150ാം മത്സരത്തിൽ ഗോളടിച്ച് ഛേത്രി; അഫ്ഗാനെതിരെ ഇന്ത്യക്ക് തോൽവി

ഗുവാഹത്തി: ദേശീയ ജഴ്സിയിലെ 150ാം മത്സരത്തിൽ സുനിൽ ഛേത്രി വലകുലുക്കിയിട്ടും ഇന്ത്യക്ക് തോൽവി. ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്താനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. റഹ്മത്ത് അക്ബരി, ശരീഫ് മുഹമ്മദ് (പെനാൽറ്റി) എന്നിവരാണ് സന്ദർശകർക്കായി വലകുലുക്കിയത്.

ഛേത്രി പെനാൽറ്റിയിലൂടെയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യ ലീഡ് നേടിയിട്ടാണ് മത്സരം കൈവിട്ടത്. രണ്ടാം പകുതിയിലാണ് അഫ്ഗാൻ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്‍റെ 36ാം മിനിറ്റിലാണ് ഇന്ത്യ മുന്നിലെത്തുന്നത്. മൺവീർ വലതു പാർശ്വത്തിൽനിന്ന് ഛേത്രിയെ ല‍ക്ഷ്യമാക്കി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് അമീരി കൈകൊണ്ട് തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി അഫ്ഗാൻ ഗോൾ കീപ്പർ അസീസിയെയും കീഴ്പ്പെടുത്തി പന്ത് വലയിലാക്കി.

താരത്തിന്‍റെ കരിയറിലെ 94ാം ഗോളാണിത്. നിലവിൽ അന്താരാഷ്ട്ര ഫുട്ബാൾ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിൽ ഗോൾ വേട്ടക്കാരിൽ മൂന്നാമതാണ് ഛേത്രി. എന്നാൽ, രണ്ടാം പകുതിയിൽ അഫ്ഗാൻ ഉണർന്നു കളിക്കുന്നതാണ് കണ്ടത്. അതിന് ഫലവും കണ്ടു. 70ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ അഫ്ഗാൻ മത്സരത്തിൽ ഒപ്പമെത്തി. ബോക്സിനു പുറത്തുനിന്നുള്ള റഹ്മത്ത് അക്ബരിയുടെ ഷോട്ട് രാഹുൽ ഭെക്കെയുടെ കാലിനുള്ളിലൂടെ വലയിൽ.

കളി അവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി നിൽക്കെ പെനാൽറ്റി ഗോളിലൂടെ അഫ്ഗാൻ ലീഡെടുത്തു. അഫ്ഗാൻ മുന്നേറ്റ താരത്തെ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ശരീഫ് മുഹമ്മദ് പന്ത് അനായാസം വലയിലാക്കി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സൗദി അറേബ്യയിലെ അബഹയിൽ നടന്ന ഗ്രൂപ് എ ആദ്യപാദ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. ടീമിന്‍റെ ഗോൾ ക്ഷാമം ഛേത്രിയിലൂടെ തീർത്തിട്ടും മത്സരം കൈവിടുകയായിരുന്നു.

കുവൈത്തുമായി മുഖാമുഖംനിന്ന 2023 നവംബറിലാണ് അവസാനമായി ഇന്ത്യ ഒരു മത്സരത്തിൽ ഗോൾ നേടിയത്. ആ പേരുദോഷമാണ് ഛേത്രി മാറ്റിയത്. എന്നാൽ, നീലപടക്ക് ജയിക്കാനായില്ല. 2005ൽ ആദ്യമായി ദേശീയ ടീമിനൊപ്പം ബൂട്ടുകെട്ടിയ ഛേത്രി ഇതുവരെ രാജ്യത്തിനായി 11 കിരീടങ്ങൾ നേടിയിട്ടുണ്ട്.

Tags:    
News Summary - World Cup Qualifiers: India Lose 1-2 vs Afghanistan Despite Sunil Chhetri's Goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.