ഹാ​രി കെ​യ്ൻ

യൂറോപ്പിലെ സുവർണ പാദങ്ങൾ ആരുടേത്?

യൂറോപ്യൻ രാജ്യങ്ങളിലെ ആഭ്യന്തര ഫുട്ബാൾ സീസൺ അവസാനത്തോടടുക്കവെ, ഇത്തവണ ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ ആരുടെ പേരിലാവുമെന്ന് ഏറക്കുറെ ഉറപ്പായി. മിക്ക ലീഗുകളിലും രണ്ടും മൂന്നും മത്സരങ്ങൾ മാത്രം ശേഷിക്കുമ്പോൾ വ്യക്തമായ മേൽക്കൈയുമായി ബയേൺ മ്യൂണികിന്റെ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ആണ് യൂറോപ്യൻ സുവർണ പാദുകത്തിനുള്ള (ഗോൾഡൻ ബൂട്ട്) മത്സരത്തിൽ മുന്നിൽ. 33 ഗോളുകൾ നേടിക്കഴിഞ്ഞ 32കാരന് 66 പോയന്റായി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ ഫോർവേഡ് എർലിങ് ഹാലന്റ് (26 ഗോൾ, 52 പോയന്റ്), റയൽ മഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരൻ കിലിയൻ എംബാപെ (24 ഗോൾ, 48 പോയന്റ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. എംബാപെയാണ് നിലവിലെ ജേതാവ്.

വിവിധ ലീഗുകളിലെ ഗോളുകൾക്ക് നൽകുന്ന പോയന്റുകളിൽ വ്യത്യാസമുണ്ട്. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെ ലീഗ് ഗോളുകൾക്ക് രണ്ട് പോയന്റ് വീതം നൽകുമ്പോൾ മറ്റു ലീഗുകളിലെ ഗോളുകൾക്ക് 1.5 പോയന്റ് വീതമാണ് അനുവദിക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ തവണ പോർചുഗലിലെ സ്പോർട്ടിങ്ങിനായി കളിച്ചിരുന്ന വിക്ടർ ഗ്യോർക്കറസ് 39 ഗോളടിച്ചിട്ടും (58.5 പോയന്റ്) 31 ഗോളടിച്ച എംബാപെക്ക് (62 പോയന്റ്) പിന്നിലായത്. ഇത്തവണ കൂടുതൽ ഗോളുകളടിച്ചിട്ടും ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സഗ്രിബിന്റെ ഡിയോൺ ബെല്യോ (30 ഗോൾ, 45 പോയന്റ്) ഹാലൻഡ്, എംബാപെ എന്നിവരുടെ പിന്നിലാവാനുള്ള കാരണവും അതുതന്നെ.

ഫ്രഞ്ച് പത്രമായ ‘ലീക്വിപ്’ 1967-68 സീസണിലാണ് യൂറോപ്പിലെ ലീഗുകളിലെ ടോപ്സ്കോറർക്ക് ഗോൾഡൻ ബൂട്ട് പുരസ്കാരം സമ്മാനിച്ചുതുടങ്ങിയത്. 42 ഗോളുകൾ നേടിയ ബെൻഫികയുടെ പോർചുഗീസ് ഇതിഹാസം യുസേബിയോ ആയിരുന്നു ആദ്യ ജേതാവ്. 1990-91 സീസണിൽ തങ്ങളുടെ ലീഗിൽ കളിച്ച ഒരു താരം 40 ഗോളടിച്ചിട്ടും പുരസ്കാരം ലഭിച്ചില്ലെന്ന് കാണിച്ച് സൈപ്രസ് ഫുട്ബാൾ അസോസിയേഷൻ പ്രതിഷേധിച്ചതോടെ പുരസ്കാരം നിർത്തിവെച്ചു. പിന്നീട് 1996-97 സീസണിൽ യുറോപ്യൻ ഫുട്ബാൾ മാഗസിനുകളുടെ കൂട്ടായ്മയായ ‘യൂറോപ്യൻ സ്പോർട്സ് മീഡിയ’ ആണ് ഇപ്പോൾ കാണുന്ന പോയന്റ് രീതിയിൽ പുരസ്കാരം പുനരാരംഭിച്ചത്.

ആറ് തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ലയണൽ മെസ്സിയാണ് പുരസ്കാര നേട്ടത്തിൽ മുൻപന്തിയിൽ. നാല് പുരസ്കാരവുമായി ക്രിസ്റ്റ്യനോ റൊണാൾഡോയാണ് രണ്ടാമത്. ഗെർഡ് മുള്ളർ, തിയറി ഒന്റി, ഡീഗോ ഫോർലാൻ, ലുയി സുവാരസ്, റോബർട്ട് ലെവൻഡോവ്സ്കി തുടങ്ങിയവരടക്കം ഒമ്പത് താരങ്ങൾ രണ്ടു വട്ടം വീതം പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 2011-12 സീസണിൽ 50 ഗോളടിച്ച ലയണൽ മെസ്സിയാണ് പുരസ്കാര ജേതാക്കളിൽ ഒരു സീസണിൽ കൂടുതൽ സ്കോർ ചെയ്ത താരം.

2025 സീ​സ​ണി​ലെ ഗോ​ൾ​ഡ​ൻ ബൂ​ട്ട് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ

(പേ​ര്, ക്ല​ബ്, ഗോ​ൾ, പോ​യ​ന്റ്)

1. ഹാ​രി കെ​യ്ൻ, ബ​യേ​ൺ മ്യു​ണി​ക് -33, 66

2. എ​ർ​ലി​ങ് ഹാ​ല​ൻ​ഡ്, മാ​ഞ്ച​സ്റ്റ​ർ സി​റ്റി -26, 52

3. കി​ലി​യ​ൻ എം​ബാ​പെ, റ​യ​ൽ മ​ഡ്രി​ഡ് -24, 48

4. ഡി​യോ​ൺ ബെ​ല്യോ, ഡൈ​നാ​മോ സ​ഗ്രി​ബ് -30, 45

5. വെ​ദാ​ത് മു​റി​ഖി, റ​യ​ൽ മ​യോ​ർ​ക -22, 44

6. ഇ​ഗോ​ൾ തി​യാ​ഗോ, ബ്രെ​ന്റ്ഫോ​ഡ് -22, 44

7. ലൂ​യി​സ് സു​വാ​ര​സ്, സ്​​പോ​ർ​ട്ടി​ങ് -27, 40.5

8. എ​സ്ത​ബാ​ൻ ലീ​പോ​ൾ, എ​ൻ​ഗേ​ർ​സ്/​റെ​ന്നെ​സ് -20, 40

9. ഡെ​ന്നി​സ് ഉ​ൻ​ഡാ​വ്, സ്റ്റു​ട്ട്ഗാ​ർ​ട്ട് -19, 38

10. അ​യാ​സെ ഉ​യേ​ദ, ഫെ​യ്നൂ​ർ​ദ് -25, 37.5

Tags:    
News Summary - Who owns the golden feet in Europe?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.