ലോകകപ്പ് സമ്മാനദാനത്തിനിടെ സ്​പെയിൻ വനിത താരത്തിന്റെ ചുണ്ടിൽ ചുംബിച്ച് ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റ്; കത്തിപ്പടർന്ന് വിവാദം

സിഡ്‌നി: ​സ്​പെയിൻ വനിത ടീം കന്നി ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ചുംബന വിവാദം. സമ്മാനദാന ചടങ്ങിനിടെ മുന്നേറ്റ താരം ജെന്നി ഹെർമോസോയെ സ്പാനിഷ് ഫുട്‌ബാൾ ഫെഡറേഷൻ തലവൻ ലൂയിസ് റുബിയേൽസ് ചുണ്ടിൽ ചുംബിച്ചതാണ് വിവാദമായത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഞായറാഴ്ച രാത്രി ആസ്‌ട്രേലിയയിലെ സിഡ്‌നിയിലെ സ്റ്റേഡിയത്തിലായിരുന്നു ഇംഗ്ലണ്ട്-സ്‌പെയിൻ കലാശപ്പോരാട്ടം. എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് സ്‌പെയിൻ ജേതാക്കളായി. സമ്മാനദാന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം. സ്പാനിഷ് താരങ്ങൾ പോഡിയത്തിലെത്തി കിരീടം ഏറ്റുവാങ്ങിയ ശേഷം ലൂയിസ് റുബിയേൽസ് ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നടപടി ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ ലൈവ് വിഡിയോയിൽ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വൈകീട്ടോടെ താരം നിലപാട് മയപ്പെടുത്തി. ആ സന്തോഷനിമിഷത്തിൽ യാദൃച്ഛികമായി സംഭവിച്ചതാണെന്നും പരസ്പരസമ്മതത്തോടെയാണെന്നും അവർ വിശദീകരിച്ചു.

‘ഒരു ലോകകപ്പ് കിരീടനേട്ടമുണ്ടാക്കുന്ന അതീവ സന്തോഷനിമിഷത്തിൽ സംഭവിച്ച യാദൃച്ഛികവും പരസ്പര സമ്മതത്തോടെയുള്ളതുമായ ഇടപെടലായിരുന്നു അത്. പ്രസിഡന്റും ഞാനും തമ്മിൽ നല്ല ബന്ധമാണ്. ഞങ്ങളോടെല്ലാം വളരെ നല്ല രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്. അതൊരു സ്വാഭാവികമായ സ്‌നേഹപ്രകടനമായിരുന്നു’, ഹെർമോസോ വിശദീകരിച്ചു. സൗഹൃദത്തിന്റെയും കടപ്പാടിന്റെയും പ്രകടനം ഇത്രയും ചർച്ച ചെയ്യേണ്ടതില്ലെന്നും ഹെർമോസോ പറഞ്ഞു. ഞങ്ങളിപ്പോൾ ഒരു ലോകകപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്. അതാണ് പ്രധാന കാര്യം. അതിൽനിന്ന് ശ്രദ്ധതിരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

സംഭവത്തിൽ വിമർശനവുമായി സ്​പെയിനിലെ മന്ത്രി ഐറിൻ മൊണ്ടേരൊ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ‘ഞങ്ങൾ സ്ത്രീകൾ ദിവസവും അനുഭവിക്കുന്ന ലൈംഗികാതിക്രമത്തിന്റെ ഒരു രൂപമാണിത്. ഇതിനെ ഒരു സാധാരണ സംഭവമായി കാണാനാവില്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, സംഭവത്തെ വിവാദമാക്കിയവരെ വിഡ്ഢികളെന്നാണ് റുബിയേൽസ് വിശേഷിപ്പിച്ചത്. ജെന്നിയെ ചുംബിച്ചതാണോ പ്രശ്‌നം? ഒരു ആഘോഷത്തിനിടെ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ചുംബനമായിരുന്നു അത്. ഇത്തരം വിഡ്ഢികളായ മനുഷ്യരെ അവഗണിക്കണമെന്നും നല്ല കാര്യങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മുൻ ബാഴ്‌സലോണ താരമാണ് ജെന്നി ഹെർമോസോ അവർക്ക് വേണ്ടിയും സ്​പെയിനിന് വേണ്ടിയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. നിലവിൽ മെക്‌സിക്കൻ ഫുട്‌ബാൾ ലീഗായ ലിഗ എം.എക്‌സ് ഫെമെനിലിൽ സി.എഫ് പചൂകക്ക് വേണ്ടിയാണ് കളിക്കുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കോച്ച് ജോർജ് വിൽഡയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ നിലനിന്നിരുന്നു. കോച്ചിന്റെ പെരുമാറ്റം പ്രഫഷനലല്ലെന്ന പരാതിയുമായി ദേശീയ ടീമിലെ 15 താരങ്ങളാണ് ആർ.എഫ്.എ.എഫിന് കത്തെഴുതിയത്. മുതിർന്ന താരങ്ങളടക്കം കോച്ചിനെതിരെ രംഗത്തെത്തിയിട്ടും പ്രസിഡന്റ് റുബിയേൽസ് അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുകയായിരുന്നു.

Tags:    
News Summary - The president of the Football Federation kissed the lips of the Spanish women's player during the World Cup prize giving ceremony; Controversy erupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT