ബ്രഹ്മാനന്ദ്, സാവിയോ മെദീര തുടങ്ങിയ താരങ്ങളടങ്ങിയ സാൽഗോക്കർ ലെജന്റ്സ് ടീം
വാസ്കോ: ബ്രഹ്മാനന്ദ്, സാവിയോ മെദീര, ഡെറിക് പെരേര, ബ്രൂണോ കുടീന്യോ, എസ്. വെങ്കിടേഷ്, റോയ് ബാരറ്റോ, ലിസ്റ്റൺ കൊളാസോ.... കാൽപന്തുകളിയിൽ വിസ്മയം തീർത്ത ഈ പ്രതിഭാധനന്മാരുടെ കളിത്തട്ടായ സാൽഗോക്കർ ഗോവ എഫ്.സി ക്ലബ് ‘ബൂട്ടഴിക്കുന്നു’. ഇന്ത്യക്കകത്തും പുറത്തും കളിപ്രേമികളുടെ ഹൃദയം കവർന്ന ഗോവൻ സംഘം ഇനി ഓർമ മാത്രം. സീനിയർ ടീമിന്റെയും അണ്ടർ 18, അണ്ടർ 20 ടീമുകളുടെയും കളി ഇനി കാണാനാവില്ലെന്ന് ചുരുക്കം. ഗോവ പ്രോ ലീഗിൽ പങ്കെടുക്കാൻ സാൽഗോക്കർ സീനിയർ ടീമിനെ അയക്കുന്നില്ലെന്ന് ഗോവ ഫുട്ബാൾ അസോസിയേഷനെ (ജി.എഫ്.എ) കഴിഞ്ഞ ദിവസം അറിയിച്ചു. ഇക്കാര്യം ക്ലബ് അധികൃതരും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അണ്ടർ 13, അണ്ടർ 15 ടീമുകൾക്ക് വേണ്ടിയുള്ള എൻട്രി ഫോറം മാത്രമാണ് സാൽഗോക്കർ ജി.എഫ്.എക്ക് അയച്ചത്. എൻട്രി ഫോറം ലഭിക്കാത്തതിനാൽ ഗോവ പ്രോ ലീഗിലും മറ്റ് മത്സരങ്ങളിലും സാൽഗോക്കർ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പായതായി അസോസിയേഷൻ അധികൃതരും വ്യക്തമാക്കി. ഭാവി താരങ്ങളെ വാർത്തെടുക്കാനാണ് ക്ലബ് ഉദ്ദേശിക്കുന്നത്. പത്ത് വയസ്സിൽ താഴയുള്ള കുട്ടികൾക്കായുള്ള പരിശീലന പദ്ധതികൾ തുടരുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. കമ്യൂണിറ്റി ഔട്ട്റീച്ച് പദ്ധതിയിലൂടെ നിരവധി കുട്ടികളെയാണ് ക്ലബ് കഴിഞ്ഞ പത്തു വർഷമായി വളർത്തിയെടുക്കുന്നത്. ഐ.എസ്.എല്ലിനെ രാജ്യത്തെ ഒന്നാം ഡിവിഷനാക്കിയതിൽ പ്രതിഷേധിച്ച് സാൽഗോക്കർ കഴിഞ്ഞ അഞ്ച് സീസണിലും ഐ ലീഗിൽ കളിച്ചിരുന്നില്ല. അതേസമയം, ഗോവൻ ലീഗിൽ ക്ലബ് സജീവമായി പങ്കെടുത്തിരുന്നു.
