‘വത്വൻ’ സുരക്ഷ അഭ്യാസത്തിനു മുന്നോടിയായി നടന്ന പ്രദർശനത്തിൽനിന്ന്

ലോകകപ്പ്: എല്ലാ സജ്ജം; സുരക്ഷാഭ്യാസത്തിനൊരുങ്ങി...

ദോഹ: ലോകകപ്പിന്റെ സുരക്ഷ ഒരുക്കങ്ങളിൽ പ്രധാനമായ സംയുക്ത സേനാഭ്യാസത്തിന് അമീറിന്റെ സാന്നിധ്യത്തിൽ തുടക്കമായി. ഞായറാഴ്ച മുതൽ അഞ്ചു ദിവസമാണ് വത്വൻ സുരക്ഷാഭ്യാസം. വ്യാഴാഴ്ച നടന്ന ലഖ്‍വിയ ക്യാമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് വിവിധ രാജ്യങ്ങൾ പങ്കാളികളാകുന്ന 'വത്വൻ' അഭ്യാസത്തിനും അമീർ തുടക്കം കുറിച്ചത്.

വത്വൻ സുരക്ഷ അഭ്യാസം ഉദ്ഘാടനം ചെയ്യാനെത്തുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാഷ്ട്ര പ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നു

അത്യാധുനിക സംവിധാനങ്ങളും പരിശീലന സൗകര്യങ്ങളുമായാണ് ലഖ്‍വിയയുടെ പുതിയ കെട്ടിടമൊരുങ്ങിയത്. ഉദ്ഘാടനത്തിനു ശേഷം, ഷൂട്ടിങ് റേഞ്ച്, മൾട്ടി സർവിസ് ബിൽഡിങ്, മെഡിക്കൽ സർവിസ് ബിൽഡിങ് എന്നിവ അമീർ സന്ദർശിച്ചു. ലോകകപ്പ് സുരക്ഷ സേനയുടെ തയാറെടുപ്പുകളും അമീർ നിരീക്ഷിച്ചു. തുടർന്നായിരുന്നു ഞായറാഴ്ച ആരംഭിക്കുന്ന 'വത്വൻ' സംയുക്ത സേനാഭ്യാസത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനിക, അർധസൈനിക, സുരക്ഷ വിഭാഗങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഓപറേഷൻ വിഭാഗങ്ങളും ഖത്തറിന്‍റെ വിവിധ മന്ത്രാലയങ്ങളും അണിചേരുന്നതാണ് 'വത്വൻ' അഭ്യാസ പ്രകടനം.

കരയിലും കടലിലും ആകാശത്തുമായി നടക്കുന്ന 'വത്വൻ' അഭ്യാസ പ്രകടനത്തിന്റെ തയാറെടുപ്പുകളും മാതൃകകളും അമീർ വീക്ഷിച്ചു. ആക്രമണങ്ങളും അപകടങ്ങളുമുണ്ടാവുമ്പോൾ അതിവേഗത്തിൽ വിവിധ വിഭാഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രക്ഷാപ്രവർത്തനം നടത്തുന്ന രീതികളും ബന്ധപ്പെട്ടവർ അമീറിന് വിശദീകരിച്ചു നൽകി.

ലഖ്‍വിയ ക്യാമ്പ് ബിൽഡിങ് ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ​ങ്കെടുക്കുന്നു

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് അബ്ദുൽഅസീസ് ബിൻ ഫൈസൻ ആൽഥാനി, ലഖ്‍വിയ കമാൻഡർ, മുതിർന്ന സേന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. 11 മന്ത്രാലയങ്ങളുടെയും സൗദി അറേബ്യ, പാകിസ്താൻ, ഫ്രാൻസ്, ജർമനി, പോളണ്ട്, ഇറ്റലി, ജോർഡൻ, കുവൈത്ത്, സ്പെയിൻ, തുർക്കിയ, ഫലസ്തീൻ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള സുരക്ഷ വിദഗ്ധരുടെയും പങ്കാളിത്തത്തിലാണ് 'വത്വൻ' അഭ്യാസം സംഘടിപ്പിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണശേഷി വിലയിരുത്തുക, സൈനിക, സിവിൽ ഏജൻസികൾ തമ്മിലുള്ള കമാൻഡ്, കൺട്രോൾ, സഹകരണ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുക, ലോകകപ്പ് സമയത്തെ പതിവ് ദൗത്യങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിലെ ബന്ധപ്പെട്ട അധികാരികളുടെ പങ്ക് വർധിപ്പിക്കുക തുടങ്ങിയവയാണ് 'വത്വൻ' അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷയുടെ ഭാഗമാവുന്ന മുഴുവൻ സേനാവിഭാഗങ്ങളും ഇതിനകം ദോഹയിലെത്തിയിട്ടുണ്ട്.

Tags:    
News Summary - World Cup: All Set; Ready for safety drill...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.