പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ലാറ്റിനമേരിക്കന്‍ താരം ആര്?

ലോകോത്തര താരമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിളങ്ങാന്‍ പ്രത്യേക വൈഭവം തന്നെ വേണം. ബ്രസീലിന്റെ റോബീഞ്ഞോയും അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിയയുമൊക്കെ പ്രീമിയര്‍ ലീഗിന്റെ വേഗതക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ മടങ്ങിയവരാണ്.

പൊതുവെ ലാറ്റിനമേരിക്കന്‍ താരങ്ങളുടെ താളത്തിന് അനുയോജ്യമല്ല പ്രീമിയര്‍ ലീഗ്. എങ്കിലും, വെല്ലുവിളികളെ അതിജീവിച്ച് പ്രീമിയര്‍ ലീഗില്‍ വിസ്മയം സൃഷ്ടിച്ച ലാറ്റിനമേരിക്കാരുണ്ട്. ലൂയിസ് സുവാരസ്, ഫെര്‍നാണ്ടീഞ്ഞോ, കാര്‍ലോസ് ടെവസ്, അലിസന്‍, എഡേഴ്‌സന്‍, ഗില്‍ബിര്‍ട്ടോ സില്‍വ, അലക്‌സിസ് സാഞ്ചസ്, ആന്റണി വലന്‍സിയ, സെര്‍ജിയോ അഗ്യുറോ ഇങ്ങനെ ആ പട്ടിക സമ്പന്നമാണ്.

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ലാറ്റിനമേരിക്കന്‍ താരം ആരെന്ന സംവാദം ഉണ്ടായി. അതില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനന്‍ഡ് തെരഞ്ഞെടുത്തത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന അര്‍ജന്റീനക്കാരന്‍ സെര്‍ജിയോ അഗ്യറോയെയാണ്.

നമ്പര്‍ വണ്‍ ആരെന്ന് സംശയിക്കേണ്ടതില്ല, സെര്‍ജിയോഅഗ്യുറോയാണ്- ഫെര്‍ഡിനന്‍ഡ് ട്വീറ്റ് ചെയ്തു. 2021 ല്‍ അഗ്യുറോ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടത് പന്ത്രണ്ട് ട്രോഫി വിജയങ്ങളില്‍ പങ്കാളിയായിട്ടാണ്. അഞ്ച് തവണ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടു. 389 മത്സരങ്ങളില്‍ നിന്നായി 260 ഗോളുകളും 73 അസിസ്റ്റുകളുമായി അഗ്യുറോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായി. 2021 ല്‍ സിറ്റി വിട്ട് ബാഴ്‌സയിലെത്തിയ അഗ്യുറോക്ക് ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു.

സ്‌പെയ്‌നില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗോളടിച്ച് കൂട്ടിയിട്ടാണ് അഗ്യുറോ സിറ്റിയിലേക്ക് വരുന്നത്. അത്‌ലറ്റിക്കോയില്‍ 234 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകളും 45 അസിസ്റ്റുകളുമാണ് അര്‍ജന്റൈന്‍ സ്‌ട്രൈക്കറുടെ റെക്കോര്‍ഡ്.

Tags:    
News Summary - Sergio Agüero is worlds best player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.