യൂറോ കപ്പ് വിജയത്തിന്‍റെ ചിത്രം പങ്കുവെച്ച് റൊണാൾഡോ; 'ടൈമിംഗ്' പാളിയെന്ന് സോഷ്യൽ മീഡിയ

ലിസ്ബൺ: ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിന്റെ നിരാശയിൽ പോർച്ചുഗൽ ആരാധകർ കഴിയുമ്പോൾ, ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം പുതിയ ചർച്ചകൾക്ക് തിരികൊളുത്തുന്നു. 2016-ലെ യൂറോ കപ്പ് വിജയത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരിക്കുകയാണ്.

യൂറോ കപ്പ് കിരീടം ഉയർത്തിപ്പിടിക്കുന്ന ചിത്രം "ലക്ഷക്കണക്കിന് ആളുകളുടെ വിജയം" എന്ന അടിക്കുറിപ്പോടെയാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ടീമിനായി താൻ നേടിയ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നായി ഇതിനെ കാണുമ്പോഴും, ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വന്ന ഈ പോസ്റ്റ് ആരാധകർക്കിടയിൽ അലോസരമുണ്ടാക്കി. തോൽവിയുടെ വേദനയിൽ നിൽക്കുമ്പോൾ പഴയ വിജയങ്ങളുടെ ചിത്രം പങ്കുവെച്ചത് ഉചിതമായില്ലെന്നും, താരം ഇപ്പോഴും പഴയകാല പ്രതാപത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണെന്നും വിമർശകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

തോൽവിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ റൊണാൾഡോ നടത്തിയ പരാമർശങ്ങളും വിവാദത്തിന് ആക്കം കൂട്ടി. "ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ, എന്നെ സംബന്ധിച്ചിടത്തോളം യൂറോ കപ്പ് നേട്ടം ലോകകപ്പ് നേടുന്നതിന് തുല്യമാണ്" - എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ലോകകപ്പ് സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന ആരാധകർക്ക് റൊണാൾഡോയുടെ ഈ പ്രസ്താവന ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങൾക്കൊപ്പം മൈതാനത്ത് പൊരുതിയിട്ടും ഫലം കാണാതെ പോയ നിരാശയിലാണ് ആരാധകർ.

വിരമിക്കാനടുത്ത കരിയറിലെ നിർണായകമായ ഈ ഘട്ടത്തിൽ ഇത്തരം പ്രതികരണങ്ങളും പോസ്റ്റുകളും റൊണാൾഡോയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. ആരാധകരുടെ വൈകാരികമായ പ്രതികരണങ്ങളും തങ്ങളോടുള്ള വലിയ പ്രതീക്ഷയും മാനിക്കാതെ പോയതാണ് താരത്തിന് വിനയായത് എന്നും സോഷ്യൽ മീഡി‍യ. ലോകകപ്പ് നേടാൻ കഴിയാത്തതിന്റെ വിഷമം മറയ്ക്കാനാണോ ഇത്തരം പോസ്റ്റുകളെന്ന് ചോദിച്ച് വലിയൊരു വിഭാഗം ആരാധകർ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ മുറുകുകയാണ്.

Tags:    
News Summary - Ronaldo Faces Backlash for Euro 2016 Post Following World Cup Exit; Claim that Euro Win Equals World Cup Sparks Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.