അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന റ​ബീ​ഹി​ന്റെ ബൈ​ക്ക്. (ഇൻസൈറ്റിൽ ജംഷീർ, മുഹമ്മദ് ഷിബിൽ)

മലപ്പുറം: കാത്തിരുന്ന ഐ.എസ്.എൽ ആവേശ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് ഫുട്ബാൾ ആരാധകർ അപകടത്തിൽ മരിച്ചത് നാടിന്‍റെ നൊമ്പരമായി. കേരള ബ്ലാസ്റ്റേഴ്സും ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുമെല്ലാം ആരാധകരുടെ മരണത്തിൽ അനുശോചനമറിയിച്ചെത്തി.

മരിച്ച മുഹമ്മദ് ഷിബിൽ ഹൈദരാബാദ് എഫ്.സി താരം റബീഹിന്‍റെ പിതൃസഹോദര പുത്രനും ജംഷീർ കൂട്ടുകാരനുമാണ്. നാട്ടുകാരായ അഞ്ച്പേർ കാറിലും ഗോവയിലേക്ക് പുറപ്പെട്ടിരുന്നു. രാവിലെ കൂട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞതെന്ന് റബീഹ് 'മാധ്യമ'ത്തോട് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും തന്‍റെ ടീമായ ഹൈദരാബാദും ഫൈനലിലെത്തിയതോടെ കൂട്ടുകാരും നാട്ടുകാരും വലിയ ആവേശത്തിലായിരുന്നു. ഗോവയിലേക്ക് വരാൻ അതിയായ ആഗ്രഹമുണ്ടായിരുന്നതിനാൽ താൻ തന്നെയാണ് അവർക്ക് ടിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നും വിധി ഇങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റബീഹ് പറഞ്ഞു. ഇനി കളിക്കാനും കളി കാണാനുമുള്ള മാനസികാവസ്ഥയില്ല. ഉടനെ നാട്ടിലേക്ക് തിരിക്കാനാണ് ശ്രമിക്കുന്നത്. ഞായറാഴ്ച വിമാനം ലഭിക്കാത്തതിനാൽ തിങ്കളാഴ്ച വീട്ടിലെത്താനാണ് ശ്രമമെന്നും റബീഹ് പറഞ്ഞു.

റബീഹിന്‍റെ നാടായ ഒതുക്കുങ്ങൽ ചെറുകുന്നിലെ കല്യാണ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് വലിയ സന്തോഷത്തോടെയാണ് സംഘം ഐ.എസ്.എൽ ഫൈനൽ കാണാൻ യാത്ര തിരിച്ചത്. എന്നാൽ കാസർകോട് വെച്ച് ഷിബിലും ജംഷീറും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. മരിച്ചവർ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ഹൈദരാബാദ് താരം അബ്ദുൽ റബീഹിന്‍റേതാണ്. ഷിബിൽ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നാട്ടിലെ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ഏറെ സന്തോഷത്തോടെയാണ് ഷിബിലും സംഘവും ഗോവക്ക് പോയതെന്നും അപ്രതീക്ഷിത വാർത്തയാണ് രാവിലെ കേട്ടതെന്നും റബീഹിന്‍റെ മൂത്ത സഹോദരൻ അബ്ദുൽ റംഷീഖ് പറഞ്ഞു.

Tags:    
News Summary - Shibil and Jamsheer were the favorites of the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.