മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ ഒഡിഷക്കെതിരായ ആദ്യ മത്സരത്തിന്‍റെ 34ാം മിനിറ്റിൽ കർണാടകയുടെ ഗോൾ. സ്കോർ ചെയ്ത താരത്തിന്‍റെ പേര് മൈക്ക് പോയന്‍റിലിരുന്ന് അനൗൺസ് ചെയ്യുമ്പോൾ കെ. മൻസൂർ അലിയുടെ ഉള്ളിൽ സന്തോഷ തിരയിളക്കം. സ്വന്തം ശിഷ്യൻ ബാവു നിഷാദാണ് ഗോൾ നേടിയത്. ഒരു പരിശീലകനെ സംബന്ധിച്ച് അഭിമാനത്താൽ വാക്കുകൾ മുറിഞ്ഞുപോവുന്ന നിമിഷം. ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസിലെ കായികാധ്യാപകനും ഫുട്ബാൾ കോച്ചുമാണ് മൻസൂർ. കേരള മിഡ്ഫീൽഡർ പി.എൻ. നൗഫലും 2018 വരെ ഇവിടത്തെ താരവും വിദ്യാർഥിയുമായിരുന്നു. കേരളം -കർണാടക സെമി ഫൈനൽ മത്സരം അനൗൺസ് ചെയ്യാനും മൻസൂറിനോട് സംഘാടകർ നിർദേശിച്ചിട്ടുണ്ട്.
എട്ട് മുതൽ പ്ലസ് ടു വരെ ചേലേമ്പ്ര സ്കൂളിലെ ഫുട്ബാൾ ഹോസ്റ്റലിലായിരുന്നു നൗഫൽ. അണ്ടർ 14 സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്തു. വിങ്ങിൽ കേരളത്തിന്‍റെ തുറുപ്പുശീട്ട്. ഗ്രൂപ് റൗണ്ടിൽ ഗോളും സ്കോർ ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നൗഫൽ സ്കൂൾ കാലത്തിനു ശേഷം ദുബൈ യുനൈറ്റഡ് എഫ്.സിയിലായിരുന്നു. 2017ലാണ് ബാവു ചേലേമ്പ്ര സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായെത്തുന്നത്. അണ്ടർ 17 സുബ്രതോ കപ്പ് സെമി ഫൈനലിലെത്തിയ കേരള ടീമിനെ നയിച്ചു. ദേശീയ ജൂനിയർ നാഷനൽസും കളിച്ചു. ഇപ്പോൾ മംഗലാപുരം യെനെപോയ സർവകലാശാലയിൽ ബിരുദ വിദ്യാർഥിയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ ബാവു. 2006 മുതൽ ചേലേമ്പ്ര സ്കൂളിലെ കായികാധ്യാപകനാണ് മൻസൂർ. മലപ്പുറം മൊറയൂരാണ് സ്വദേശം. ജില്ല സീനിയർ ഫുട്ബാൾ താരമായിരുന്നു. ജില്ല സബ് ജൂനിയർ, സീനിയർ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.