മെസ്സി ഒക്ടോബറിൽ തന്നെ വരുമോ? വ്യക്തമായ മറുപടി നൽകാതെ മന്ത്രി

മലപ്പുറം: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തുമെന്ന് അറിഞ്ഞ ത്രില്ലിലാണ് ഫുട്ബാൾ പ്രേമികൾ. കഴിഞ്ഞദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ചടങ്ങിനിടെ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായാണ് കായികമന്ത്രി വി. അബ്ദുറഹിമാൻ മെസ്സി ഒക്ടോബർ 25ന് എത്തുമെന്ന് അറിയിച്ചത്. എന്നാൽ, ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ മന്ത്രി കൂട്ടാക്കിയില്ല.

കുട്ടികൾക്ക് പ്രചോദനമാകുന്ന തരത്തിലാണ് താൻ മറുപടി നൽകിയതെന്നും അർജന്‍റീന ടീമിന്‍റെ വരവുമായി ബന്ധപ്പെട്ട തീയതിയും മറ്റും പിന്നീട് പറയാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രി പറഞ്ഞ തീയതികളിൽ സംശയം പ്രകടിപ്പിച്ച് സമൂഹ മാധ്യമങ്ങളിലും പോസ്റ്റുകൾ നിറയുന്നുണ്ട്. ഒക്ടോബർ അവസാന വാരം അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള വിൻഡോ അല്ലെന്നാണ് ആരാധകരിൽ ചിലർ വാദിക്കുന്നത്. 2030വരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ ക്ലബുകൾ വിട്ടുനൽകേണ്ട തീയതികൾ 2023ൽ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് ഈ വർഷം ഒക്ടോബർ ആറ് മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേളയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

പ്രാരംഭ ചർച്ചകൾ കഴിഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ തീയതി അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഉറപ്പ് നൽകിയിട്ടില്ലെന്നാണ് സൂചന. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. അർജന്‍റീന ടീമിന്‍റെ വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ടല്ല നടക്കുന്നതെന്നും വിവരമുണ്ട്. സ്വകാര്യ ഏജൻസിയാണ് വരവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ചചെയ്യുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബാള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്.

Tags:    
News Summary - Will Messi come in October? The minister did not give a clear answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.