തു​ഴ​ച്ചി​ൽ മെ​ൻ​സ് കോ​ക്സ്ഡ് എ​യ്റ്റി​ൽ വെ​ള്ളി നേ​ടി​യ ഇ​ന്ത്യ​ൻ ടീം

ഏഷ്യൻ ഗെയിംസ്: ​ആ​ദ്യ ദി​നം അ​ഞ്ചു മെ​ഡൽ

ഹാങ്ചോ: 19ാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടനപ്പിറ്റേന്ന് മെഡലുകൾ പിറന്നപ്പോൾ മോശമാക്കാതെ ഇന്ത്യ. മെ​ഡ​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ആ​ദ്യ ദി​നം മൂ​ന്നു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മാ​യി അ​ഞ്ചു മെ​ഡ​ലു​ക​ളാ​ണ് സ​മ്പാ​ദ്യം. തു​ഴ​ച്ചി​ലി​ൽ ര​ണ്ടും ഷൂ​ട്ടി​ങ്ങി​ൽ ഒ​രു വെ​ള്ളി‍യും ല​ഭി​ച്ചു. ര​ണ്ടി​ലും ഓ​രോ വെ​ങ്ക​ല​വും നേ​ടി ഇ​ന്ത്യ. വ​നി​ത ക്രി​ക്ക​റ്റി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ ഫു​ട്ബാ​ളി​ൽ പ്രീ ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​പ്പോ​ൾ വ​നി​ത​ക​ൾ ഗ്രൂ​പ് റൗ​ണ്ടി​ൽ പു​റ​ത്താ​യി. പു​രു​ഷ ഹോ​ക്കി​യി​ൽ വ​ൻ ജ​യ​ത്തോ​ടെ തു​ട​ങ്ങി​യ ഇ​ന്ത്യ പ​ക്ഷെ ഉ​ജ്വ​ല പ്ര​ക​ട​ന​വു​മാ​യി മു​ന്നേ​റി​യ വോ​ളി​ബാ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ വീ​ണു. ആ​തി​ഥേ​യ​രാ​യ ചൈ​ന (30) ന​യി​ക്കു​ന്ന മെ​ഡ​ൽ​പ്പ​ട്ടി​ക​യി​ൽ ഏ​ഴാ​മ​താ​ണ് നി​ല​വി​ൽ ഇ​ന്ത്യ.

 ഹോക്കിയിൽ ഗോൾ വർഷിച്ച് തുടങ്ങി ഇന്ത്യ

ഏഷ്യൻ ഗെയിംസ് ഹോക്കി സ്വർണം വീണ്ടെടുത്ത് പാരിസ് ഒളിമ്പിക്സിന് നേരിട്ടു ടിക്കറ്റെടുക്കുകയെന്ന ലക്ഷ്യവുമായെത്തിയ ഇന്ത്യ ഗോൾ വർഷത്തോടെ തുടങ്ങി. പൂൾ എ യിലെ ആദ്യ മത്സരത്തിൽ ഒളിമ്പിക്സ് വെങ്കല മെഡൽ നേട്ടക്കാരും ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരുമായ ഇന്ത്യ മറുപടിയില്ലാത്ത 16 ഗോളുകൾക്ക് ഉസ്ബകിസ്താനെ തകർത്തു. കളിയിലുടനീളം സർവാധിപത്യം സ്ഥാപിച്ച ഇന്ത്യക്ക് വേണ്ടി നാലു തവണ ലക്ഷ്യം കണ്ട വരുൺ കുമാറും മൻദീപ് സിങ്ങും മൂന്ന് ഗോളടിച്ച ലളിത് ഉപാധ്യായും ഹാട്രിക് നേടി. ആദ്യ പകുതിയിൽ ഏഴു ഗോളിന് മുന്നിലായിരുന്ന ജേതാക്കൾക്ക് വേണ്ടി അഭിഷേക്, അമിത് രോഹിദാസ്, സുഖ്ജീത്, ശംഷേർ സിങ്, സഞ്ജയ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകനായിരുന്ന നായകൻ ഹർമൻപ്രീത് സിങ്ങിനെ കൂടാതെ കളിക്കാനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഗോളിന് ഏഴു മിനിറ്റ് കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ ലോക റാങ്കിങ്ങിൽ 66 ാം സ്ഥാനക്കാരായ ഉസ്ബക്കുകാർ ഒരിക്കൽ പോലും കാര്യമായ വെല്ലുവിളികളുയർത്തിയില്ല.

