ന്യൂഡൽഹി: ലോകകപ്പ് ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ട് സാധ്യതകൾ മങ്ങിത്തുടങ്ങിയ ഇന്ത്യൻ ഫുട്ബാൾ ടീം തൽക്കാലം പരിശീലകനെ മാറ്റില്ല. യോഗ്യത റൗണ്ടിൽ ശേഷിക്കുന്ന കുവൈത്തിനും ഖത്തറിനുമെതിരായ മത്സരങ്ങൾക്ക് ടീമിനെ സജ്ജമാക്കണമെന്ന് ഇഗോർ സ്റ്റിമാക്കിനോട് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിർദേശിച്ചു.
മാർച്ച് 26ന് ഗുവാഹതിയിൽ അഫ്ഗാനിസ്താനോട് 1-2ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെയാണ് സ്റ്റിമാക്കിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ വീണ്ടും ഗൗരവത്തിലായത്. തുടർന്ന് ഐ.എം. വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് പരിശീലകനെ മാറ്റാൻ ശിപാർശ ചെയ്തു. എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എൻ.എ ഹാരിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയും യോഗം ചേർന്ന് സ്റ്റിമാക്കുമായും ആശയവിനിമയം നടത്തി. രണ്ടാം സ്ഥാനക്കാരായി മൂന്നാം റൗണ്ടിൽ കടക്കാൻ ഇന്ത്യക്ക് ഇനിയും സാധ്യത നിലനിൽക്കുന്നതിനാൽ ഇപ്പോൾ പരിശീലകനെ മാറ്റുന്നത് ബുദ്ധിയല്ലെന്നാണ് വിലയിരുത്തൽ.
ജൂൺ ആറിന് കുവൈത്തിനെതിരെ ഇന്ത്യക്ക് ഹോം മത്സരവും 11ന് ഖത്തറിനെതിരെ എവേ മത്സരവുമുണ്ട്. കുവൈത്തിനെതിരായ മത്സരം സമനിലയിൽ ആയാൽപ്പോലും ഇന്ത്യയെ ബാധിക്കും. ആറിൽ നാസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 12 പോയന്റുള്ള ഖത്തർ മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. ഇന്ത്യ (4), അഫ്ഗാൻ (4), കുവൈത്ത് (3) ടീമുകളാണ് അടുത്ത സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.