തിരൂർ: സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്താൻ നഗരസഭ സൗകര്യം ഒരുക്കുമെന്നും തിരൂർ സ്റ്റേഡിയം മറ്റൊരു ഏജൻസിക്കും കൈമാറാൻ ഭരണസമിതി തയാറല്ലെന്നും ചെയർപേഴ്സൻ എ.പി. നസീമ, വൈസ് ചെയർമാൻ പി. രാമൻകുട്ടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സലാം മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യഥാർഥ വസ്തുതകൾ മറച്ച് വെച്ച് പൊതുജനങ്ങളെയും കായികപ്രേമികളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. മുനിസിപ്പൽ സ്റ്റേഡിയം സംബന്ധിച്ച് നഗരസഭ ഒന്നും അറിയിച്ചില്ലെന്ന കായികമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്. നഗരസഭക്ക് പോലും ഇടപെടാൻ പറ്റാത്ത തരത്തിൽ സ്പോർട്സ് കൗൺസിലിനെ പോലെയുള്ള മറ്റൊരു ഏജൻസിക്ക് സ്റ്റേഡിയം പൂർണമായി വിട്ടുനൽകണമെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല.
സന്തോഷ് ട്രോഫി മത്സരം നടത്തുന്നതിന് പരിശോധനക്കെത്തിയ സംഘത്തോട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ തയാറാണെന്ന് അറിയിച്ചതാണ്. പക്ഷേ, മത്സരം നടത്തുന്നത് സംബന്ധിച്ച ഒരു അറിയിപ്പും നഗരസഭക്ക് നൽകിയിട്ടില്ല.
സന്തോഷ് ട്രോഫി മത്സരം തിരൂരിൽ നടത്താൻ തയാറായാൽ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കും. നഗരസഭയുടെ ഈ താൽപര്യം മറച്ചുവെച്ച് പൊതുജനങ്ങളെയും കായികപ്രേമികളെയും തെറ്റിദ്ധരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
അതേസമയം, തിരൂർ നഗരസഭ സ്റ്റേഡിയം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കാമെന്ന കായികമന്ത്രി വി. അബ്ദുറഹ്മാെൻറ നിർദേശം സ്വീകരിക്കാത്ത നഗരസഭ ഭരണസമിതിയുടെ രാഷ്ട്രീയ പിടിവാശി കാരണമാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ തിരൂരിന് നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് തിരൂർ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ് ആരോപിച്ചു.
നഗരസഭ സ്റ്റേഡിയം കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കാമെന്നും സന്തോഷ് ട്രോഫി മത്സരത്തിെൻറ വേദികളിലൊന്നാക്കാമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ നഗരസഭ അധികൃതരെ അറിയിച്ചിരുന്നു.എന്നാൽ, നടപടികളൊന്നും സ്വീകരിക്കാതെ നഗരസഭ സ്വീകരിച്ച പിടിവാശി കാരണമാണ് വേദി നഷ്ടപ്പെട്ടതെന്നും അഡ്വ. എസ്. ഗിരീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.