വല നിറയെ ഓർമകൾ
1956ലാണ് വാസ്കോയിൽ സാൽഗോക്കർ ഗോവ എന്ന കളിസംഘത്തിന്റെ തുടക്കം. വി.എം. സാൽഗോക്കർ കമ്പനിയായിരുന്നു ഉടമകൾ. വാസ്കോ ഇലവൻ എന്ന ടീമിനെ ആദ്യം വിംസൺ എന്ന പേരിൽ സാൽഗോക്കർ ഉടമ വിനോദ് കളത്തിലിറക്കുകയായിരുന്നു. പിന്നീട് സാൽഗോക്കറായി പേര് മാറി. ഗോവൻ വിമോചന സമരത്തിനു ശേഷമാണ് ക്ലബിന് ഇന്ത്യയിൽ അംഗീകാരം കിട്ടിയത്. 21 ഗോവ ലീഗ് ചാമ്പ്യൻഷിപ്പുകൾ, നാല് ഫെഡറേഷൻ കപ്പുകൾ, മൂന്ന് വീതം ഡ്യൂറൻഡ് കപ്പും റോവേഴ്സ് കപ്പും രണ്ട് പഴയ ഇന്ത്യൻ സൂപ്പർ കപ്പും ടീം സ്വന്തമാക്കി. 1999ലെ നാഷനൽ ഫുട്ബാൾ ലീഗും സാൽഗോക്കർ നേടിയിട്ടുണ്ട്. 2010 ഐ ലീഗിലും ജേതാക്കളായി. ദേശീയ ലീഗ് നേടിയ ആദ്യ ഗോവൻ ടീമുമാണ്. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ട്രോഫിയടക്കം മുൻകാലത്തെ പ്രമുഖ ടൂർണമെന്റുകളിലും സാൽഗോക്കർ കിരീടം നേടി. 1988ലായിരുന്നു നാഗ്ജി കിരീടം. ’85ലും ’89ലും റണ്ണേഴ്സപ്പായിരുന്നു.
ഗോവ സൂപ്പർ ഡിവിഷൻ, ഫെഡറേഷൻ കപ്പ്, ഗോവ പ്രഫഷനൽ ലീഗ്, ഡ്യൂറൻഡ് കപ്പ്, പഴയ ഇന്ത്യൻ സൂപ്പർ കപ്പ് എന്നിവ നേടിയ ആദ്യ ഗോവൻ ക്ലബ് കൂടിയാണിത്. ഗോവൻ വിമോചന സമരത്തിനുശേഷം ഡൽഹിയിൽ ഡ്യൂറൻഡ് കപ്പ് കളിക്കാൻ പോയ ടീമിനെ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ആദ്യമായാണ് ഒരു ഗോവൻ ടീം ഡ്യൂറൻഡ് കപ്പിൽ കളിച്ചത്. സന്തോഷ് ട്രോഫിയിലും ഗോവൻ ടീമിൽ സാൽഗോക്കർ താരങ്ങൾ നിറഞ്ഞുനിന്നിരുന്നു. 1964ൽ ആദ്യമായി ഗോവ സന്തോഷ് ട്രോഫി കളിക്കുമ്പോൾ ഒമ്പത് സാൽഗോക്കർ താരങ്ങളായിരുന്നു ടീമിലുണ്ടായിരുന്നത്. എ.എഫ്.സി കപ്പിലും ഏഷ്യൻ വിന്നേഴ്സ് കപ്പിലും ഒരു തവണയും ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ രണ്ട് തവണയും ടീം ബൂട്ടുകെട്ടി.
ഹൃദയഭേദകം-
ബ്രഹ്മാനന്ദ്
17 വർഷം ഗോൾവല കാത്ത തന്റെ ടീം ഇനിയില്ലെന്നത് ഏറ്റവും സങ്കടകരമായ വാർത്തയാണെന്ന് മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ എസ്. ബ്രഹ്മാനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. സാൽഗോക്കർ സീനിയർ ടീം ഇനി കളത്തിലിറങ്ങില്ല. ഉടമകളുടെ തീരുമാനമാണത്. തനിക്ക് കൂടുതൽ പ്രതികരിക്കാൻ കഴിയില്ല. എന്നാലും ഹൃദയഭേദകമായ നിമിഷമാണിതെന്ന് സാൽഗോക്കറിനെ നിരവധി വർഷം നയിച്ച ഗോൾകീപ്പർ പറഞ്ഞു. തനിക്ക് മാത്രമല്ല, മുൻ താരങ്ങൾക്കെല്ലാം സങ്കടം സഹിക്കാനാവുന്നില്ല. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ എല്ലാ പഴയ താരങ്ങൾക്കും ഇതേ അഭിപ്രായമാണ്. കോഴിക്കോട്ടടക്കം സാൽഗോക്കറിനായി കളിച്ച നിമിഷങ്ങൾ മറക്കാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം അനുസ്മരിച്ചു. ’88ൽ നാഗ്ജി ട്രോഫിയിൽ കിരീടം നേടിയത് സാൽഗോക്കർ ജഴ്സിയിലായിരുന്നു. രണ്ട് തവണ ഫെഡറേഷൻ കപ്പടക്കം നിരവധി ട്രോഫികൾ ബ്രഹ്മാനന്ദിന്റെ കാലത്ത് സാൽഗോക്കറിന്റെ ഷോക്കെയ്സിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.