ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച് ആസ്റ്റൺ വില്ല. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആതിഥേയരുടെ ജയം. 37 മത്സരങ്ങളിൽനിന്ന് 62 പോയന്റുമായി നാലാമതാണ് വില്ല.
37 മത്സരങ്ങളിൽനിന്ന് 59 പോയന്റുമായി അഞ്ചാമതുള്ള ലിവർപൂൾ അവസാന മത്സരം ജയിച്ചാൽ യോഗ്യത നേടും. പ്രീമിയർ ലീഗിൽനിന്ന് അഞ്ച് ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗ് ബെർത്ത്.
ചെമ്പടയെ ഞെട്ടിച്ച് മോർഗൻ റോജേഴ്സിലൂടെ (42) വില്ലയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ഒരു കോർണറിൽനിന്നുള്ള മനോഹരമായ സെറ്റ് പീസ് ഗോളിലെത്തി. ഫ്രഞ്ച് താരം ലൂകാസ് ഡിഗ്നെ ബോക്സിനുള്ളിലേക്ക് നൽകിയ പന്താണ് റോജേഴ്സ് വലയിലാക്കിയത്. ഇടവേളക്കു തൊട്ടുപിന്നാലെ ലിവർപൂൾ ഒരു സെറ്റ് പീസിലൂടെത്തന്നെ മത്സരത്തിൽ ഒപ്പമെത്തി.
സൊബോസ്ലായിയുടെ ഫ്രീ കിക്കിന് വെർജിൽ വാൻ ഡെയ്ക്കിന്റെ (52) കൃത്യതയുള്ള ഹെഡർ. ലിവർപൂളിന്റെ പിഴവാണ് വില്ലയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. സോബോസ്ലായി തെന്നിവീണതോടെ പന്ത് തട്ടിയെടുത്ത റോജേഴ്സ് ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ പാസ് വാറ്റ്കിൻസ് (57) ലക്ഷ്യത്തിലെത്തിച്ചു.
പരിശീലകൻ ആർനെ സ്ലോട്ട് പകരക്കാരുടെ ബെഞ്ചിൽ നിന്ന് ഫ്ലോറിയൻ വിർട്സിനെയും ഫെഡറിക്കോ കിയേസയെയും കളത്തിലിറക്കി. എമിലിയാനോ ബുവെൻഡിയയുടെ മികച്ചൊരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.
പിന്നാലെ പൗ ടോറസിന്റെ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ മാമർദാഷ്വിലി തടുത്തിട്ടെങ്കിലും റീബൗണ്ട് പന്ത് വാറ്റ്കിൻസ് (73) ക്ലോസ് റേഞ്ചിൽനിന്ന് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. കോഡി ഗാക്പോക്കു പകരം മുഹമ്മദ് സലാഹിനെ ഇറക്കിയെങ്കിലും രക്ഷയില്ല.
ബോക്സിന് പുറത്തുനിന്നുള്ള സ്ട്രൈക്കിലൂടെ മക്ഗിൻ (89) വില്ലയുടെ നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഇൻജുറി ടൈമിൽ മറ്റൊരു ഹെഡർ ഗോളിലൂടെ വാൻ ഡെയ്ക്ക് (90+2) ലിവർപൂളിന്റെ തോൽവി ഭാരം കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.