​ഫ്രഞ്ച് ലീഗിൽ കുതിപ്പ് തുടർന്ന് പി.എസ്.ജി

പാരിസ്: ഫ്രഞ്ച് ലീഗിൽ മാഴ്സലെയെ വീഴ്ത്തി കുതിപ്പ് തുടർന്ന് പാരിസ് സെന്റ് ​ജർമൻ. മഞ്ഞുപെയ്ത മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങി ലോപസ് ബെരാൾഡോ പുറത്തുപോയിട്ടും തളരാതെ കളിച്ച് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പി.എസ്.ജി ജയം പിടിച്ചത്. ഗോൾകീപ്പർ ഡോണറുമ്മയുടെ തകർപ്പൻ സേവുകൾ ജയത്തിൽ നിർണായകമായി.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ പി.എസ്.ജിക്ക് ഗോളടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും കോളോ മുവാനി നൽകിയ ക്രോസ് ഫാബിയൻ ലൂയിസ് അവിശ്വസനീയമായി തുലച്ചു. വൈകാതെ മാഴ്സെലെ താരം ഒബൂമയാങ്ങിന്റെ ഷോട്ട് പി.എസ്.ജി ഗോൾകീപ്പർ ഡോണറുമ്മ കൈയിലൊതുക്കിയപ്പോൾ മറ്റൊരു ഷോട്ട് ക്രോസ് ബാറിനോട് ചേർന്ന് പുറത്തുപോയി. 30ാം മിനിറ്റിൽ പി.എസ്.ജി താരം ഡെംബലെക്കും മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് ലക്ഷ്യത്തിൽനിന്നകന്നു.

40ാം മിനിറ്റിലാണ് പി.എസ്.ജിക്ക് തിരിച്ചടിയായി ലോപസ് ബെരാൾഡോ ചുവപ്പുകാർഡ് വാങ്ങിയത്. ഒബൂമയാങ്ങിനെ കൈകൊണ്ട് പിടിച്ചുതള്ളിയതിനായിരുന്നു വി.എ.ആർ പരിശോധനയിലൂടെ റഫറിയുടെ ശിക്ഷ. എന്നാൽ, ആളെണ്ണം കുറഞ്ഞിട്ടും പി.എസ്.ജി 53ാം മിനിറ്റിൽ ലീഡ് പിടിച്ചു. സ്വന്തം ഹാഫിൽനിന്ന് പന്തുമായി മുന്നേറിയ വിറ്റിഞ്ഞ എതിർ ബോക്സിനടുത്ത് വെച്ച് ഡെംബലെക്ക് പന്ത് കൈമാറിയെങ്കിലും തിരിച്ചുനൽകിയപ്പോൾ പിഴവില്ലാതെ വലകുലുക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം മാഴ്സലെയുടെ ഗോൾശ്രമം ഡോണറുമ്മ തട്ടിത്തെറിപ്പിച്ചെങ്കിലും റീ ബൗണ്ടിൽ പന്ത് വലയിലെത്തി. എന്നാൽ, ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നത് തിരിച്ചടിയായി. തുടർന്നും മൂന്നുതവണ ഡോണറുമ്മയുടെ സേവുകൾ പി.എസ്.ജിക്ക് തുണയായി.

85ാം മിനിറ്റിൽ പി.എസ്.ജി ജയമുറപ്പിച്ച ഗോളെത്തി. മാഴ്സലെക്ക് അനുകൂലമായി ലഭിച്ച കോർണർകിക്കിൽനിന്ന് പന്ത് പിടിച്ചെടുത്ത് ഫ്രഞ്ച് താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്കിൽ അസൻസിയോ നൽകിയ ക്രോസ് ഗോൺസാലോ റാമോസ് ഫിനിഷ് ചെയ്യുകയായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിൽ മൂന്നുതവണ കൂടി ഡോണറുമ്മയുടെ തകർപ്പൻ സേവുകൾ മാഴ്സലെക്ക് തിരിച്ചടിക്കാനുള്ള അവസരം നഷ്ടമാക്കി.

ജയത്തോടെ ലീഗിൽ ഒന്നാമതുള്ള പി.എസ്.ജിക്ക് 12 പോയന്റിന്റെ ലീഡായി. 62 പോയന്റുള്ള അവർക്ക് പിന്നിൽ 50 പോയന്റുള്ള ബ്രെസ്റ്റാണ് രണ്ടാമത്. 49 പോയന്റുമായി മൊണാക്കൊ മൂന്നാമതും 46 പോയന്റുമായി ലില്ലെ നാലാമതുമുണ്ട്. 

Tags:    
News Summary - Vitinha and Ramos strikes secure win for PSG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.