1998 ലോകകപ്പ് കിരീടവുമായി ഫ്രാൻസ് ടീം
ലോകം ഒരു പന്തിലേക്ക് ചെറുതാവാൻ കൃത്യം ഒരു മാസം ബാക്കി. ജൂൺ 11നാണ് യു.എസിലും കാനഡയിലും മെക്സിക്കോയിലുമായി ഫിഫ ഫുട്ബാൾ ലോകകപ്പിന് തുടക്കമാവുക. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണിത്. 1930ലെ പ്രഥമ ലോകകപ്പിൽ ഇറങ്ങിയത് 13 ടീമുകൾ മാത്രമായിരുന്നു. നൂറ്റാണ്ടിന്റെ പോരാട്ടത്തിന് ഒരു പതിപ്പ് ബാക്കിയിരിക്കെ 48ലേക്കുള്ള വളർച്ച കൗതുകമുണർത്തുന്നതാണ്.
ഉറുഗ്വായിയിലായിരുന്നു ആദ്യ ലോകകപ്പ്. യോഗ്യത റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കാതെ ടീമുകളെ നേരിട്ട് കളിപ്പിച്ച ടൂർണമെന്റ്. 16 രാജ്യങ്ങളെയാണ് ലോകകപ്പിന് ക്ഷണിച്ചിരുന്നത്. ഏഷ്യൻ ടീമുകളായ ജപ്പാനും തായ്‍ലൻഡും പിന്മാറി. ആഫ്രിക്കയിൽനിന്ന് ക്ഷണം ലഭിച്ച ഏക ടീമായ ഈജിപ്തിലെ താരങ്ങൾക്ക് യാത്ര സൗകര്യം ലഭ്യമാവാതിരുന്നതോടെ അവരും എത്തിയില്ല. ബാക്കി 13 ടീമുകൾ കളിച്ചു. വടക്കെ അമേരിക്കയിൽ നിന്ന് യു.എസ്, മെക്സിക്കോ, തെക്കെ അമേരിക്കയിൽ നിന്ന് അർജന്റീന, ബ്രസീൽ, ബൊളീവിയ, ചിലി, പരഗ്വെ, പെറു, ആതിഥേയരായ ഉറുഗ്വായ്, യൂറോപ്പിൽനിന്ന് ഫ്രാൻസ്, റുമേനിയ, ബെൽജിയം, യൂഗോസ്ലാവിയ എന്നിവരാണ് കളിച്ചത്. ആകെ 18 മത്സരങ്ങൾക്കൊടുവിൽ ഉറുഗ്വായ് ജേതാക്കളും അർജന്റീന റണ്ണറപ്പുമായി.
1934ലെ രണ്ടാം ലോകകപ്പിൽ 16 ടീമുകൾ കളിച്ചു. ഇക്കുറി യോഗ്യത മത്സരങ്ങളുണ്ടായിരുന്നു. 1978 വരെ 16 ടീമുകളായി തുടർന്നു. ഇടക്ക് പിന്മാറ്റം കാരണം ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. 1938ൽ 15ഉം 1950ൽ 13ഉം ടീമുകളാണ് കളിച്ചത്. 1982 മുതൽ 1994 വരെ 24 രാജ്യങ്ങൾ ലോകകപ്പിൽ ഇറങ്ങി. ഇതോടെ ഏഷ്യക്കും ആഫ്രിക്കക്കും കൂടുതൽ പ്രാതിനിധ്യം ലഭിച്ചു.
1998ലെ ഫ്രാൻസ് ലോകകപ്പ് ചരിത്രത്തിൽ നിർണായക വഴിത്തിരിവുണ്ടായി. ടീം എണ്ണം 32 ആക്കി. ആധുനിക നോക്കൗട്ട് ഫോർമാറ്റ് തുടങ്ങുന്നത് ഈ പതിപ്പിലാണ്. ഗ്രൂപ് റൗണ്ടിന് ശേഷം പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെ ഘട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ തോൽപിച്ച് ഫ്രാൻസ് തങ്ങളുടെ ആദ്യ ലോക കിരീടത്തിൽ മുത്തമിട്ടു.
ഏറ്റവും വലിയ ലോകകപ്പാണ് 2026 ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാൻ പോവുന്നത്. 48 ടീമുകളായതോടെ മത്സരങ്ങളുടെ എണ്ണം 64ൽനിന്ന് 104ലേക്ക് ഉയർന്നു. നാലുവീതം ടീമുകൾ 12 ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. പിന്നെ റൗണ്ട് ഓഫ് 32, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെ ഘട്ടങ്ങളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.