മഡ്രിഡ്: റയൽ മഡ്രിഡിന്‍റെ ഒരുതാരം പോലുമില്ലാതെ സ്പെയിനിന്‍റെ ലോകകപ്പ് ടീം. 26 അംഗ ടീമിനെയാണ് പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യൂവന്റെ പ്രഖ്യാപിച്ചത്. ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ എട്ട് താരങ്ങൾ സ്ക്വാഡിലുണ്ട്. 1950ന് ശേഷം ആദ്യമായാണ് റയൽ താരങ്ങളില്ലാതെ സ്പെയിൻ ലോകകപ്പിന് പോകുന്നത്. ഇത് കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ആഴ്സനൽ, അത്ലറ്റിക് ക്ലബ്, അത്ലറ്റികോ മഡ്രിഡ് ക്ലബുകളുടെ മൂന്നു താരങ്ങൾ വീതം ടീമിലുണ്ട്. ഡീൻ ഹൂയിസെൻ, അൽവാരോ കരേരസ്, ഫ്രാൻ ഗാർഷ്യ എന്നിവരെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു. റയൽ നായകൻ ഡാനി കാർവഹാലിന്‍റെ തുടർച്ചയായ പരിക്കുകളാണ് തിരിച്ചടിയായത്. ലമിൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ഡാനി ഓൽമോ, ജൊവാൻ ഗാർഷ്യ എന്നിവരാണ് ടീമിലെ ബാഴ്സ താരങ്ങൾ. റയൽ താരങ്ങളുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മാനേജർ എന്ന നിലയിൽ താൻ ക്ലബുകൾക്കല്ല, മറിച്ച് ദേശീയ ടീമിനാണ് പ്രാധാന്യം നൽകുന്നതെന്നാണ് ലൂയിസ് പ്രതികരിച്ചത്. താരങ്ങളുടെ ക്ലബ് ഏതാണെന്നതിനേക്കാൾ, ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിലെ അഭിമാനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമാൽ, നിക്കോ വില്യംസ് എന്നിവരുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ പരിശീലകൻ തള്ളിക്കളഞ്ഞു. മെഡിക്കൽ ടീമുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ലോകകപ്പിലെ ആദ്യ മത്സരം മുതൽ എല്ലാവരെയും ലഭ്യമാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. രണ്ട് വർഷം മുമ്പ് ജർമനിയിൽ യൂറോ കപ്പ് വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് സ്പെയിൻ ലോകകപ്പിനെത്തുന്നത്.
സ്പെയിൻ ലോകകപ്പ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: ഉനായ് സിമോൺ (അത്‌ലറ്റിക് ബിൽബാവോ), ഡേവിഡ് റായ (ആഴ്സനൽ), ജോവാൻ ഗാർസിയ (ബാഴ്സലോണ).
പ്രതിരോധനിര: പെഡ്രോ പോറോ (ടോട്ടനം), മാർക്കോസ് ലോറെന്റെ (അത്‌ലറ്റിക്കോ മഡ്രിഡ്), പാവു കുബാർസി (ബാഴ്സലോണ), മാർക്ക് പുബിൽ (അത്‌ലറ്റിക്കോ മാഡ്രിഡ്), എയ്മെറിക് ലാപോർട്ടെ (അത്‌ലറ്റിക് ബിൽബാവോ), എറിക് ഗാർസിയ (ബാഴ്സലോണ), അലക്സ് ഗ്രിമാൾഡോ (ബയർ ലെവർകൂസൻ), മാർക്ക് കുക്കുറെയ്യ (ചെൽസി).
മധ്യനിര: റോഡ്രിഗോ (മാഞ്ചസ്റ്റർ സിറ്റി), മാർട്ടിൻ സുബിമെൻഡി (ആഴ്സനൽ), ഗാവി (ബാഴ്സലോണ), പെഡ്രി (ബാഴ്സലോണ), ഫാബിയൻ റൂയിസ് (പി.എസ്.ജി), മൈക്കൽ മെറിനോ (ആഴ്സണൽ), അലക്സ് ബായെന (അത്‌ലറ്റിക്കോ മാഡ്രിഡ്).
മുന്നേറ്റനിര: ഡാനി ഓൽമോ (ബാഴ്സലോണ), ലമീൻ യമാൽ (ബാഴ്സലോണ), ഫെറാൻ ടോറസ് (ബാഴ്സലോണ), യെറേമി പിനോ (ക്രിസ്റ്റൽ പാലസ്), നിക്കോ വില്യംസ് (അത്‌ലറ്റിക് ബിൽബാവോ), വിക്ടർ മുനോസ് (ഒസാസുന), മൈക്കൽ ഒയാർസബാൽ (റിയൽ സോസിഡാഡ്), ബോർജ ഇഗ്ലേഷ്യസ് (സെൽറ്റ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.