എൽ ക്ലാസികോ മത്സരത്തിനിടെ ബാഴ്സലോണ താരങ്ങളുമായി കൊമ്പുകോർക്കുന്ന വിനീഷ്യസ് ജൂനിയർ

കലിപ്പടങ്ങാതെ വിനീഷ്യസ്; കൈയ്യാങ്കളിയായി എൽ ക്ലാസികോ; കാർഡ് വീശി തളർന്ന് റഫറി

മഡ്രിഡ്: സ്വന്തം മുറ്റത്തെ റയൽ മഡ്രിഡിന്റെ ത്രില്ലർ ജയത്തിന്റെ നിറംകെടുത്തി താരങ്ങൾ തമ്മിലെ കൈയ്യാങ്കളിയും ​കൂട്ടത്തല്ലും.

ഞായറാഴ്ച രാത്രിയിൽ റയൽ മഡ്രിഡി​ന്റെ ഹോം ഗ്രൗണ്ടിൽ നടന്ന സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ബാഴ്സലോണ വലയിൽ രണ്ട് കിടിലൻ ഗോളുകൾ അടിച്ചുകയറ്റിയായിരുന്നു റയലിന്റെ ജയം. കിലിയൻ എംബാപ്പെയും, ജൂഡ് ബെല്ലിങ്ഹാമും നേടിയ ഗോളുകളും, ഒപ്പം എംബാപ്പെയുടെ നഷ്ടമായ പെനാൽറ്റിയും ഉൾപ്പെടെ കളിയിലെ മേധാവിത്വം റയലിനായിരുന്നു. തിരിച്ചടിക്കാനുള്ള അവസരങ്ങൾ പാഴാക്കിയ ബാഴ്സലോണ 38ാം മിനിറ്റിൽ ഫെർമിൻ ലോപസി​ന്റെ ഗോളിൽ ഒതുങ്ങി. ആരാധകർക്ക് ഓർത്തിരിക്കാൻ മിന്നുന്നൊരു എൽ ക്ലാസികോ വിരുന്നൊരുങ്ങിയെങ്കിലും, കളിക്കു ശേഷം ചർച്ചയായത് കൈയാങ്കളിയും ഉന്തും തള്ളുമെല്ലാം.

മത്സരത്തിന്റെ 72ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിനെ പിൻവലിച്ച് റോഡ്രിഗോയെ കളത്തിലിറക്കാനുള്ള റയൽ മഡ്രിഡ് കോച്ച് സാബി അലോൻസോയുടെ തീരുമാനമായിരുന്നു ആദ്യം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. മികച്ച ബാൾ സ​െപ്ലയുമായി കളത്തിൽ നന്നായി കളിക്കുന്നതിനിടെയായിരുന്നു വിനീഷ്യസിനെ കോച്ച് പിൻവലിക്കുന്നത്.

സബ്സ്റ്റിറ്റ്യൂഷൻ ബോർഡിൽ നമ്പർ തെളിഞ്ഞതിനു പിന്നാലെ വിനീഷ്യസ് വയലന്റായി. കുമ്മായ വരക്ക് പുറത്തു നിന്ന കോച്ചിന് മുന്നിലൂടെ ക്ഷോഭ്യനായി കൈകൾ ഉയർത്തി എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു വിനി കളം വിട്ടത്. ഡഗ് ഔട്ടിലെ ബെഞ്ചിൽ ഇരിക്കുന്നതിന് പകരം, നേരെ പോയത് ഡ്രസ്സിങ് റൂമിലേക്ക്.

താരത്തിന്റെ ചൂടൻ പ്രതികരണവുമായി ബന്ധപ്പെട്ട് വിനീഷ്യസുമായി സംസാരിക്കുമെന്ന് കോച്ച് സാബി അലോൻസോ മത്സര ശേഷം പറഞ്ഞു. അതേസമയം, താരത്തിന്റെ പെരുമാറ്റത്തെ ഗുരുതരമായി കാണുന്നില്ലെന്നും, മത്സരത്തിൽ മികച്ച സംഭാവന നൽകിയ താരമാണ് വിനീഷ്യസ് എന്നും, ഏറെ പ്രധാന വിജയമായിരുന്നുവെന്ന് സാബി പ്രതികരിച്ചു.

യമാലുമായി കൊമ്പുകോർത്ത് വിനീഷ്യസ്

റയൽ മഡ്രിഡ്-ബാഴ്​സലോണ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ കളത്തിൽ കണ്ടത് ചൂടൻ രംഗങ്ങൾ. മധ്യവരക്കടുത്ത് നിന്ന് ലമിൻ യമാലും റയലിന്റെ ഡാനി കാർവയാലും തമ്മിലായിരുന്നു ആദ്യം കോർത്തത്. പിന്നാലെ സഹതാരങ്ങളും ചേർന്ന സംഘർഷത്തിനൊടുവിൽ ടച്ച് ലൈനിന് പുറത്തു നിന്ന് വിനീഷ്യസും ചേർന്നു.

ഏതാനും മിനിറ്റുകൾ മുമ്പ് കളിക്കളത്തിൽ പരസ്പരം ആശ്ലേഷിച്ച് സ്നേഹം പങ്കിട്ടവരായിരുന്നു ഇരു പക്ഷത്തുമായി പിന്നീട് കൊലവിളി നടത്തിയത്. ഉന്തിലും തള്ളിലുമായി തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിൽ, ഗ്രൗണ്ടിലിറങ്ങിയ വിനീഷ്യസ് ലമിൻ യമാലിനെതിരെ വിരൽ ചൂണ്ടുന്നതും, പിന്നീട് ഓടിയടുക്കുന്നതും വീഡിയോകളിൽ കാണാം.

എന്തായാലും, ചൂടൻ രംഗങ്ങൾക്കൊടുവിൽ റഫറി സെസാർ സോടോ ഗ്രാഡോ എല്ലാവർക്കും കാർഡ് നൽകി. ഫൗളിന്റെ പേരിൽ ബാഴ്സ താരം പെഡ്രിക്ക് റെഡ് കാർഡിലായിരുന്നു തുടക്കം. റയലിന്റെ വിനീഷ്യസ്, എഡർ മിലിറ്റോ, റോഡ്രിഗോ, ബാഴ്സലോണയുടെ അലയാന്ദ്രോ ബാൾഡെ, ഫെറാൻ ടോറസ് എന്നിവർക്ക് മഞ്ഞകാർഡ് കിട്ടി. ബാഴ്സ റിസർവ് ഗോളി ആൻഡ്രി ലൂനിയനും കിട്ടി ചുവപ്പുകാർഡ്.  ഇരു ടീമുകളിലുമായി 11 പേർക്കാണ് റഫറി കാർഡ് വീശിയത്. 

Tags:    
News Summary - Vinicius Jr And Lamine Yamal Involved in Heated Altercation Following El Clasico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.