ലോകകപ്പ് പകർന്ന ഒരുപിടി പാഠങ്ങൾ


വർഷങ്ങൾ നീണ്ട കാത്തിരിപ്പ്.. ലോകം മുഴുവൻ എതിർത്താലും ഒന്നാവും എന്ന പ്രതിജ്ഞ. ബന്ധുജനങ്ങളുടെ എതിർപ്പിനെപ്പോലും അവഗണിച്ചുകൊണ്ടുള്ള പ്രയാണം... നവംബർ 20ന് രാത്രി ലോകം മുഴുവൻ അൽ ബെയ്ത് സ്റ്റേഡിയത്തിൽ അലിഞ്ഞുചേർന്നു ഒന്നായി.. ഫുട്ബാൾ ഒരു പ്രണയ കാവ്യം ആണെങ്കിൽ ഖത്തർ അതിലെ ആഷിഖ് ആയ ദിനങ്ങൾ. നീണ്ട ഒരു മാസക്കാലം വസന്തം പെയ്തിറങ്ങിയ രാവുകൾ.

സ്വതവേ അന്തർമുഖിയായ ദോഹയുടെ തെരിവുകൾക്ക് ജീവൻവെച്ചിരിക്കുന്നു. വളന്‍റിയർ കുപ്പായം ഊരിവെക്കാൻ തോന്നുന്നില്ല. എങ്ങും സംഗീതസാന്ദ്രവും ജനനിബിഡവുമായ പരിപാടികൾ. പ്രത്യേകിച്ച് കോർണിഷ് ആക്ടിവേഷൻ, വക്റ സൂഖ്, ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാൻസ് സോൺ, ഓക്സിജൻ പാർക്ക്, ലുസൈൽ ബോളിവാഡ്, കതാറ തുടങ്ങിയ ഇടങ്ങളിൽ ജനം തിങ്ങിനിറയുകയാണ്. എങ്ങും യൗവനത്തിന്റെ പ്രസരിപ്പ് നിറഞ്ഞുകാണാം.

അൽബിദ ഫാൻസോണിൽ ആയിരുന്നു അധികവും എനിക്ക് ഡ്യൂട്ടി. ഖത്തരികളും ഒമാനികളും ബ്രസീലുകാരും ആഫ്രിക്കക്കാരും ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത ഇരുപതിനായിരത്തോളം വളന്‍റിയർമാർ വിവിധ ടീം ലീഡർമാരുടെ കീഴിൽ സ്റ്റേഡിയങ്ങളിലും ഫാൻസോണുകളിലും ആയി സന്നദ്ധ സേവനം ചെയ്യുന്നു. അവരവരുടെ ഔദ്യോഗിക ജോലി കഴിഞ്ഞുള്ള ബാക്കി സമയത്താണ് ഡ്യൂട്ടി ചെയ്യുന്നത്. ചുരുങ്ങിയത് പത്തുദിവസമെങ്കിലും വളന്‍റിയർ സേവനം ചെയ്യണം. എട്ടുമണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് വീണ്ടും എട്ടുമണിക്കൂറോളം വളന്‍റിയർ സേവനം ചെയ്താണ് ഓരോരുത്തരും ഈ കാലയളവിൽ പ്രവർത്തിച്ചത്. അതിഥികളുടെ ഏറ്റവും അധികം പ്രശംസ ഏറ്റുവാങ്ങിയത് വളന്‍റിയർമാരായിരുന്നു. എയർപോർട്ടിൽ അതിഥികളെ സ്വീകരിക്കുന്നതിൽ തുടങ്ങി മെട്രോ സ്റ്റേഷനുകളിലും സ്റ്റേഡിയത്തിലേക്കുള്ള വഴികളിലും അകോമഡേഷൻ ഏരിയകളിലും സ്റ്റേഡിയത്തിന് അകത്തും പുറത്തും ഫാൻസോണിലും വളന്‍റിയർമാരെ കാണാം. നിറഞ്ഞ പുഞ്ചിരിയും തുറന്ന സൗഹൃദവും ഉള്ള അവരുടെ സ്നേഹം അനുഭവിക്കാത്തവർ വിരളമായിരിക്കും. ലോകകപ്പ് സമയത്ത് നിറ പുഞ്ചിരിയുമായി കാണികളെ വരവേറ്റ ഒരു ഫലസ്തീനി വളന്‍റിയർ കഴിഞ്ഞ ദിവസമാണ് ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏറെ വേദനയോടെയാണ് ഫുട്ബാൾ സ്നേഹികൾ ഈ വാർത്ത ശ്രവിച്ചത്. അതേപോലെ അഞ്ചാമത്തെ ലോകകപ്പിലും വളന്‍റിയർ ആയ ജർമനിക്കാരനായ ഹ്യുബർട് ബിഹ്ലർ ആയിരുന്നു ഏറ്റവും പ്രായം കൂടിയ വളന്‍റിയർ. 974 സ്റ്റേഡിയത്തിൽ മാധ്യമ സംഘത്തെ സപ്പോർട്ട് ചെയ്ത അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ഒരുപാട് മലയാളി വളന്‍റിയർമാർ ലോകകപ്പിന്റെ ഭാഗമായെന്നതാണ് ഖത്തറിന്റെ പ്രത്യേകത. വീട്ടമ്മമാരും അധ്യാപകരും എൻജിനീയർമാരും ഗവൺമെന്‍റ് ഉദ്യോഗസ്ഥരും നഴ്സുമാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വലിയ പട തന്നെ ഉണ്ടായിരുന്നു. അങ്ങനെ ലഭിച്ച നല്ല സൗഹൃദങ്ങൾ വാട്സ്ആപ് കൂട്ടായ്മകളിലൂടെ ഇന്നും സജീവമാണ്.

