മസ്കത്ത്: ലോകകപ്പ് യോഗ്യത സാധ്യതകൾ വീണ്ടും സജീവമാക്കി ഒമാൻ. കഴിഞ്ഞ ദിവസം നടന്ന അതിനിർണായക മത്സരത്തിൽ ഫലസ്തീനെതിരെ 1-1 സമനില പിടിച്ചാണ് റെഡ്‍വാരിയേഴ്സ് നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്.

കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 97ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയുടെ സമനില ഗോളാണ് റെഡ് വാരിയേസഴ്സിന്‍റെ ലോകകപ്പ് സാധ്യതകൾക്ക് വീണ്ടും നിറം പകർന്നത്. ഒരു ഗോളിന് തോറ്റ് ടീം പുറത്താകുമെന്ന ഘട്ടത്തിൽ കിട്ടിയ പെനാൽറ്റി വളരെ വിദഗ്ധമായി ഇസ്സാം വലയിലെത്തിക്കുകയായിരുന്നു.

അതേസമയം, നേരീയ പോയന്റ് വ്യത്യാസത്തിൽ ഫലസ്തീൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ നിന്ന് പുറത്താകുകയും ചെയ്തു. ഗ്രൂപ്പ് ബിയിൽ പത്ത് കളിയിൽ നിന്ന് 11പോയന്റുമായി നാലാം സ്ഥാനക്കാരായാണ് ഒമാൻ അടുത്ത റൗണ്ടിൽ പ്രവേശിച്ചത്. ഫലസ്തീന് 10 പോയന്റാണുള്ളത്. ദക്ഷിണ കൊറിയയും ജോർഡനും ഈ ഗ്രൂപ്പിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 15 പോയന്റുമായി ഗ്രൂപ്പിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി ഇറാഖും അടുത്ത റൗണ്ടിൽ കടന്നു.

ജോർഡനിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊണ്ടും കൊടുത്തുമായിരുന്നു ഒമാനും ഫലസ്തീനും ആദ്യ പകുതിയിൽ മു​ന്നേറിയിരുന്നത്. വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഫലസ്തീനായിരുന്നു കൂടൂതൽ ആക്രമണോത്സുകത. കളം നിറഞ്ഞ് കളിച്ച ഒമാൻ പന്തടക്കത്തിൽ മികവ് പുലർത്തിയെങ്കിലും വല കുലുക്കാനായില്ല. ആദ്യപകുതിക്ക് വിസിൽ മുഴങ്ങുമ്പോൾ ഇരുടീമുകളും ഗോളൊന്നും അടിച്ചിരുന്നില്ല.

ആദ്യം ഗോൾ നേടി ആധ്യപത്യം പുലർത്തുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു ഇരു ടീമുകളും രണ്ടാം പകുതിയിൽ ഇറങ്ങിയിരുന്നത്. ഇതിൽ ഫലസ്തീൻ വിജയിക്കുകയും ചെയ്തു. വിസിൽ മുഴങ്ങി നാല് മിനിറ്റുകൾക്കുള്ളിൽ ഒമാനെ ഞെട്ടിച്ച് അവർ വല കുലുക്കി. ​ഗോൾ വീണതോടെ കൂടുതൽ ഉണർന്ന് കളിക്കുന്ന ഒമാൻ താരങ്ങളെയാണ് പിന്നീട് ഗ്രൗണ്ടിൽ കണ്ടത്.

ഇടതുവലതുവിങ്ങുകളിലുടെ നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും ഫലസ്തീന്റെ പ്രതിരോധം കീഴടക്കാൻ അവർക്കായില്ല. ഇതിനിടെ 73ാം മിനിറ്റിൽ ഒമന്റെ ഹാരിബ് അൽസാദി റെഡ് കാർഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി. ഒടുവിൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വീണുകിട്ടിയ പെനാൽറ്റിയിലൂടെ സമനില പിടിച്ച് ഒമാൻ നാലാം റൗണ്ടിൽ കടക്കുകയായിരുന്നു.

-------------------

Tags:    
News Summary - World Cup qualification: Oman advances to fourth round without losing draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.