മലപ്പുറം: സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിൽ പതിവായ കൈയാങ്കളി അതിര് കടന്നുപോയിട്ട് കാലമേറെയായി. കളിക്കിടെ വീണ് കിടക്കുന്ന താരത്തിന്റെ നെഞ്ചത്ത് ചവിട്ടുക, ഫൗൾ വിളിച്ച റഫറിയെ ഓടിച്ചിട്ട് തല്ലുക തുടങ്ങിയ ക്രൂര 'വിനോദങ്ങൾ' സെവൻസ് കളിക്കളങ്ങളിൽ സ്ഥിരം കാഴ്ചയാണിപ്പോൾ.
പേരിനൊരു അച്ചടക്ക നടപടിയെന്നതിൽ കവിഞ്ഞ് ശാശ്വതമായ ഒരു ഇടപെടലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. സെവൻസിൽ അതിരുവിടുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക. ഫുട്ബാൾ മത്സരത്തിനിടെ നടന്ന ഒരു കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ഇൻസ്റ്റഗ്രാമിൽ വിമർശന കുറിപ്പിട്ടിരിക്കുന്നത്.
ഇതെന്ത് ഫുട്ബാളാണെന്ന് ചോദിച്ച താരം, ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ലെന്നും അടിയിൽ ഒരു ജീവൻ പൊലിഞ്ഞാൽ നഷ്ടപ്പെടുന്നത് ആർക്കാണെന്നും ചോദിക്കുന്നുണ്ട്.
വല്ലതും സംഭവിച്ചു കഴിഞ്ഞതിന് ശേഷം വിലക്കേർപ്പെടുത്തിയിട്ടോ നടപടിയെടുത്തിട്ടോ എന്ത് കാര്യമെന്നും സെവൻസ് ഫുട്ബാൾ അധികാരികൾ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണമെന്നും തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂവെങ്കിലും കണ്ടുനിൽക്കാൻ വയ്യെന്നും അനസ് എടത്തൊടിക പറയുന്നു.
"ഇതെന്ത് ഫുട്ബാളാണ് ? ആ അടിയിൽ ഒരു ജീവൻ പൊലിഞ്ഞാൽ, ആജീവനാന്തം കിടപ്പിലായാൽ നഷ്ടപ്പെടുന്നത് ആർക്കാണ് ? എന്റെ അനുജന്മാരോ ജ്യേഷ്ഠന്മാരോ ആണിവർ. ഈ ഗുണ്ടായിസത്തിലൂടെ വരും തലമുറക്ക് നമ്മൾ നൽകുന്ന സന്ദേശമെന്താണ്..? വല്ലതും സംഭവിച്ചു കഴിഞ്ഞതിന് ശേഷം വിലക്കേർപ്പെടുത്തിയിട്ടോ നടപടിയെടുത്തിട്ടോ എന്ത് കാര്യം ? സെവൻസ് ഫുട്ബാൾ അധികാരികൾ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണം. തുറന്ന് പറച്ചിലുകൾ ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ. എന്നാലും കണ്ടുനിൽക്കാൻ വയ്യ. ഞാൻ കളിച്ച ഫുട്ബാൾ ഇങ്ങനെയല്ല."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.