വമ്പന്മാരുടെ പോരിൽ സമനിലയിൽ പിരിഞ്ഞ് ജർമനിയും ഇംഗ്ലണ്ടും; ഹംഗറിയെ തകർത്ത് ഇറ്റലി

വെംബ്ലി: യുവേഫ നേഷൻസ് ലീഗിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ആവേശ സമനില. ലോകക്കപ്പിലെ ഫേവറിറ്റുകളായി പരിഗണിക്കപ്പെടുന്ന ഇരുടീമുകളും മൂന്ന് ഗോളുകൾ വീതമാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഗോളുകൾ മുഴുവൻ പിറന്നത്.

52ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഇൽകായ് ഗുണ്ടോഗൻ ജർമനിക്ക് നിർണായക ലീഡ് നൽകി. 67ാം മിനിറ്റിൽ കായ് ഹാവെർട്ട്സും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് പതറി. എന്നാൽ, 71ാം മിനിറ്റിൽ ലൂക് ഷോയും നാല് മിനിറ്റിന് ശേഷം മാസൺ മൗണ്ടും ജർമൻ വലയിൽ പന്തെത്തിച്ച് സമനില പിടിച്ചു. 83ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് ലീഡും സമ്മാനിച്ചതോടെ ജർമനി തോൽവി മണത്തു. എന്നാൽ, കായ് ഹാവെർഡ്സ് വീണ്ടും ജർമനിയുടെ രക്ഷക്കെത്തി. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ താരം ഇംഗ്ലീഷ് ഗോൾകീപ്പറെ കീഴ്പ്പെടുത്തുകയായിരുന്നു.

മത്സരത്തിൽ 60 ശതമാനാവും പന്ത് കൈവശം വെച്ചത് ജർമനിയാണെങ്കിൽ ഗോൾവല ലക്ഷ്യമാക്കി കൂടുതൽ ഷോട്ടുതിർത്തത് ഇംഗ്ലണ്ടായിരുന്നു. എട്ടുതവണ പോസ്റ്റിലേക്ക് അവർ ഷോട്ടുതിർത്തപ്പോൾ ജർമനിയുടേത് നാലിലൊതുങ്ങി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് ഹംഗറിയെ തകർത്തു. 27ാം മിനിറ്റിൽ ജിയാകോമോ റാസ്പഡോറിയും 52ാം മിനിറ്റിൽ ഫെഡറികോ ഡിമാർകോയുമാണ് ഇറ്റലിക്കായി ഗോൾ നേടിയത്.

ഗ്രൂപ്പിൽ 11 പോയന്റുമായി ഇറ്റലി ഒന്നും 10 പോയന്റുമായി ഹംഗറി രണ്ടും സ്ഥാനം നേടി അവസാന നാലിലേക്ക് ബർത്തുറപ്പിച്ചപ്പോൾ ഏഴ് പോയന്റുള്ള ഇംഗ്ലണ്ടും മൂന്ന് പോയന്റ് മാത്രമുള്ള ഇംഗ്ലണ്ടും പുറത്തായി.  

Tags:    
News Summary - Uefa Nations League: Germany and England draw; Italy beat Hungary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.