താങ്ങാനാവില്ല; ക്രിസ്റ്റ്യാനോയെ അത്‌ലറ്റിക്കോ മാഡ്രിഡിനും വേണ്ട

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വീണ്ടും തിരിച്ചടി. പോർച്ചുഗീസ് സൂപ്പര്‍ താരത്തിനായി രംഗത്തുണ്ടായിരുന്ന ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്. ഈ സീസണോടെ ടീം വിടുന്ന ലൂയിസ് സുവാരസിന് പകരമാണ് റൊണാള്‍ഡോയെ ടീം പരിഗണിച്ചത്. എന്നാല്‍, ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയും ശമ്പളവും താങ്ങാനാവില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.

ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ജേര്‍ണലിസ്റ്റ് മനു സുരസ്‌കിയുടെ ട്വീറ്റിന് സിമിയോണിയുടെ മകന്‍ ലൈക്ക് ചെയ്തത് ക്രിസ്റ്റ്യാനോ അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെയാണെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. ''ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ വാന്‍ഡ മെട്രൊപൊളിറ്റാനോയിലേക്ക്...അത്‌ലറ്റിക്കോക്ക് കളിക്കാന്‍. ഏജന്റ് ജോര്‍ജ് മെന്‍ഡസ് അവസാന വട്ട ശ്രമത്തില്‍'' -ഇതായിരുന്നു ട്വീറ്റ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ പുതിയ ക്ലബിലേക്ക് മാറാൻ നീക്കം തുടങ്ങിയത്. ഇക്കാര്യം മാഞ്ചസ്റ്റര്‍ മാനേജ്‌മെന്റിനെ അറിയിച്ച റൊണാള്‍ഡോ പ്രീസീസണ്‍ പരിശീലന ക്യാമ്പില്‍ നിന്നും സന്നാഹ മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ചെല്‍സി, പി.എസ്.ജി, ബയേണ്‍ മ്യൂണിക് ക്ലബുകള്‍ ആദ്യം റൊണാള്‍ഡോയില്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍നിന്ന് പിന്മാറി. റൊണാള്‍ഡോ വ്യക്തിഗത മികവ് പുലര്‍ത്തുമെങ്കിലും ടീമിന്റെ താളം തെറ്റുമെന്ന നിലപാടിലായിരുന്നു ഈ ക്ലബുകളിലെ പരിശീലകര്‍.

കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമായ ബോധ്യമുള്ള ക്രിസ്റ്റ്യാനോക്ക് ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ കൂടി കളിക്കണമെന്നതാണ് വലിയ ലക്ഷ്യം. ലോകത്തെ മികച്ച ഫുട്‌ബാളര്‍ക്കുള്ള അവാര്‍ഡ് വീണ്ടും നേടിയെടുക്കാന്‍ ചാമ്പ്യന്‍സ് ലീഗ് പോലുള്ള വലിയ വേദിയില്‍ കളിക്കാതെ തരമില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ് ക്ലബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് അഞ്ച് തവണ നേടിയ താരമാണ് ക്രിസ്റ്റ്യാനോ.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോറര്‍ സ്ഥാനം അദ്ദേഹത്തിന്റെ പേരിലാണ്. 140 ഗോളുകളാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ നേടിയത്. 125 ഗോളുകളുമായി ലയണല്‍ മെസ്സി തൊട്ടു പിറകിലുണ്ട്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങുന്ന മെസ്സി തന്റെ റെക്കോര്‍ഡ് മറികടക്കുമോ എന്ന ആശങ്കയും സൂപ്പര്‍ സ്‌ട്രൈക്കര്‍ക്കില്ലാതില്ല. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 38 മത്സരങ്ങളില്‍ 24 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്.

യുനൈറ്റഡുമായി ഒരുവര്‍ഷ കരാര്‍ ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോയെ സ്വന്തമാക്കുക മറ്റ് ക്ലബുകള്‍ക്ക് എളുപ്പമാവില്ല. റൊണാള്‍ഡോയെ വിട്ടുനല്‍കില്ലെന്ന് യുനൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗ് ആവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ഗെയിംപ്ലാനില്‍ റൊണാള്‍ഡോക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും താരവുമായി ഒരുവര്‍ഷത്തേക്ക് കരാർ പുതുക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Unaffordable; Atletico Madrid didn't want Cristiano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.