ഓർക്കുമ്പോൾ പുഞ്ചിരിവിരിയുന്ന എത്രയോ നല്ല നിമിഷങ്ങളാണ് ഈ കാലയളവിൽ ലഭിച്ചത്. ഒരു ദിവസം ഫാൻസോണിലെ 40,000 കാണികൾക്കിടയിൽ കൂട്ടം തെറ്റിപ്പോയ ഒരു കൊച്ചുകുട്ടിയെ കിട്ടി. ഇംഗ്ലീഷും മലയാളവും ഹിന്ദിയും ഒന്നും മനസ്സിലാവാത്ത ആ കുട്ടിയെ അവസാനം മൊബൈൽ കാർട്ടൂൺ കാണിച്ച് കരച്ചിൽ നിർത്തിച്ചത് മധുരമുള്ളൊരു ഓർമയാണ്. സാധാരണ ചെറിയ പ്രോഗ്രാമുകളിൽപോലും കൈയേറ്റ ശ്രമങ്ങളും സംഘർഷശ്രമങ്ങളും ഉണ്ടാകാറുള്ള പതിവു പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഒരിക്കൽപോലും ഒരു പ്രതിസന്ധിഘട്ടത്തെ നേരിടേണ്ടിവന്നില്ല എന്നതാണ് ഏറെ അത്ഭുതം. വളന്‍റിയർ പരിശീലനം നൽകിയ കെനിയക്കാരി കാത്തി സംഘർഷ രംഗങ്ങളിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നു പഠിപ്പിച്ചിരുന്നു. പക്ഷേ ഒരിക്കലും അങ്ങനെ ഒരു സാഹചര്യം ഉണ്ടായില്ല. നാലോ അഞ്ചോ ലെയറുകൾ ആയാണ് സെക്യൂരിറ്റി വിന്യസിച്ചിരുന്നത്. ഏറ്റവും മുന്നിൽ ജനങ്ങളുമായി ഇടപഴകുന്ന സന്നദ്ധ വളന്‍റിയർമാർ, പിന്നെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളുടെ കീഴിൽ വരുന്ന വളന്‍റിയർ തൊഴിലാളികൾ, അവർക്കും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം വരുകയാണെങ്കിൽ ലോകകപ്പിന് വേണ്ടി പ്രത്യേകം തയാർ ചെയ്ത താൽക്കാലിക പൊലീസ് സേന, അതിനുമുകളിൽ അൽഫാസ ഉൾപ്പെടെയുള്ള പൊലീസ് സേന. പക്ഷേ ഒരു അറസ്റ്റുപോലും ഇല്ലാത്ത സമാധാനപരമായ ഒരു ലോകകപ്പാണ് കഴിഞ്ഞുപോയത്. ക്രൗഡ് മാനേജ്മെന്റിന്റെ വിവിധ പാഠങ്ങൾ ഞങ്ങൾക്ക് ഓരോ ദിവസങ്ങളിലും ലഭിക്കുമായിരുന്നു. രാത്രി 12 മണിക്കുശേഷം ഫാൻസോണിലെ ആളുകളെ ഒഴിപ്പിക്കാനുള്ള മാർഗമാണ് ഏറെ രസകരം. സ്വീപ്പിങ് എന്നറിയപ്പെടുന്ന ഒരു ടെക്നിക്കാണ് അതിനായി ഉപയോഗിച്ചത്.

അതായത് 50 ഓളം വളന്‍റിയർമാർ ഒരു സ്ഥലത്തുനിരന്നുനിന്ന് പിരിഞ്ഞ് പോകാതെ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്തേക്ക് കൂട്ടമായി ചടുലമായ വേഗത്തിൽ നടന്നു ചെല്ലും. അപ്പോൾ സ്വാഭാവികമായും അതിനെതിരെ നിൽക്കുന്ന ആളുകൾ ഒരു വശത്തേക്ക് നീങ്ങും. അങ്ങനെ വിവിധ വശങ്ങളിൽനിന്ന് ആളുകളെ ഒരു ഏരിയയിലേക്ക് കൂട്ടമായി എത്തിക്കുകയും എക്സിറ്റിലൂടെ പുറത്തേക്ക് വഴി കാണിക്കുകയും ചെയ്യുന്നു. ഓരോദിനവും പുതിയ പാഠങ്ങളും പുതിയ അനുഭവങ്ങളും.

ഏതൊരു സുന്ദര സ്വപ്നത്തിനും ഒരു അവസാനം ഉണ്ടല്ലോ. പാതി മയക്കത്തിൽ വിട്ടുപോയ ഒരു സ്വപ്നമായിരുന്നു ഡിസംബർ 18. മെസ്സിപ്പട എംബാപ്പയുടെ ഫ്രഞ്ച് പടയെ പിടിച്ചുകെട്ടി കപ്പുമായി അർജൻറീനയിലേക്ക് മടങ്ങുമ്പോൾ ദോഹയിലെ റൂമിൽ വീണ്ടും ഒറ്റയ്ക്കായി. ‘ലംബീ ജുദായി’ എന്ന ഹിന്ദി വിരഹ ഗാനം റേഡിയോയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

Tags:    
News Summary - The lessons from the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.