ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ തകർപ്പൻ ജയം നേടിയതിന്റെ ആവേശത്തിൽ രണ്ടാമത്തെ കളിക്കിറങ്ങിയ കേരളത്തെ റെയിൽവേസ് തളച്ചു. ഇരു ടീമും ഓരോ ഗോൾ വീതമാണ് നേടിയത്. 37ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ലീഡ് പിടിച്ച കേരളത്തിനെതിരെ റെയിൽവേസിന്റെ മലയാളി താരം പി.കെ. ഫസീൻ 80ാം മിനിറ്റിൽ വലകുലുക്കി. ഗ്രൂപ് ‘ബി’യിൽ ഇന്നലെ നടന്ന മറ്റു രണ്ട് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതോടെ കേരളം (4) പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
സിലാപത്തർ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യ പകുതിയിൽ ഗോളിനായി ഇരു ടീമും കിണഞ്ഞുശ്രമിച്ചു. ആക്രമണത്തിൽ മുന്നിൽ കേരളമായിരുന്നു. 37ാം മിനിറ്റിൽ ക്രോസ് തടയാൻ താരം സോയിഭം അഭിനാഷ് സിങ് ശ്രമിച്ചത് സ്വന്തം വലയിലേക്ക്. സെൽഫ് ഗോളിൽ കേരളം വിജയത്തിലേക്ക് നീങ്ങവെയാണ് റെയിൽവേസിന്റെ പകരക്കാരൻ മിന്നലാവുന്നത്. പ്രഭിക് ഗിസിങ്ങിന്റെ കോർണർ കിക്കിൽ മലപ്പുറം അരീക്കോട് സ്വദേശിയായ ഫസീനിന്റെ ഹെഡർ.
ക്വാർട്ടർ ഫൈനൽ പ്രതീക്ഷ തുടർന്ന കേരളത്തിന്റെ അടുത്ത മത്സരം തിങ്കളാഴ്ച ഒഡിഷക്കെതിരെ നടക്കും.
അതേസമയം, മേഘാലയ-പഞ്ചാബ് മത്സരം ആവേശകരമായ സമനിലയിൽ കലാശിച്ചു. ഇരു ടീമും മൂന്ന് ഗോൾ വീതം നേടി. 60 മുതൽ 81 വരെ മിനിറ്റുകളിൽ അഞ്ച് ഗോളുകളാണ് പിറന്നത്. സർവിസസിനെ ഒഡിഷ ഗോൾരഹിത സമനിലയിലും തളച്ചു. മേഘാലയ (4), റെയിൽവേസ് (2), സർവിസസ് (2), ഒഡിഷ (1), പഞ്ചാബ് (1) എന്നിങ്ങനെയാണ് പോയന്റ് പട്ടികയിൽ രണ്ട് മുതൽ ആറ് വരെ സ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.