ജർമനിയുടെ ജോഷ്വ കിമ്മിഷിന്റെ ഗോൾ ആഘോഷം, കിലിയൻ എംബാപ്പെ സഹതാരങ്ങൾക്കൊപ്പം
പാരീസ്: യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച ജയവുമായി മുൻ ചാമ്പ്യന്മാരായ ഫ്രാൻസും ജർമനിയും. ഗോളടിയുമായി സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ അസർബൈജാനെ 3-0ത്തിന് തകർത്തു. കളിയുടെ ആദ്യ പകുതി മുതൽ അസർബൈജാൻ ഗോൾമുഖം വിറപ്പിച്ചുകൊണ്ട് ഫ്രഞ്ചുപട ഒരുപിടി ഗോൾ അവസരം സൃഷ്ടിച്ചുവെങ്കിലും നിർഭാഗ്യമോ, എതിർ ഗോളിയുടെ മിടുക്കോ വഴിതടസ്സപ്പെടുത്തി.
കളിയുടെ ഒന്നാം പകുതി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഫ്രാൻസിന്റെ ആദ്യ ഗോൾ. മുന്നേറ്റ നിര താരം ഹ്യൂഗോ എകിടികെയുമായി ചേർന്ന് വൺ ടു വൺ മുന്നേറ്റത്തിലൂടെ ലക്ഷ്യം കണ്ട എംബാപ്പെ ആദ്യ പകുതിയിൽ തന്നെ ഫ്രഞ്ചു പടക്ക് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിലെ 69ാം മിനിറ്റിൽ മധ്യവര കടന്നതിനു പിന്നാലെ, എംബാപ്പെ നീട്ടി നൽകി ക്രോസിൽ അഡ്രിയൻ റാബിയറ്റ് മനോഹരമായി പന്ത്‍ വലയിലാക്കി. രണ്ട് ഗോളിന് ലീഡ് നേടിയതിനു പിന്നാലെ, മാരകമായ ഫൗളിന് ഇരയായ എംബാപ്പെ സബ്സ്റ്റിറ്റ്യൂഷൻ ചോദിച്ചുവാങ്ങി കളം വിട്ടു. 83ാം മിനിറ്റിൽ േഫ്ലാറിയൻ തൗവിനെ ഇറക്കിയാണ് കോച്ച് ദെഷാംപ്സ് എംബാപ്പയെ പിൻവലിച്ചത്.
ആദ്യ ടച്ചു തന്നെ ഉജ്വലമായ ബൈസിക്കിൾ കിക്കിലൂടെ ഗോളിലേക്ക് ഫിനിഷ് ചെയ്യിച്ച് തൗവിൻ വരവ് ഗംഭീരമാക്കി.
3-0 ത്തിന് ജയത്തോടെ ഗ്രൂപ്പിലെ മൂന്ന് കളിയും ജയിച്ച് ഫ്രാൻസ് ബഹുദൂരം മുന്നിലെത്തി.
ഗ്രൂപ്പ് ‘എ’യിൽ ജർമനി മറുപടിയില്ലാത്ത നാല് ഗോളിന് ലക്സംബർഗിനെ വീഴ്ത്തി. ജോഷ്വ കിമ്മിഷ് രണ്ടും (21, 50 മിനിറ്റ്), സെർജി നാബ്രി (48ാം മിനിറ്റ്), ഡേവിഡ് റൗം (12) ഓരോ ഗോളും നേടിയാണ് ജർമനിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
ഗ്രൂപ്പ് ‘ജി’യിൽ നെതർലൻഡ്സ് 4-0ത്തിന് മാൾട്ടയെ വീഴ്ത്തി. കോഡി ഗാക്പോ ഡബ്ൾ ഗോൾ നേടിയപ്പോൾ, മെംഫിസ് ഡിപേ, ടിജാനി റെജിൻഡേഴ്സ് എന്നിവർ ഓരോ ഗോളും നേടി. ഗ്രൂപ്പ് ‘എല്ലിൽ’ ചെക്ക് റിപ്പബ്ലിക്കും ക്രൊയേഷ്യയും ഗോൾരഹിത സമനില വഴങ്ങി പിരിഞ്ഞു. യുക്രെയ്ൻ 5-3ന് ഐസ്‍ലൻഡിനെ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.