മണിപ്പൂർ താരങ്ങളുടെ ഗോൾശ്രമം ഒഡിഷ ഗോളി ചിൻമയ ശേഖർ ബെഹറ തടയുന്നു

സന്തോഷ് ട്രോഫി: മണിപ്പൂരിനെ വീഴ്ത്തി ഒഡിഷ

മഞ്ചേരി: നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചെത്തിയ മണിപ്പൂരിനെ പൂട്ടിക്കെട്ടി ഒഡിഷ. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡിഷ മണിപ്പൂരിനെ തറപറ്റിച്ചത്. 37ാം മിനിറ്റിൽ കാർത്തിക് ഹന്തൽ ആണ് വിജയഗോൾ നേടിയത്. ഇതോടെ ബി ഗ്രൂപ്പിൽ നാല് പോയന്‍റുമായി ഒഡിഷ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കർണാടകയുമായി 3-3 എന്ന സ്കോറിൽ സമനില പാലിച്ചിരുന്നു.

ആദ്യം മുതൽ തന്നെ ഒഡിഷയുടെ മേധാവിത്വമായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ ആദ്യ കോർണർ നേടി. തൊട്ടുപിന്നാലെ മണിപ്പൂർ ക്യാപ്റ്റൻ അരുൺകുമാർ സിങ് വരുത്തിയ പിഴവിൽനിന്ന് ഒഡിഷക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 12ാം മിനിറ്റിൽ ഹന്തലിന് തുറന്ന അവസരം ലഭിച്ചെങ്കിലും പുറത്തേക്കടിച്ചു. 17ാം മിനിറ്റിൽ സമാന രീതിയിൽ വീണ്ടും അവസരം തുറന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എന്നാൽ, നേരത്തേ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് താരം പ്രായശ്ചിത്തം ചെയ്തു. 37ാം മിനിറ്റിൽ മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി ഹന്തൽ നടത്തിയ മുന്നേറ്റം മണിപ്പൂർ വല കുലുക്കി. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഹന്തൽ പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് പന്ത് തട്ടിവിടുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച മണിപ്പൂർ തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയിൽ കളം പിടിക്കാൻ രണ്ട് മാറ്റങ്ങളുമായാണ് മണിപ്പൂർ തിരിച്ചിറങ്ങിയത്. 47ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബെദീൻപാർ മൊയോൺ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയിൽ വീണു. കേരളത്തിന്‍റെ മത്സരമല്ലാത്തതിനാൽ പയ്യനാട് ഗാലറിയിൽ ആരവങ്ങൾ ഒഴിഞ്ഞു നിന്നു. 1216 പേർ മാത്രമാണ് കളി കാണാനെത്തിയത്.

Tags:    
News Summary - Santosh Trophy: Odisha beat Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.