1. ഡെന്മാർക്കിനെതിരെ ഗോൾ നേടിയത് ആഘോഷിക്കുന്ന ആസ്ട്രേലിയൻ താരങ്ങൾ, 2. പെനാൽറ്റി ഷൂട്ടൗട്ടിൽ നൈജീരിയയെ തോൽപിച്ച ആഹ്ലാദത്തിൽ

ഇംഗ്ലണ്ട് താരങ്ങൾ

വനിത ലോകകപ്പ്: ഇംഗ്ലണ്ട്, ആസ്ട്രേലിയ ക്വാർട്ടറിൽ

സിഡ്നി: ഇംഗ്ലണ്ടും ആതിഥേയരായ ആസ്ട്രേലിയയും വനിത ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗോൾരഹിത സമനിലയിൽ കലാശിച്ച നൈജീരിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ 4-2 ജയമാണ് ഇംഗ്ലീഷുകാർക്ക് അവസാന എട്ടിൽ ഇടംനേടിക്കൊടുത്തത്. ഡെന്മാർക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ആസ്ട്രേലിയയും തോൽപിച്ചു.

നിശ്ചിത സമയത്തും അധിക സമയത്തും ലഭിച്ച അവസരങ്ങൾ ഗോളാക്കുന്നതിൽ ഇംഗ്ലണ്ടും നൈജീരിയയും പരാജയപ്പെട്ടതോടെയാണ് ടൈബ്രേക്കർ വേണ്ടിവന്നത്. 87ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ ലോറൻ ജെയിംസ് ചുവപ്പ് കാർഡ് മടങ്ങിയതോടെ പത്തുപേരായി ചുരുങ്ങിയിരുന്നു ഇംഗ്ലീഷ് സംഘം. നിലവിലെ ചാമ്പ്യന്മാരായ യു.എസ് പ്രീക്വാർട്ടറിൽ സ്വീഡനോട് തോറ്റ് പുറത്തായതോടെ കിരീട ഫേവറിറ്റുകളായി മാറിയ ടീമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ നൈജീരിയക്ക് കഴിഞ്ഞു. കൊളംബിയ-ജമൈക്ക പ്രീക്വാർട്ടറിലെ വിജയികളാണ് ശനിയാഴ്ചത്തെ ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.

പരിക്കുമൂലം പുറത്തിരുന്ന ക്യാപ്റ്റൻ സാം കെർ ടൂർണമെന്റിൽ ആദ്യമായി കളത്തിലിറങ്ങിയ കളിയിൽ ആധികാരികമായിരുന്നു ആസ്ട്രേലിയൻ ജയം. 29ാം മിനിറ്റിൽ കെയ്റ്റ്ലിൻ ഫൂർഡും 70ൽ ഹെയ്‍ലി റാസോയും ഡാനിഷ് ടീമിന്റെ വലയിൽ പന്തെത്തിച്ചു. 78ാം മിനിറ്റിൽ പകരക്കാരിയായാണ് സാം കെർ ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ക്വാർട്ടറിൽ പുറത്താവുകയായിരുന്നു ആസ്ട്രേലി‍യ. ഫ്രാൻസ്-മൊറോക്കോ പ്രീക്വാർട്ടറിലെ വിജയികളെ ശനിയാഴ്ചത്തെ ക്വാർട്ടറിൽ ആതിഥേയർ നേരിടും.

മൊറോക്കോക്ക് ഫ്രഞ്ച് വെല്ലുവിളി

അഡലെയ്ഡ്: ആദ്യമായി ലോകകപ്പിനെത്തി പ്രീക്വാർട്ടറിൽക്കടന്ന് അദ്ഭുതം സൃഷ്ടിച്ച മൊറോക്കോ വനിതകൾ ക്വാർട്ടർ ഫൈനൽ തേടി ചൊവ്വാഴ്ച ഫ്രാൻസിനെ നേരിടും. ലോകകപ്പിന് യോഗ്യത നേടിയ ആദ്യ അറബ് രാഷ്ട്രമായ മൊറോക്കോ ജയിച്ചാൽ അതും ചരിത്രമാവും. ഇന്നത്തെ മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ കൊളംബിയയും ജമൈക്കയും ഏറ്റുമുട്ടും.

Tags:    
News Summary - Women's World Cup: England, Australia in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.