കപ്പിലും ചുണ്ടിലും കേരളം; മലപ്പുറത്തിന്റെ മണ്ണിൽ ഏഴാം കിരീടം

മഞ്ചേരി:പയ്യനാട് സ്റ്റേഡിയത്തെ ഇളക്കിമറിച്ച മുപ്പതിനാായിരത്തോളം കാണികളെയും സമൂഹമാധ്യമങ്ങളിലൂടെ കളികണ്ട ലക്ഷങ്ങളെയും ആവേശത്തേരിലേറ്റി സന്തോഷ് ട്രോഫിയിൽ കേരളത്തിൻറെ ഏഴാം ചുംബനം. കൈവിട്ട് പോയെന്ന് കരുതിയിടത്ത് നിന്ന് ആതിഥേയരെ തിരിച്ചുകൊണ്ടുവന്ന താരങ്ങൾ കേരളത്തിന് നൽകിയത് പെരുന്നാൾ സമ്മാനം. അധികസമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളിയിൽ ബംഗാളിനെ തോൽപ്പിച്ചാണ് കിരീടം. നിശ്ചിതസമയം മത്സരം ഗോൾ രഹിതസമനിലയിലായിരുന്നു.105ാം മിനിറ്റിൽ ദിലീപ് ഒറോണിലൂടെ ബംഗാൾ മുന്നിലെത്തി. തുടരെ ലഭിച്ച അവസരങ്ങൾ പാഴായതോടെ തോൽവിമുന്നിൽക്കണ്ട കേരളത്തെ 116ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ പകരക്കാരൻ മുഹമ്മദ് സഫ്നാദ് കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. അധികസമയത്ത് കളി 1-1ന് അവസാനിച്ചപ്പോൾ ചരിത്രത്തിൻറ തനിയാവർത്തനമെന്നോണം കേരളം-ബംഗാൾ ഫൈനൽ ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ബംഗാൾ താരം സജൽ ബാഗിൻറെ കിക്ക് പുറത്തേക്ക് പോയതാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിനിടെ ഗോൾ കീപ്പർമാരായ മിഥുനെയും പ്രിയന്ത് കുമാറിനെയും ഇരു ടീമും മാറ്റി യഥാക്രമം രണ്ടാം കീപ്പർമാരായ ഹജ്മലിനെയും രാജബുർമാനെയും ഇറക്കി. 5-4നായിരുന്നു കേരളത്തിൻറെ ജയം. 2018ലാണ് കേരളം ഒടുവിൽ കിരീടം നേടിയത്. കൊൽക്കത്തയിൽ ബംഗാളിനെ തോൽപ്പിച്ചതും ഷൂട്ടൗട്ടിൽത്തന്നെ.

രണ്ടാം പകുതിയിൽ കൂടുതൽ സമയത്തും കളി നിയന്ത്രിച്ചിരുന്നത് കേരളമായിരുന്നു. നിരവധി അതുഗ്രൻ ഗോളവസരങ്ങൾ കേരളത്തി​ന് ലഭിക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യം കൊണ്ട് അവയൊന്നും ഗോളായില്ല. മത്സരത്തിന്റെ ഇൻജുറി ടൈമിൽ ലഭിച്ച അവസരം കേരളം പാഴാക്കുക കൂടി ചെയ്തതോടെ സന്തോഷ് ട്രോഫി ഫൈനൽ അധികസമയത്തേക്ക് നീണ്ടു.

മത്സരത്തിന്റെ ആദ്യ പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. ബംഗാളും കേരളവും നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തുവെങ്കിലും വലകുലുക്കാനായില്ല.

മത്സരത്തിന്റെ ആദ്യനിമിഷങ്ങളിൽ ബംഗാളിനായിരുന്നു മേൽക്കൈയെങ്കിലും പിന്നീട് കേരളം പതിയെ താളം വീണ്ടെടുത്തു. 18 മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചുവെങ്കിലും ജിജോ ജോസഫിന്റെ ഷോട്ട് ബംഗാൾ ഗോൾകീപ്പറുടെ കൈയിലൊതുങ്ങി. 32ാം മിനിറ്റിലും മികച്ച ഗോളവസരം കേരളം നഷ്ടപ്പെടുത്തി. 37ാം മിനിറ്റിൽ ബംഗാളിന്റെ ഉഗ്രൻ ഷോട്ട് കേരള ഗോൾകീപ്പർ മിഥുൻ സേവ് ചെയ്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച മികച്ച അവസരവും ബംഗാൾ പാഴാക്കി.

കഴിഞ്ഞ മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ജെസിനെ ഇത്തവണയും കേരളം ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് വിഘ്നേഷിനെ പിൻവലിച്ചാണ് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കിയത്. 

Tags:    
News Summary - Santosh Trophy: First half goalless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.