മെക്സികോ സിറ്റിയിലെ സുപ്രീം കമ്മിറ്റി വേദിയിൽ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ മാതൃക കാണുന്ന ആരാധകർ
ദോഹ: ആതിഥേയരായ ഖത്തറും അറബ് മേഖലയിലെ അയൽരാജ്യങ്ങളും കഴിഞ്ഞാൽ ലോകകപ്പിന് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയത് തെക്കനമേരിക്കയിലെ ഫുട്ബാൾ രാജ്യങ്ങളാണ്. അവരായിരിക്കും ലോകകപ്പ് വേളയിൽ ഖത്തറിന്റെ നഗരവീഥികളിൽ ഏറെയുമെന്നതിൽ തർക്കമില്ല.അർജൻറീന, മെക്സികോ എന്നീ രാജ്യങ്ങൾ ടിക്കറ്റ് വാങ്ങിയവരുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെയുണ്ട്.
ഈ നാടുകളിലെത്തി ലോകകപ്പിന്റെ പൊടിപൊടിച്ച പ്രചാരണത്തിലാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ.മെക്സികോ സിറ്റിയിലും അർജൻറീന തലസ്ഥാനമായ ബ്വേനസ് എയ്റിസിലും ലോകകപ്പ് ഒരുക്കവും യാത്രകളും പരിചയപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് എസ്.സി സംഘടിപ്പിച്ചത്.
ടിക്കറ്റ്, താമസ സംവിധാനങ്ങൾ, ഹയാ കാർഡ്, വിമാനയാത്ര, ഖത്തറിലെ യാത്ര സംവിധാനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധ കാര്യങ്ങൾ ആരാധകർക്ക് പരിചയപ്പെടുത്തുന്ന കൗണ്ടറുകളിലേക്ക് ആയിരങ്ങളാണ് സന്ദർശകരായെത്തുന്നത്. മെക്സികോയിലെ ഖത്തർ അംബാസഡർ മുഹമ്മദ് അൽ കുവാരി, അർജൻറീനയിലെ അംബാസഡർ ബതാൽ ബിൻ മാജിബ് അൽദോസരി എന്നിവർ പങ്കെടുത്തു. മെക്സികോ സിറ്റിയിൽ മുൻ താരവും ലോകകപ്പിന്റെ ലെഗസി അംബാസഡറുമായ ലൂയി ഹെർണാണ്ടസും ഉണ്ടായിരുന്നു.
ലോകകപ്പിനായി ഖത്തറിലേക്ക് യാത്രചെയ്യാൻ ഒരുങ്ങുന്ന കാണികൾക്ക് സംശയങ്ങൾ പരിഹരിക്കാനും യാത്ര എളുപ്പമാക്കാനും ലോകകപ്പ് വിവരങ്ങൾ കൈമാറാനും ഇത്തരം പദ്ധതി സഹായകമാവുമെന്ന് എസ്.സി കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ നജ്വ ആൽഥാനി പറഞ്ഞു. ഖത്തറിലേക്ക് വരാൻ ഒരുങ്ങുന്ന നിരവധി ഫുട്ബാൾ പ്രേമികളെ കാണാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പദ്ധതി വഴി കഴിഞ്ഞതായി അവർ പറഞ്ഞു.
ഇതിനു പുറമെ ലോകകപ്പിന് ഒരു വർഷം മുമ്പ് ആരംഭിച്ച ഫാൻ ലീഡർ നെറ്റ്വർക് വഴിയും വിവിധ രാജ്യങ്ങളിലെ ആരാധകരിലേക്ക് ലോകകപ്പിന്റെ വിവരങ്ങളും തയാറെടുപ്പുകളും കൈമാറുന്നുണ്ട്. 60 രാജ്യങ്ങളിൽനിന്നായി 400ഓളം പേരാണ് ഫാൻ ലീഡർ നെറ്റ്വർക്കിലുള്ളത്. സമൂഹമാധ്യമ അക്കൗണ്ടുകളും മറ്റും ഉപയോഗിച്ചാണ് ഇവരുടെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.