വുകോമനോവിച് താരങ്ങളെ തിരിച്ചുവിളിച്ചത് ശരിയോ? ബ്ലാസ്റ്റേഴ്സിനെതിരെ നടപടി എന്തായിരിക്കും...

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂർത്തിയാകുന്നതിനു മുമ്പ് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നത്. മത്സരത്തിൽ അധിക സമയത്തിന്‍റെ 96ാം മിനിറ്റിൽ ഫ്രീകിക്കിൽ ബംഗളൂരു സൂപ്പർതാരം സുനിൽ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയായിരുന്നു തർക്കം.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട ചേത്രി ഞൊടിയിടയിൽ പന്ത് വലയിലെത്തിക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. പിന്നാലെയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിച്ചത്. താരങ്ങൾ മൈതാനം വിടുകയും ചെയ്തു.

മാച്ച് കമീഷണർ റഫറിയുമായി നടത്തിയ ചർച്ചക്കുശേഷം ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ സുനിൽ ഛേത്രിയെയും റഫറിയെയും വിമർശിച്ചും വുകോമനോവിച്ചിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചും ആരാധകർ സമൂഹമാധ്യമങ്ങളിൽ സജീവമായി. എന്തായാലും ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിക്ക് സാധ്യത കൂടുതലാണ്. സംഭവത്തെ കുറിച്ച് മാച്ച് കമീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കുക.

ഫുട്‌ബാള്‍ ചട്ടപ്രകാരം കനത്ത നടപടി ബ്ലാസ്റ്റേഴ്‌സിനെതിരെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു സീസണിലെ വിലക്കിനു വരെ സാധ്യതയുണ്ട്. അല്ലെങ്കിൽ കനത്ത തുക പിഴ ചുമത്തിയേക്കാം. ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയിൽ മത്സരം വീണ്ടും നടത്താനുള്ള സാധ്യത വിരളമാണ്. വുകോമാനോവിചിന്‍റെ നടപടിയെ വിമർശിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. മത്സരത്തിൽ 25 മിനിറ്റിലധികം സമയം ഇനിയും ബാക്കിയുണ്ടായിരിക്കെ, താരങ്ങളെ തിരിച്ചുവിളിച്ചത് ശരിയല്ലെന്നാണ് ഈ പക്ഷക്കാരുടെ വാദം.

മത്സരം തുടർന്നും കളിക്കണമെന്നും പിന്നീട് പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിക്കാമായിരുന്നുമെന്നാണ് ഇവർ പറയുന്നത്. റഫറിയുടെ നിർദേശം വരുന്നതിനും താരങ്ങൾ തയാറെടുക്കുന്നതിനും മുമ്പേ കിക്കെടുത്തെന്നാണ് ബ്ലാസ്റ്റേഴ്സ് വാദം. എന്നാൽ, ക്വിക്ക് റീ സ്റ്റാര്‍ട്ടില്‍ കളി വീണ്ടും ആരംഭിച്ചെന്നാണ് ബംഗളൂരുവിന്റെ വാദം. ഫൗള്‍ സംഭവിച്ച് നിമിഷനേരത്തിനുള്ളില്‍ കളി പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാര്‍ട്ട് എന്ന് പറയുന്നത്.

ഇത്തരത്തില്‍ മത്സരം വീണ്ടും തുടങ്ങാന്‍ റഫറി വിസില്‍ അടിക്കേണ്ടതില്ല. പക്ഷേ ഈ മത്സരത്തില്‍ ഫൗള്‍ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ വരുന്നത്. ആ സമയത്ത് ഗോള്‍കീപ്പര്‍ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നതെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചത്. ക്വിക്ക് റീസ്റ്റാര്‍ട്ടിലാണ് ഗോള്‍ അനുവദിച്ചത് എന്ന പോയിന്റില്‍ ഊന്നി മാച്ച് കമീഷണർ റിപ്പോർട്ട് നൽകിയാൽ, അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന വിഡിയോ ബ്ലാസ്‌റ്റേഴ്‌സിനും ഹാജരാക്കേണ്ടി വരും.

എന്തായാലും അന്തിമ വാക്ക് അഖിലേന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷന്‍റേതായിരിക്കും. ഇന്ത്യന്‍ ഫുട്‌ബാള്‍ ഇതിഹാസമായ സുനില്‍ ഛേത്രിയില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ലജ്ജിക്കുന്നുവെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് ഛേത്രിയുടെ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Tags:    
News Summary - What will be the action against blasters...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.