ഉസ്ബക്ക് ഗോൾ മുഖത്ത് നിരന്തരം ആക്രമിച്ചു കയറിയ ഇന്ത്യക്കാർ 14 പെനാൽട്ടി കോർണറുകൾ നേടിയെടുത്തെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഗോളിലേക്കെത്തിയത്. ഒരെണ്ണം പെനാൽട്ടി സ്ട്രോക്കിലൂടെ നേടിയപ്പോൾ പത്തെണ്ണവും ഫീൽഡ് ഗോളുകളായിരുന്നു. ഇന്ത്യക്ക് വേണ്ടി ഗോൾ വലയം കാത്ത മലയാളിയായ പി.ആർ. ശ്രീജേഷിനും കൃഷൻ ബഹദൂർ പഥക്കിനും പൂർണ വിശ്രമദിനമായിരുന്നു ഇന്നലെ. ഇന്ത്യ പൂളിലെ അടുത്ത മത്സരത്തിൽ ചൊവ്വാഴ്ച സിംഗപ്പൂരിനെ നേരിടും.

പുരുഷ വോളിയിൽ ക്വാർട്ടറിൽ പുറത്ത്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബാളിൽ മെഡൽപ്രതീക്ഷയിൽ മുന്നേറിയ ഇന്ത്യൻ ടീമിന് ക്വാർട്ടർ ഫൈനലിൽ മടക്കം. നിലവിലെ ജേതാക്കളായ ജപ്പാൻ എതിരില്ലാത്ത മൂന്നു സെറ്റുകൾക്കാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ: 25-16 25-18 25-17. ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21 പോയന്റ് നേടി ജപ്പാന്റെ കീഹാൻ തകാഹാഷി താരമായി. എട്ടു പോയന്റ് സംഭാവന ചെയ്ത എറിൻ വർഗീസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഞ്ചാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇന്ത്യ പാകിസ്താനെയോ ഖത്തറിനെയോ നേരിടും. ചൈനയാണ് ജപ്പാന് സെമിയിലെ എതിരാളി.

ചെസിൽ ഗുജറാത്തിക്ക് ഷോക്ക്; ജയത്തോടെ ഹംപിയും ഹരികയും

പുരുഷ ചെസ് രണ്ടാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിദിത് സന്തോഷ് ഗുജറാത്തിയെ കസാഖ്സ്താന്റെ കസിബെക് നോഗെർബെക് അട്ടിമറിച്ചു. ബംഗ്ലാദേശിന്റെ മുഹമ്മദ് ഫഹദ് റഹ്മാനെ ഒന്നാം റൗണ്ടിൽ തോൽപിച്ചിരുന്നു ഗുജറാത്തി. മറ്റൊരു ഇന്ത്യൻ താരം അർജുൻ എറിഗെയ്സി വിയറ്റ്നാമിന്റെ ലേ തുവാൻ മിന്നിനോട് സമനില വഴങ്ങി. വനിതകളിൽ കൊനേരു ഹംപിയും ഡി. ഹരികയും ജയം തുടർന്നു. വിയറ്റ്നാമിന്റെ ഫാം ലേ താവോ എൻഗുയേനെയെയും ഹരിക യു.എ.ഇയുടെ അലാലി റൗദയെയും രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി.

ബോക്സിങ്: നിഖാതും പ്രീതിയും മുന്നോട്ട്

ബോക്സിങ്ങിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ നിഖാത് സരീൻ വനിത 50 കിലോഗ്രാം ഇനത്തിൽ പ്രീ ക്വാർട്ടറിൽ കടന്നു. വിയറ്റ്നാമിന്റെ തീ ടാം എൻഗുയേനെയെ 5-0ത്തിന് രണ്ടു തവണ ലോക ചാമ്പ്യനായ നിഖാത് തോൽപിച്ചത്. അതേസമയം, വനിത 54 കിലോയിൽ ഇന്ത്യയുടെ പ്രീതി പവാർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജോർഡന്റെ സിലീന അൽ ഹസനത്തിനെയാണ് മറിച്ചിട്ടത്.

