ഫുട്ബാൾ ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്കൻ യുവതാരം മരിച്ച നിലയിൽ

കേപ് ടൗൺ : ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ കുപ്പായത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിഡ്‌ഫീൽഡർ ജെയ്ഡൻ ആഡംസ് (25) അന്തരിച്ചു. ദിവസങ്ങൾക്ക് മുമ്പ് മാത്രം ലോകകപ്പ് വേദിയിൽ രാജ്യത്തിനായി ബൂട്ടുകെട്ടിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം കായികലോകത്തെ ഒന്നാകെ ഞെട്ടലിലാഴ്ത്തി. ശനിയാഴ്ച രാവിലെ കേപ് ടൗണിന്റെ മധ്യഭാഗത്തുള്ള ഷോട്ട്ഷെക്ലൂഫ് എന്ന പ്രദേശത്തെ ഒരു വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ മരണകാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും, ഈ ദുഷ്കരമായ ഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്‌റ്റൺ മക്കൻസി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു ആഡംസ്. 2026 ലോകകപ്പിൽ ടീം ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ആഡംസ് മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. സ്റ്റെല്ലൻബോഷ് എഫ്‌.സിയിലൂടെ കരിയർ ആരംഭിച്ച ആഡംസ്, 2025 ജനുവരിയിലാണ് പ്രമുഖ ക്ലബ്ബായ മമെലോഡി സൺഡൗൺസിലേക്ക് ചേക്കേറിയത്. സൺഡൗണിനൊപ്പം ലീഗ് കിരീടവും ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയ താരം, 2024-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ടീം സെമിഫൈനലിലെത്തിയപ്പോഴും നിർണ്ണായക സാന്നിധ്യമായിരുന്നു.

"ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന് തങ്ങളുടെ ഏറ്റവും മികച്ച യുവപ്രതിഭകളിലൊരാളെയാണ് നഷ്ടമായത്," എന്ന് മന്ത്രി ഗെയ്‌റ്റൺ മക്കൻസി അനുസ്മരിച്ചു. താരത്തിന്റെ അകാല വിയോഗത്തിൽ ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലെയേഴ്‌സ് യൂണിയനും ക്ലബ്ബുകളും അതീവ ദുഃഖം രേഖപ്പെടുത്തി. 2022-ൽ ദേശീയ ടീമിൽ അരങ്ങേറിയ ജെയ്ഡൻ ആഡംസ്, കളിക്കളത്തിലെ അച്ചടക്കം കൊണ്ടും പോരാട്ടവീര്യം കൊണ്ടും ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞിട്ടും 2026 ലോകകപ്പിലെ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ മാനസികസംഘർഷങ്ങൾക്കിടയിലും മികച്ച രീതിയിൽ കളിച്ച ആഡംസിന്റെ ആത്മധൈര്യം ഫുട്ബോൾ ലോകം ഇന്നും ഓർക്കുന്നു.

Tags:    
News Summary - South African Footballer Jayden Adams Passes Away at 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.