'കൊണ്ടാൽ കൊടുക്കുന്നോൻ...'കാസെമിറോയെത്തുന്നു, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കഷ്ടകാലം മാറുമോ?

ലണ്ടൻ: പത്തുവർഷം റയൽ മഡ്രിഡിന്റെ മധ്യനിരയിൽ പ്രതിരോധ-ആക്രമണ തന്ത്രങ്ങൾക്ക് അകമഴിഞ്ഞ് വിയർപ്പൊഴുക്കിയതിനൊടുവിൽ ബ്രസീലിയൻ താരം കാസെമിറോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് കൂടുമാറുമ്പോൾ കളിക്കമ്പക്കാരുടെ പുരികം ചുളിയുകയാണ്. സ്പാനിഷ്, ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് ജേതാക്കളായ അണിയിൽനിന്ന് തോൽവികളിൽനിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ കുപ്പായമണിയാൻ കാസെമിറോ തയാറാകുന്നത് എന്തുകൊണ്ടാവും? അതിനേക്കാളുപരി, ആത്മവിശ്വാസം ചോർന്നുകൊണ്ടിരിക്കുന്ന ഓൾഡ് ട്രാഫോർഡിലേക്ക് കൊള്ളാനും കൊടുക്കാനും മിടുക്കുള്ള ഡിഫൻസിവ് മിഡ്ഫീൽഡർ എത്തുമ്പോൾ അത് ചെങ്കുപ്പായക്കാരിലുണ്ടാക്കു​ന്ന മാറ്റം ഏതുവിധത്തിലാകും...? ഈ കൂടുമാറ്റം ഫുട്ബാൾ ലോകത്ത് ഏറെ ചർച്ചയാവുന്നത് പല കാരണങ്ങളാലാണ്.

റയലിനൊപ്പം 18 കിരീടനേട്ടങ്ങളിൽ പങ്കാളിയായിരുന്നു 30കാരൻ. അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ, മൂന്ന് യുവേഫ സൂപ്പർ കപ്പ്, മൂന്ന് ലാ ലിഗ കിരീടം, ഒരു കോപ ഡെൽ റേ, മൂന്ന് സ്പാനിഷ് സൂപ്പർ കപ്പ്...റയൽ മഡ്രിഡിനുവേണ്ടി 221 കളികളിൽ ജഴ്സിയണിഞ്ഞ കാസെമിറോ 63 മത്സരങ്ങളിൽ ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞക്കുപ്പായമിട്ടിട്ടുണ്ട്. 2010 മുതൽ മൂന്നു വർഷം സാവോ​പോളോക്ക് വേണ്ടി ബ്രസീലിയൻ ലീഗിൽ മികവു കാട്ടിയശേഷമാണ് റയലിലേക്കെത്തുന്നത്.


ഫ്രാങ്ക്ഫർട്ടിനെതിരെ കഴിഞ്ഞയാഴ്ച റയൽ സൂപ്പർ കപ്പ് മത്സരം ജയിച്ചപ്പോൾ കളിയിലെ കേമനായി തെരഞ്ഞെടുത്തത് കാസെമിറോയെ ആയിരുന്നു. 2002ലെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 അംഗ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. റയൽ മഡ്രിഡിനുവേണ്ടി എല്ലാം സമർപ്പിച്ച, അർപ്പണബോധവും പ്രതിബദ്ധതയുമുള്ള കളിക്കാരനായിരുന്നു അദ്ദേഹമെന്നും മാഞ്ചസ്റ്റർ യുനൈറ്റഡുമായി കൂടുമാറ്റം ഉറപ്പിച്ച വിവരം പ്രഖ്യാപിച്ച് റയൽ തങ്ങളുടെ വെബ്സൈറ്റിൽ വിശദീകരിച്ചു.

അടുത്ത നാലു വർഷത്തേക്ക് ഇപ്പോൾ ലഭിക്കുന്നതിന്റെ ഇരട്ടി ശമ്പളമാണ് കാസെമിറോക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് തുടക്കം മുതൽ മാഞ്ചസ്റ്ററുകാർ താരത്തിനായി കരുക്കൾ നീക്കിത്തുടങ്ങിയിരുന്നു. 65 ലക്ഷം യൂറോക്ക് സാവോപോളോയിൽനിന്ന് വാങ്ങിയ താരത്തെ റയൽ ഏഴു കോടി യൂറോക്കാണ് (560 കോടി രൂപ) മാഞ്ചസ്റ്റർ യുനൈറ്റഡിന് കൈമാറുന്നതെന്നാണ് സൂചന.

'ചികിത്സ' ഫലിക്കുമോ? കാസെമിറോ രക്ഷകനാവുമോ?

