ലോകകപ്പിനെ വരവേൽക്കാനൊരുങ്ങിയ സൂഖ് വാഖിഫ്
ദോഹ: നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് നവംബർ ഒന്നു മുതൽ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കും. കാൽപന്തുകളിയുടെ വിശ്വമേളക്ക് നവംബർ 20ന് കിക്കോഫ് കുറിക്കാനിരിക്കെ, സൂഖ് വാഖിഫിലെ റസ്റ്റാറൻറുകളും കഫേകളും ടൂർണമെൻറ് ആഘോഷിക്കുന്നതിനായി അനുയോജ്യമായ യൂനിഫോമുകൾക്കൊപ്പം തങ്ങളുടെ ഭക്ഷണ-പാനീയ മെനുകളും വിപുലീകരിച്ചിരിക്കുകയാണ്.
ലോകകപ്പിനെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിനായി തങ്ങളുടെ സാധനങ്ങളുടെയും തൊഴിലാളികളുടെയും അളവും എണ്ണവും വർധിപ്പിച്ച് സജ്ജമാണെന്ന് സൂഖിലെ റസ്റ്റാറൻറ് മാനേജർമാരെയും ഉടമകളെയും ഉദ്ധരിച്ച് പ്രാദേശിക അറബി ദിനപത്രമായ അൽ ശർഖ് റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ഫുട്ബാളും ശൈത്യകാലവും ഒരുമിച്ചെത്തുമ്പോൾ ഖത്തറിന്റെ തനത് സൗന്ദര്യത്തിനും തെളിഞ്ഞ സാംസ്കാരിക പൈതൃകത്തിനും
പേരുകേട്ട സൂഖ് വാഖിഫിലേക്ക് സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നും ഉടമകൾ പറയുന്നു.അതേസമയം, മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനെത്തുന്ന ആരാധകരെ സൂഖിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും ചില സ്ഥാപനങ്ങൾ അധികം സാധന സാമഗ്രികൾ ശേഖരിക്കാനാരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.