ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ ആറ് വനിത ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. കോടതിയിൽ നിലനിൽക്കുന്ന കേസിൽ ആദ്യമായാണ് ഇരകളിൽ ഒരാൾ താനാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. വൈകാരികമായ വിഡിയോ സന്ദേശത്തിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തൽ.
2026ലെ ഏഷ്യൻ ഗെയിംസിലൂടെ തന്റെ തിരിച്ചുവരവ് തടയുന്നതിനായി നിലവിലെ ഗുസ്തി ഫെഡറേഷൻ ശ്രമിക്കുന്നതിനാൽ, ചില പ്രത്യേക സാഹചര്യങ്ങൾ കാരണം തന്റെ പേര് വെളിപ്പെടുത്താൻ നിർബന്ധിതയായതായി വിനേഷ് ഫോഗട്ട് പറഞ്ഞു. 2023ൽ ബ്രിജ് ഭൂഷണിനെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിലെ പ്രധാനമുഖങ്ങളിൽ ഒരാളായിരുന്ന വിനേഷ്.
ബ്രിജ് ഭൂഷനെതിരായ കേസിൽ വിസ്താരം നടക്കുകയാണ്. തന്റെ വ്യക്തിത്വം വെളിപ്പെടുത്താതെ കേസിനെ അതിന്റെ നിയമനടപടികളിലൂടെ അനുവദിക്കാനാണ് താൻ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും അവർ പറഞ്ഞു. ‘ഒരു ഇരയുടെയും വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പറയുന്നു. കാരണം അത് അവരുടെ അന്തസിനെ ബാധിക്കുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങൾ കാരണം എല്ലാവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. പരാതി നൽകിയ ആറുപേരിൽ ഒരാൾ ഞാനാണ്. കേസിൽ ഇപ്പോഴും വിസ്താരം തുടരുകയാണ്’ -വിനേഷ് ഫോഗട്ട് പറഞ്ഞു.
ബ്രിജ് ഭൂഷണിന്റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി റാങ്കിങ് ടൂർണമെന്റുകളും ട്രയൽസും നടത്താനുള്ള ദേശീയ ഗുസ്തി ഫെഡറേഷന്റെ തീരുമാനമാണ് വിനേഷിന്റെ വെളിപ്പെടുത്തലിന് കാരണം. മുൻ മേധാവിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളജിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നതെന്നും ഇത് ന്യായമായ മത്സരം അസാധ്യമാക്കുമെന്നും വിനേഷ് പറഞ്ഞു. ബ്രിജ് ഭൂഷനെ ഔദ്യോഗികമായി പുറത്താക്കിയെങ്കിലും നിലവിലെ മേധാവി സഞ്ജയ് സിങ് മുഖേന ഫെഡറേഷനെ നിയന്ത്രണത്തിലാക്കിയെന്നും അവർ പറഞ്ഞു.
ആരുടെ മത്സരം ആര് റഫറി ചെയ്യും, ഒരു റഫറി എത്ര പോയിന്റുകൾ നൽകും. ഇതെല്ലാം ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ ആളുകളും നിയന്ത്രിക്കും. സർക്കാരും നമ്മുടെ കായിക മന്ത്രാലയവും നിശബ്ദ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ് -വിനേഷ് പറഞ്ഞു. 2024ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ഇടവേളയിലാണ് വിനേഷ് ഫോഗട്ട്. അതിനിടെ കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച വിനേഷ്, ജുലാന മണ്ഡലത്തിൽനിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
2023ലാണ് ബ്രിജ് ഭൂഷണെ പുറത്താക്കണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധത്തിനിറങ്ങിയത്. സമരത്തിൽ പങ്കെടുത്ത ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കിനെയും ബജ്‌റങ് പുനിയയെയും വിനേഷിനെയും പൊലീസ് തെരുവിലൂടെ വഴിച്ചിഴച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന സമരം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.