ടി.ടിയിലും ഫെൻസിങ്ങിലും റഗ്ബിയിലും തിരിച്ചടി

ടേബ്ൾ ടെന്നിസിൽ ഇന്ത്യക്ക് വൻ തിരിച്ചടി. പുരുഷ ടീം ക്വാർട്ടർ ഫൈനലിലും വനിതകൾ പ്രീക്വാർട്ടറിലും തോറ്റു. വനിത ഫെൻസിങ്ങിൽ ഇന്ത്യക്ക് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. ക്വാർട്ടർ ഫൈനലിൽ തനിഷ്ക ഖാത്രി 7-15ന് ഹോങ്കോങ്ങിന്റെ വായ് വിവിയൻ കോങ്ങിനോട് പരാജയപ്പെട്ടു. സെമിഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിൽ തനിഷ്കകക്ക് മെഡൽ ലഭിച്ചേനേ. വനിത റഗ്ബി സെവൻസിൽ യഥാക്രമം ഹോങ്കോങ്ങിനോട് 0-38നും ജപ്പാനോട് 0-45നും തോറ്റ് ഇന്ത്യ പുറത്തായി. വുഷു പുരുഷ വിഭാഗം 56 കിലോഗ്രം 1/8 ഫൈനലിൽ സുനിൽ സിങ് ഫിലിപ്പീൻസിന്റെ അർനൽ മണ്ടലിനോടും പരാജയപ്പെട്ടു.

ഷൂട്ടിങ് റേഞ്ചിൽ ഇരട്ടത്തിളക്കം

ചൈനീസ് മേധാവിത്വം കണ്ട ഷൂട്ടിങ് റേഞ്ചിൽ ആകെ 1886 സ്കോർ നേടിയാണ് വനിത 10 മീ. എയർ റൈഫിൾ ഇന്ത്യൻ ടീം വെള്ളി നേടിയത്. മെഹൂലി ഘോഷ്, റമിത ജിൻഡൽ, ആഷി ചൂക്സി എന്നിവരടങ്ങുന്നതായിരുന്നു ടീം. ഏഷ്യൻ റെക്കോഡോടെ ചൈന (1896.6) സ്വർണം സ്വന്തമാക്കി. റമിതയിലൂടെ ഷൂട്ടിങ്ങിലെ രണ്ടാം മെഡലും ഇന്ത്യ നേടി. ജൂനിയർ ലോക ചാമ്പ്യൻ 230.1 സ്കോറോടെ മൂന്നാം സ്ഥാനത്തെത്തി. മെഹൂലിയും (208.43) ഫൈനലിലുണ്ടായിരുന്നെങ്കിലും നാലാമതായി. ഈ ഇനത്തിൽ സ്വർണവും വെള്ളിയും ചൈനക്കാണ്.

തുഴഞ്ഞുകയറി മെഡലിൽ

തുഴച്ചിലിൽ ഇന്ത്യയുടെ ഇത്തവണത്തെ ആദ്യ മെഡലുകാരായി ലൈറ്റ് വെയ്റ്റ് മെൻസ് ഡബ്ൾസ് സ്കള്ളിൽ വെള്ളി നേടിയ അർജുൻ ലാൽ-അരവിന്ദ് സിങ് സഖ്യം. ആറു മിനിറ്റ് 28.18 സെക്കൻഡിലാണ് ഇവർ ഫിനിഷ് ചെയ്തത്. ചൈനീസ് സഖ്യം ആറു മിനിറ്റ് 23.16 സെക്കൻഡിൽ സ്വർണം സ്വന്തമാക്കി. നീരജ്, നരേഷ് കൽവാനിയ, നിതീഷ് കുമാർ, ചരൺജീത് സിങ്, ജസ്വീന്ദർ സിങ്, ഭീം സിങ്, പുനീത് കുമാർ, ആശിഷ് എന്നിവരടങ്ങിയ ടീം (5:43.01) മെൻസ് കോക്സ്ഡ് എയ്റ്റിലും വെള്ളി നേടി. ചൈനക്കാണ് ഇതിലും സ്വർണം. ആറു മിനിറ്റ് 50.41 സെക്കൻഡിലാണ് ഇന്ത്യയുടെ ബാബുലാൽ യാദവും ലേഖ് റാമും മെൻസ് പെയറിൽ വെങ്കലത്തിലേക്ക് തുഴഞ്ഞുകയറിയത്.

Tags:    
News Summary - Asian Games: Five medals on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.