അങ്കാറ: റഫറിക്ക് ക്ലബ് പ്രസിഡന്റിന്റെ മർദനമേറ്റതിനെത്തുടർന്ന് തുർക്കിയയിലെ എല്ലാ ലീഗ് മത്സരങ്ങളും റദ്ദാക്കി. തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ അങ്കാറഗുകു-റിസേസ്പർ തുർക്കിഷ് സൂപ്പർ ലീഗ് മത്സരം സമാപിച്ചയുടനെയാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.
ആതിഥേയരായ അങ്കാറഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെ റിസേസ്പർ സമനില ഗോൾ നേടി. അന്തിമ വിസിലിന് പിന്നാലെ മൈതാനത്തേക്ക് പാഞ്ഞെത്തിയ അങ്കാറഗുകു പ്രസിഡന്റ് ഫാറൂഖ് കോസ മാച്ച് റഫറി ഹലീൽ ഉമുത് മെലെറിന്റെ മുഖത്തും തലക്കും ഇടിച്ചു. ഇതോടെ റഫറി നിലത്തുവീണു. മത്സരത്തിൽ രണ്ട് ടീമിലെയും ഓരോ താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകിയിരുന്നു.
റഫറിയുടെ തീരുമാനങ്ങളും സമനില ഗോളുമാണ് ഫാറൂഖ് കോസയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ഹലീലിനെയും കോസയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സ കഴിയുന്ന മുറക്ക് ക്ലബ് പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് കരുതുന്നത്.
മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ് തുർക്കിഷ് ഫുട്ബാൾ ഫെഡറേഷൻ. റഫറിയെ മർദിച്ച സംഭവത്തെ അപലപിക്കുന്നതായി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.