ഏഷ്യൻ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ വിജയാഹ്ലാദം
ഭുവനേശ്വർ: ഏഷ്യാകപ്പ് ഹോക്കിയിൽ നായകൻ ഹർമൻപ്രീതിന്റെ തോളിലേറി ഇന്ത്യയുടെ ജൈത്രയാത്ര. പൂൾ ‘എ’യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ജപ്പാനെ 3-2ന് തോൽപിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിലേക്കുള്ള ബർത്ത് ഏതാണ്ടുറപ്പിച്ചത്. ആദ്യ മത്സരത്തിൽ അയൽക്കാരായ ചൈനയെ തകർത്തതിന്റെ ആവേശത്തിൽ ജപ്പാനെതിരെ ഇറങ്ങിയ ഇന്ത്യ കളിയുടെ നാലാം മിനിറ്റിൽ മന്ദീപിന്റെ ഗോളിലൂടെ തുടക്കം കുറിക്കുകയായിരുന്നു. പിന്നാലെ, ആക്രമണ ദൗത്യം നായകൻ ഹർമൻ പ്രീത് ഏറ്റെടുത്തു.
അഞ്ചാം മിനിറ്റിലായിരുന്നു ഹർമൻ പ്രീതിന്റെ ആദ്യ ഗോൾ. 46ാം മിനിറ്റിൽ അടുത്ത ഗോൾ കൂടി നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ഇന്ത്യയുടെ ആക്രമണ ഗെയിമിന്, ശക്തമായ തിരിച്ചടിയുമായി പ്രതിരോധം തീർത്ത ജപ്പാൻ കോസെ കവാബിയുടെ ഇരട്ട ഗോളുമായി (38, 59 മിനിറ്റ്) കളിയിൽ തിരികെയെത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ വിജയം തടയാൻ കഴിഞ്ഞില്ല. കളിയുടെ അവസാന മിനിറ്റുകളിൽ ശക്തമായ പ്രതിരോധത്തിന്റെ കൂടി മികവിലായിരുന്നു ഇന്ത്യ മത്സരം ജയിച്ചത്.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചൈനയെ 4-3ന് തോൽപിച്ചാണ് ഇന്ത്യ വൻകരയുടെ കിരീട കുതിപ്പിന് തുടക്കം കുറിച്ചത്. തിങ്കളാഴ്ച കസാഖിസ്താനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
കിരീട വിജയത്തിലൂടെ അടുത്തവർഷം ബെൽജിയം-നെതർലൻഡ്സിൽ നടക്കുന്ന ഹോക്കി വേൾഡ് കപ്പിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പൂളിൽ നിന്നുള്ള ആദ്യ രണ്ടു സ്ഥാനക്കാർക്ക് സെമിയിലേക്ക് ഇടം നേടാം.
മലേഷ്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ചൈനീസ് തായ്പെയ് എന്നിവരാണ് പൂൾ ‘ബി’യിലെ മറ്റു ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.