ഒളിമ്പിക്സ് ഹോക്കി: ഇന്ത്യ കരുത്തരുടെ ഗ്രൂപ്പിൽ

പാരിസ്: ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം കരുത്തരുടെ ഗ്രൂപ്പിൽ. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടി ഹോക്കിയിൽ 41 വർഷത്തെ ​മെഡൽ വരൾച്ചക്ക് വിരാമമിട്ട ടീം നിലവിലെ ചാമ്പ്യന്മാരും ലോക രണ്ടാം നമ്പർ ടീമുമായ ബെൽജിയവും നിലവിലെ വെള്ളിമെഡൽ ജേതാക്കളായ ആസ്ട്രേലിയയും അടങ്ങുന്ന പൂൾ ‘ബി’യിലാണ്. റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ അർജന്റീന, ന്യൂസിലാൻഡ്, അയർലൻഡ് എന്നിവയാണ് അവശേഷിക്കുന്ന ടീമുകൾ.

നെതർലാൻഡ്സ്, ജർമനി, ബ്രിട്ടൻ, സ്​പെയിൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് പൂൾ ‘എ’യിൽ വരുന്നത്. ലോക റാങ്കിങ്ങിൽ നെതർലാൻഡ്സിനും ബെൽജിയത്തിനും പിറകിൽ മൂന്നാമതാണ് ഇന്ത്യ. 12 ടീമുകൾ വീതമാണ് പുരുഷന്മാരിലും വനിതകളിലും മത്സരത്തിനിറങ്ങുക. 

ടോക്യോയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വനിത ടീമിന് ഇത്തവണ യോഗ്യത നേടാനായിട്ടില്ല. യോഗ്യത നേടാനുള്ള അവസാന മത്സരത്തിൽ ഇന്ത്യ 1-0ത്തിന് ജപ്പാനോട് പരാജയപ്പെടുകയായിരുന്നു. വനിതകളിൽ പൂൾ ‘എ’യിൽ നിലവിലെ ചാമ്പ്യന്മാരായ നെതർലാൻഡ്സ്, ബെൽജിയം, ജർമനി, ജപ്പാൻ, ചൈന, ഫ്രാൻസ് എന്നിവയും പൂൾ ‘ബി’യിൽ ആസ്ട്രേലിയ, അർജന്റീന, ബ്രിട്ടൻ, സ്​പെയിൻ, യു.എസ്.എ, ദക്ഷിണാഫ്രിക്ക എന്നിവയും ഏറ്റുമുട്ടും.

ഓരോ പൂളിൽനിന്നും കൂടുതൽ പോയന്റ് നേടുന്ന നാല് ടീമുകൾ വീതം ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും. ജൂലൈ 26ന് ആരംഭിക്കുന്ന ഒളിമ്പിക്സ് ആഗസ്റ്റ് 11നാണ് സമാപിക്കുക. ജൂലൈ 27 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഹോക്കി മത്സരങ്ങൾ.

Tags:    
News Summary - Olympics Hockey: India in strong group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.