അഹമ്മദാബാദ്: ത്രില്ലറുകളെ പോലും വെല്ലുന്ന ത്രില്ലറിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ന് സാക്ഷ്യംവഹിച്ചത്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇതിന് മുമ്പ് ഇങ്ങനെയൊരു മത്സരം നടന്നുകാണില്ല. കളിക്കാരുടേയൊപ്പം കാണികളുടെ കൂടി സമ്മർദമേറ്റുന്ന കളിയാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും അഹമ്മദാബാദിൽ പുറത്തെടുത്ത്. നിശ്ചിതസമയത്ത് ടൈയായ മത്സരം ഒന്നാം സൂപ്പർ ഓവറും കടന്ന് രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയതിന്റെ അപൂർവതക്കായിരുന്നു ക്രിക്കറ്റ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ അഫ്ഗാൻ 187 റൺസ് നേടി. ഇരു ടീമുകളുടേയും സ്കോർ തുല്യമായതോടെ കളി സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് അഫ്ഗാനിസ്താൻ. എൻഗിഡി എറിഞ്ഞ ഓവറിൽ അസ്മത്തുള്ള ഒമർസായിയും റഹ്മാനുള്ള ഗുർബാസും ചേർന്നെടുത്തത് 17 റൺസ്. മറുപടിയായി ഫസൽ ഹഖ് ഫറൂഖിയെറിഞ്ഞ സൂപ്പർ ഓവറിൽ ബ്രെവിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും മില്ലറും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്ന് 17 റൺസെടുത്ത് ആദ്യ സൂപ്പർ ഓവർ ടൈയാക്കി.
പിന്നാലെ അസ്മത്തുള്ള എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിൽ മില്ലറും സ്റ്റബ്ബസും ചേർന്ന് 23 റൺസെടുത്തു. രണ്ടാം സൂപ്പർ ഓവറിൽ മുഹമ്മഹദ് നബിയെ നഷ്ടമായെങ്കിലും മൂന്നു പന്തുകൾ സിക്സർ പറത്തി റഹ്മാനുള്ള ഗുർബാസ് കളി ആവേശകരമാക്കിയെങ്കിലും ടീമിനെ വിജയതീരത്തേക്ക് എത്തിക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല. അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ ഗുർബാസിന്റെ ക്യാച്ചെടുത്ത് മില്ലർ ത്രില്ലർ പോര് ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കി മാറ്റി.
187 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നേരിയ വ്യത്യാസത്തിലാണ് നിശ്ചിത ഓവറിൽ വിജയം നഷ്ടമായത്. കാഗിസോ റബാദ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 13 റൺസായിരുന്നു അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ നോബാളായി. രണ്ടാം പന്ത് വൈഡും. ഓവറിലെ നിയമാനുസൃതമായ രണ്ടാം പന്ത് സികസറിന് പറത്തി നൂർ അഹമ്മദ് കളി ആവേശകരമാക്കി. മൂന്നാം പന്തിൽ റണ്ണില്ല. നാലാം പന്ത് വീണ്ടും നോബോൾ. അഫ്ഗാൻ രണ്ട് റൺസ് ഓടിയെടുക്കുകയും ചെയ്തു. മൂന്നു പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണമെന്നിരിക്കേ നാലാം പന്തിൽ രണ്ടാം റണ്ണിന് ശ്രമിച്ച ഫസൽഹഖ് ഫറൂഖിക്ക് പിഴച്ചു. ബാറ്റ് ക്രീസിൽ കുത്തുന്നതിൽ കാണിച്ച അലസത റണ്ണൗട്ടിന്റെ രൂപത്തിൽ അഫ്ഗാന്റെ വിജയം തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.