കഴിഞ്ഞ സീസണിലെ തകർച്ചയുടെ തുടർച്ചയാണ് ഇക്കുറിയും മാഞ്ചസ്റ്ററുകാരുടേത്. പ്രീമിയർ ലീഗിൽ കളിച്ച രണ്ടു കളികളും ദയനീയമായി തോറ്റു. ദുർബലരായ ബ്രെൻഫോർഡ് അടക്കം ലോകത്തെ വിസ്മയിപ്പിച്ച് മാഞ്ചസ്റ്ററിന്റെ കേളികേട്ട വലക്കണ്ണികൾക്കുള്ളിലേക്ക് തുരുതുരാ ഗോളുകൾ അടിച്ചുകയറ്റുന്നു. രണ്ടു കളികളിൽ വഴങ്ങിയത് അരഡസൻ ഗോളുകൾ. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ തുടർന്ന് ചാമ്പ്യൻസ് ലീഗിൽ ഇക്കുറി ഇടമില്ലാതെ പോയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപെടെയുള്ള ചില താരങ്ങൾ ഏതുവിധേനയും ക്ലബിൽനിന്ന് പുറത്തുചാടാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് 'മുങ്ങുന്ന കപ്പലിലേക്ക്' കാസെമിറോ സധൈര്യം എത്തുന്നത്.


മികച്ച താരങ്ങൾ ഇപ്പോഴും അണിയി​ലുണ്ടെങ്കിലും ആത്മവിശ്വാസത്തിനേറ്റ പരിക്ക് ഗുരുതരമാണ്. അത് ഭേദമാക്കുകയെന്ന ലക്ഷ്യത്തിലാണ് പണമെറിഞ്ഞും യുനൈറ്റഡ് അടിയന്തര 'ചികിത്സ' നടത്തുന്നത്. കാസെമിറോ മാഞ്ചസ്റ്ററിലേക്ക് വിമാനം കയറുന്നത് ഇതിന്റെ ഭാഗമാണ്. ഹോൾഡിങ് മിഡ്ഫീൽഡർ എന്ന നിലയ്ക്ക് ടീമിന്റെ ഡിഫൻസിവ് തന്ത്രങ്ങളിൽ വലിയ സംഭാവനയർപ്പിക്കാൻ കഴിയുന്ന ബ്രസീലുകാരനെ മധ്യനിരക്കും പ്രതിരോധത്തിനുമിടയിലെ വിള്ളലുകളടയ്ക്കാൻ നിയോഗിച്ചാൽ അതുണ്ടാക്കുന്ന മാറ്റം ടീമിന്റെ ​പ്രകടനത്തെ ഗുണപരമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്മെന്റ്.

റിക്കവറികളും ഇന്റർസെപ്ഷനുകളും...കേമനാണ് കാസെമിറോ

ആ കണക്കുകൂട്ടൽ ഏറെക്കുറെ ശരിയായി പുലർന്നേക്കും. കാരണം, ആധുനിക ഫുട്ബാളിൽ ഡിഫൻസീവായി കളിയെ റീഡ് ചെയ്യാൻ കഴിയുന്ന അപൂർവം കളിക്കാരിൽ ഒരാളാണ് കാസെമിറോ. ബ്രേക് അപ് ​േപ്ലക്ക് പേരുകേട്ട താരം പന്ത് തട്ടിയെടുക്കുന്നതിലും ഇടപെടലുകളിലും ഏറെ കേമനുമാണ്. ഓരോ മത്സരങ്ങൾക്കും ശേഷം എത്ര റിക്കവറികളും ഇന്റർസെപ്ഷനുകളും താൻ നടത്തിയിട്ടുണ്ടെന്ന് എല്ലായ്പോഴും വിലയിരുത്താൻ സമയം കണ്ടെത്തുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുമുണ്ട്.


Full View

ചാമ്പ്യൻസ് ലീഗ് കഴിഞ്ഞ തവണ റയൽ നേടിയപ്പോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ബാൾ റിക്കവറി കാസെമിറോയുടെ പേരിലായിരുന്നു. ഫലപ്രദമായ ടാക്ലിങ്ങുകൾക്കും സെറ്റ് ​േപ്ലകളിലെ ഇടപെടലുകൾക്കുമുള്ള മികവും ചേരുമ്പോൾ ലക്ഷണമൊത്ത ഡിഫൻസിവ് മിഡ്ഫീൽഡർക്കുള്ള എല്ലാ ചേരുവയും കാസെമിറോയിൽ ഒത്തിണങ്ങുന്നു. ഒരു ക്രിയേറ്റിവ് മിഡ്ഫീൽഡറെക്കൂടി ടീമിൽ എത്തിക്കാനുള്ള യു​നൈറ്റഡിന്റെ ശ്രമങ്ങൾ ലക്ഷ്യം കണ്ടാൽ, ത്രീ മാൻ മിഡ്ഫീൽഡിനു പിന്നിൽ ഇറങ്ങിനിൽക്കുന്ന കളിക്കാരനായി കാസെമിറോ വിന്യസിക്കപ്പെടുമ്പോൾ കുറേയേറെ പ്രശ്നങ്ങൾ അതുവഴി പരിഹരിക്കപ്പെടുമെന്നുറപ്പ്.

Tags:    
News Summary - What will Casemiro bring to Manchester United?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.