡ് സമയം കുറിച്ച് ദിനിധി ദേസിങ് തന്റെ ദേശീയ റെക്കോർഡ് തിരുത്തി. ഒക്ടോബർ 31ന് സമാപിക്കുന്ന ഗെയിംസിൽ 222 ഇന്ത്യൻ കായിക താരങ്ങളാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.

Tags:    
News Summary - India wins fourth gold at Asian Youth Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.