ഗോൾഡൻ ബൂട്ടിനായി ത്രികോണപ്പോര്; ഏഴ് ഗോളടിച്ചിട്ടും ഹാലൻഡ് എന്തുകൊണ്ട് മൂന്നാമതായി?

മെക്സിക്കോ സിറ്റി : ലോകകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾ തീരാനിരിക്കെ മൈതാനത്തെ പോരാട്ടത്തിനൊപ്പം തന്നെ ടൂർണമെന്റിലെ മികച്ച സ്കോറർക്കുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള മത്സരവും മുറുകുന്നു. നിലവിൽ ഏഴ് ഗോളുകൾ വീതം അടിച്ചുകൂട്ടി മൂന്ന് സൂപ്പർ താരങ്ങളാണ് പട്ടികയിൽ സംയുക്തമായി ഒന്നാം സ്ഥാനത്തുള്ളത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, അർജന്റീനയുടെ ലയണൽ മെസ്സി, നോർവേയുടെ എർലിങ് ഹാലൻഡ് എന്നിവരാണവർ. ഇവർക്ക് തൊട്ടുപിന്നിൽ ആറ് ഗോളുകളുമായി ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌നും പോരാട്ടത്തിലുണ്ട്. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് കെയ്ൻ ആദ്യ നാലിലേക്ക് ഉയർന്നത്.

ഒരേ ഗോൾവേട്ട; എന്നിട്ടും എംബാപ്പെ ഒന്നാമനായത് എങ്ങനെ?

മൂന്ന് പേരും ഏഴ് ഗോളുകൾ വീതം നേടിയിട്ടും എംബാപ്പെയും മെസ്സിയും എങ്ങനെ ഹാലൻഡിന് മുന്നിലെത്തി എന്നതാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച. ഫിഫയുടെ നിയമപുസ്തകം അനുസരിച്ച്, ടൂർണമെന്റിൽ രണ്ടോ അതിലധികമോ കളിക്കാർ ഒരേ എണ്ണം ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ ഒന്നാം സ്ഥാനക്കാരനെ നിശ്ചയിക്കാൻ ആദ്യം പരിഗണിക്കുക അസിസ്റ്റുകളുടെ എണ്ണമാണ്.

ഇവിടെയാണ് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ മുന്നിലെത്തുന്നത്. ഏഴ് ഗോളുകൾക്ക് പുറമെ സഹതാരങ്ങൾക്ക് ഗോൾ നേടാൻ രണ്ട് തവണ എംബാപ്പെ വഴിയൊരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ സെനഗൽ, ഇറാഖ്, സ്വീഡൻ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, പ്രീ-ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരായ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിലും ഫ്രാൻസിന്റെ രക്ഷകനായി. ആകെ 482 മിനിറ്റുകളാണ് താരം ഇതുവരെ മൈതാനത്ത് ചിലവഴിച്ചത്.

അസിസ്റ്റില്ലാത്തവരുടെ പോരാട്ടത്തിൽ മെസ്സി ഹാലൻഡിനെ മറികടന്നത് എങ്ങനെ?

അസിസ്റ്റുകളുടെ എണ്ണത്തിലും മെസ്സിയും ഹാലൻഡും തുല്യരാണ്. ഇരുവർക്കും ഈ ടൂർണമെന്റിൽ അസിസ്റ്റുകളില്ല. അങ്ങനെയെങ്കിൽ ഗോളും അസിസ്റ്റും ഒപ്പത്തിനൊപ്പം വരുമ്പോൾ അടുത്തതായി ഫിഫ മാനദണ്ഡമാക്കുന്നത് കളിക്കാർ ഗ്രൗണ്ടിൽ ചിലവഴിച്ച ആകെ മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് ഇത്രയും ഗോളുകൾ നേടിയ ആൾക്ക്, അതായത് സ്കോറിങ് കാര്യക്ഷമത കൂടിയ കളിക്കാരന് മുൻഗണന ലഭിക്കും.

ഇവിടെയാണ് മെസ്സി ഹാലൻഡിനെ വെട്ടിച്ച് രണ്ടാമതെത്തുന്നത്. നോർവേയുടെ പ്രീ-ക്വാർട്ടർ മത്സരം കഴിഞ്ഞതോടെ ഹാലൻഡ് ആകെ 416 മിനിറ്റുകൾ മൈതാനത്തുണ്ടായിരുന്നു. ഇറാഖ്, സെനഗൽ എന്നിവർക്കെതിരെ ഇരട്ട ഗോളുകളും, ഐവറി കോസ്റ്റിനെതിരെ ഒരു ഗോളും, ഒടുവിൽ പ്രീ-ക്വാർട്ടറിൽ ബ്രസീലിനെതിരെ നേടിയ ഇരട്ട ഗോളുകളുമാണ് ഹാലൻഡിനെ ഏഴിലെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം താരം കളിച്ചിരുന്നതുമില്ല.

മറുഭാഗത്ത്, അർജന്റീനയുടെ പ്രീ-ക്വാർട്ടർ മത്സരം നടക്കാനിരിക്കുന്നതേയുള്ളൂ എന്നതിനാൽ ലയണൽ മെസ്സി ഇതുവരെ 361 മിനിറ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതാണ് മെസിയെ രണ്ടാമനാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ജോർദാനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ മാത്രമാണ് മെസ്സി പകരക്കാരനായി ഇറങ്ങിയത്. അൾജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങിയ മെസി, ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും, ജോർദാൻ, കേബ് വെർദെ എന്നിവർക്കെതിരെ ഓരോ ഗോളും സ്വന്തമാക്കിയിരുന്നു.

തൊട്ടുപിന്നിൽ ഹാരി കെയ്ൻ

ആറ് ഗോളുകളുമായി നാലാം സ്ഥാനത്തുള്ള ഹാരി കെയ്‌നും ഒരു അസിസ്റ്റും സ്വന്തം പേരിലുണ്ട്. ക്രോയേഷ്യക്കെതിരെ ഇരട്ട ഗോളുകളോടെ തുടങ്ങിയ കെയ്ൻ, പനാമ, ഡി.ആർ കോംഗോ എന്നിവർക്കെതിരെയും സ്കോർ ചെയ്തിരുന്നു. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടറിലെ സുപ്രധാന ഗോൾ കൂടിയായതോടെ കെയ്ൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ സജീവമായി തുടരുകയാണ്. 489 മിനിറ്റുകളാണ് കെയ്ൻ ഇതുവരെ കളത്തിലിറങ്ങിയത്. വരും മത്സരങ്ങളിൽ മിനിറ്റുകളും അസിസ്റ്റുകളും മാറിമറിയുന്നതിനനുസരിച്ച് ഗോൾഡൻ ബൂട്ട് ആരുടെ കൈകളിലെത്തുമെന്നത് പ്രവചനാതീതമാകും.

Tags:    
News Summary - The Golden Boot Race: Why Haaland Trails Messi and Mbappe Despite Equal Goal Tally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.